ഉമ്മ.....
മാതാവിന് മക്കളോടുള്ള സ്‌നേഹത്തെ ഇസ്‌ലാം പരമോന്നതവും പവിത്രവുമായി ഗണിക്കുന്നു. സ്‌നേഹം എന്ന മാനുഷിക വികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് മാതാവിന് കുഞ്ഞിനോടുള്ള സ്‌നേഹം എന്നുള്ളതുകൊണ്ടാകാം ഇസ്‌ലാം ഈ വൈകാരിക മനോഭാവത്തെ കൂടുതല്‍ അടുത്തറിയുന്നത്. ഒരിക്കല്‍ തിരുമേനി (ﷺ) അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ് ...
അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹം ഒരു മാതാവിന് അതിന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തേക്കാള്‍ വളരെ വലുതാണ്. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹത്തിന്റെ തോതും വ്യാപ്തിയും മനസ്സിലാക്കാന്‍ താരതമ്യമെന്ന നിലക്ക് അവന്‍ പരിഗണിച്ചത് കുഞ്ഞിനോടുള്ള മാതൃസ്‌നേഹത്തെയാണ്.
ഇസ്‌ലാമില്‍ സ്ത്രീ പുരുഷ വിവേചനമില്ല. ഇരുകൂട്ടരുടെയും മാനസിക - ശാരീരിക സവിശേഷതകള്‍ പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം അവര്‍ക്ക് സമൂഹത്തില്‍ വ്യതിരിക്തമായ ഇടം നിശ്ചയിച്ചിരിക്കുന്നത്...
മനുഷ്യവംശത്തിന്റെ നിലനില്‍പിനുതകുന്ന പ്രസവം എന്ന ധര്‍മം സ്ത്രീക്കാണ് നല്‍കിയത്. കുഞ്ഞിനെ പ്രസവിക്കുന്ന മാതാവിന് അതിനോട് തോന്നുന്ന വാത്സല്യവികാരങ്ങള്‍ക്ക് തുല്യമായ മറ്റൊരു വികാരപ്രകടനങ്ങളുമില്ല. സ്ത്രീ ഒരു മാതാവ് എന്ന നിലയില്‍ പ്രകടപ്പിക്കുന്ന അത്തരം സ്‌നേഹവികാരങ്ങളെ ഇസ്‌ലാം മറ്റെന്തിനേക്കാളും പരിഗണിക്കുന്നതുകൊണ്ടാണ്...
കുട്ടിയുടെ കരച്ചില്‍ കേട്ട് നമസ്‌ക്കാരത്തിന്റെ ദൈര്‍ഘ്യം കുറക്കാന്‍ തിടുക്കംകാട്ടിയ പ്രവാചകന്‍ (ﷺ) പിന്നീട് അതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. കുഞ്ഞിന്റെ കരച്ചില്‍ മാതാവിന്റെ മനസ്സിനെ വേദനിപ്പിക്കുമെന്ന പ്രാപഞ്ചികസത്യം. കുട്ടിയുടെ വികാരത്തേക്കാള്‍ മാതാവിന്റെ മാനസികാവസ്ഥയെയാണ് ഇസ്‌ലാം ഇവിടെ പരിഗണിക്കുന്നതെന്നു കാണാം. ഉമ്മയുടെ സാന്നിധ്യവും വാത്സല്യവും നല്‍കുന്ന ആശ്വാസം മറ്റാരുടെ സാന്നിധ്യവും കൊണ്ടും പരിലാളനകൊണ്ടും കുട്ടിക്ക് കിട്ടുകയില്ല. മാതാവല്ലാത്തവര്‍ക്ക് കുട്ടിയുടെ കരച്ചില്‍ ഒരുപക്ഷേ, മാറ്റാനായേക്കാം. കുട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള ഭൗതികാവശ്യങ്ങളും പൂര്‍ത്തീകരിച്ചുകൊടുക്കാനായെന്നുവന്നേക്കാം. തന്റെ കുട്ടിയെ ചൊല്ലി ആശങ്കയും വേവലാതിയും ദുഖവുമുണ്ടാകുക മാതൃമനസ്സില്‍ മാത്രമാണ്. തന്നെ സ്‌നേഹപരിലാളനകൊണ്ടുവീര്‍പ്പുമുട്ടിക്കുന്ന മാതാവിനോട് കുട്ടിക്ക് അടുപ്പവും സ്‌നേഹവുമുണ്ടാകും. എന്നാല്‍ അത് മാതാവ് കുഞ്ഞിനോടുപ്രകടിപ്പിക്കുന്ന സ്‌നേഹവാത്സല്യത്തെക്കാള്‍ നന്നെ കുറവായിരിക്കും...
