Thursday, 19 April 2018

ബറാഅത്ത് രാവും മൂന്ന് യാസീനും




       മൂന്ന് യാസീൻ

   യാസീന്‍ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ ഹൃദയമാണ്. നിരവധി ഹദീസുകളില്‍ യാസീന്‍ സൂറത്തിന്‍റെ മഹത്വം വിവരിച്ചിട്ടുണ്ട്...

   നബി (സ്വ) പറഞ്ഞു: അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീന്‍ സൂറത്ത് ഒരാള്‍ പാരായണം ചെയ്‌താല്‍ ഇരുപത്തി രണ്ടു തവണ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് ...
(തഫ്സീര്‍ ബൈളാവി 2/228)

   ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി (റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും, രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും, മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം...
 (ഇത്ഹാഫ് 3/427)

   ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി (റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി (റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്...

 സൂറത്തുദ്ദുഖാൻ

    ദുഖാന്‍ സൂറത്ത് ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി (സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം...

   പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും, നബി (സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല...

    ഇമാം സര്‍ജി (റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറത്തിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി (സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും ...
(കന്‍സുന്നജാഹ്)

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...