വിശുദ്ധ ഖുര്‍ആനില്‍ സൂറതുല്‍ ഖസ്വസ്വ് അധ്യായത്തില്‍, ശൈശവത്തിലുള്ള മൂസായെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച പരാമര്‍ശത്തില്‍ അല്ലാഹു മാതാവിനെ അത്യധികം താല്‍പര്യത്തോടെ പരിഗണിക്കുന്നതായി കാണാം. സംക്ഷിപ്തമായി പറയാമായിരുന്നിട്ടും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സാമാന്യവിവരണം നല്‍കുകയാണ് അല്ലാഹു. അല്ലാഹു അവര്‍ക്ക് ദിവ്യബോധനത്തിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നത് കാണുക:
‘മൂസായുടെ മാതാവിനു നാം സന്ദേശം നല്‍കി: ‘അവനെ മുലയൂട്ടുക. അഥവാ, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലെറിയുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും.'(അല്‍ഖസ്വസ്വ്-7)
മൂസായുടെ ഉമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് ഖുര്‍ആന്‍ വാചാലമാകുന്നതിങ്ങനെ.
‘മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്. അവള്‍ ആ കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: ‘നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക.’ അങ്ങനെ അവള്‍ അകലെനിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല. ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: ‘നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തി തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും.'(അല്‍ഖസസ് 10-13)
ഒരു മാതൃഹൃദയത്തിന്റെ വൈകാരികാവസ്ഥയെ ഇസ്‌ലാം വളരെ സൂക്ഷ്മമായി പരിഗണിക്കുന്നതു കാണാം ഇവിടെ..
വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മൂസായുടെ ഉമ്മയെയാണ്. പ്രവാചകനാകാന്‍ പോകുന്ന മൂസയുടെ മാതാവ് എന്നതാണ് അവര്‍ ഖുര്‍ആനില്‍ പരാമര്‍ശ വിധേയമാകാന്‍ കാരണം. പക്ഷേ പിന്നീടങ്ങോട്ട് ഒരു പ്രവാചകന്റെ മാതാവ് എന്നതിലുപരി ഒരു കുഞ്ഞിന്റെ മാതാവ് എന്നയര്‍ഥത്തില്‍ മാതൃവ്യാകുലതകളെ കണക്കിലെടുക്കുന്നതായി ഖുര്‍ആന്റെ ആഖ്യാനത്തില്‍നിന്ന് വ്യക്തമാകുന്നു. കുട്ടിയെ നദിയില്‍ ഒഴുക്കിവിടാന്‍ കല്‍പ്പിക്കുമ്പോള്‍ തന്നെ തിരിച്ചുതരുമെന്ന ഉറപ്പുകൂടി കൊടുക്കുന്നത് അതുകൊണ്ടാണ്.
കുട്ടിയെ സംബന്ധിച്ചിടത്തോളം കൊട്ടാരത്തില്‍ മുലയൂട്ടുന്ന നിരവധി സ്ത്രീകളില്‍ ആരുടെ പാലുകുടിച്ചും കുട്ടിക്കു വളരാം. തന്റെ ഉമ്മയെത്തന്നെ വേണമെന്ന മാനസികാവസ്ഥ കുട്ടിക്കുണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ മകനെ നഷ്ടപ്പെട്ട മാതാവിന്റെ ദുഃഖത്തിന് പരിഹാരം ആ മകനെ തിരികെ ലഭിക്കുക എന്നതു മാത്രമാണ്. മൂസാ എന്ന പ്രവാചകനുവേണ്ടിയല്ല അല്ലാഹു മൂസായെ അവരുടെ മാതാവിന്റെ അടുക്കലേക്ക് തിരികെയേല്‍പ്പിക്കുന്നത്, മറിച്ച് കുട്ടിയുടെ മാതാവിനെ പരിഗണിച്ചാണ്. മൂസായുടെ മാതാവിന്റെ കണ്‍കുളിര്‍ക്കുവാന്‍ വേണ്ടിയും അവരുടെ ദുഖം മാറ്റാനും വേണ്ടിയാണ്. ഖുര്‍ആന്‍ മൂസായെന്ന ഒരു പ്രവാചകന്റെ കഥ പറയുമ്പോള്‍, ഇവിടെ അല്‍പ സമയത്തേക്കെങ്കിലും പ്രധാന കഥാപാത്രം മൂസായുടെ ഉമ്മയായി മാറുന്നു. മാതൃസ്‌നേഹമെന്ന വികാരത്തെ അതിന്റെ ഉത്തുംഗതയില്‍ പരിഗണിക്കുന്ന മതമാണ് ഇസ്‌ലാം ...
മക്കള്‍ക്ക് മാതാവിനോടുള്ള സ്‌നേഹം മാതാവിന് മക്കളോടുള്ള സ്‌നേഹത്തോളം വരില്ല എന്നതു കൊണ്ടാണ് തിരുമേനി (ﷺ), അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ ഏറ്റവും അധികം സ്‌നേഹിക്കേണ്ടത് ഉമ്മയെയാണ് എന്നു വിശ്വാസികളോട് പറയുന്നത്. അത് പിതാവിനോടുള്ള സ്‌നേഹത്തേക്കാള്‍ മൂന്നിരട്ടി അധികമായിരിക്കണമെന്നും പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നത് ഉമ്മയുടെ നിസ്തുല സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്നതിനാലാണ് .......
No comments:
Post a Comment