Wednesday, 14 February 2018

അവയവ ദാനം ഇസ്ലാമിൽ




     ... അവയവദാനം
ഇസ്‍ലാമിക കാഴ്ചപ്പാട്....

✍ മനുഷ്യന്റെ സ്തുത്യര്‍ഹമായ സ്വഭാവ ഗുണങ്ങളിലൊന്നാണ് ദാനം. അത് സാമൂഹിക ജീവിതത്തിന്റെ സുദൃഢമായ കെട്ടുറപ്പിന്റെ ഭാഗമായി പരിണമിച്ചതും സര്‍വാംഗീകൃത പ്രതിഭാസമായി നിലനില്‍ക്കുന്നതും സ്വാഭാവികം തന്നെ. എന്നാല്‍ മനുഷ്യന്റെ ഉടമസ്ഥതയില്‍ നിന്നപഹരിച്ചെടുത്ത വസ്തുവിന്റെ ദാനവും സ്വന്തം ശരീരത്തിന്റെ സ്ഥായിയായ നിലനില്‍പിനെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ദാനവും അക്രമവും അപക്വമതികളുടെ സ്വഭാവവുമാകയാല്‍ വിമര്‍ശനാത്മകവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. ദാനം ചെയ്യപ്പെടുന്ന വസ്തുവിന്റെ യഥാര്‍ത്ഥ അവകാശി വ്യത്യസ്തനാകുന്നിടത്താണ് ദാനം സല്‍കര്‍മവും ദുഷ്‌കര്‍മവുമായി വേര്‍തിരിയുന്നതെന്നു സാരം...

🚸ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്യാതനായ കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസു സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി നീക്കിവെക്കാന്‍ ഒസ്യത്ത് ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തദ് പ്രഖ്യാപനം ആവര്‍ത്തിച്ചത് വലിയ കവറേജ് നല്‍കിയാണ് മാധ്യമ ലോബി ആഘോഷിച്ചത്. ഇത്രയധികം പാര്‍ട്ടി പ്രവര്‍ത്തകരില്‍ അല്പമെങ്കിലും മുസ്‌ലിംകളുണ്ടാകുമെന്ന് അനുമാനിക്കുന്നത് അതിശയോക്തി ജനിപ്പിക്കുന്നില്ലയെന്നിരിക്കെ സ്വന്തം ശരീരം ദാനം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിന്നനുസൃതമാണോയെന്ന ചിന്ത പ്രസക്തമാകുന്നുണ്ട്. വിശിഷ്യാ അത്യാവശ്യ ഘട്ടങ്ങളില്‍ സ്വസഹോദരന്റെ രോഗശമനത്തിനു വേണ്ടി ജീവനുള്ള വ്യക്തിയുടെ അവയവങ്ങള്‍ പോലും ദാനം നല്കാമെന്ന് നിസ്സങ്കോചം പ്രഖ്യാപിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്ന സവിശേഷ സാഹചര്യത്തില്‍ യഥാര്‍ത്ഥ കര്‍മശാസ്ത്ര വിശകലനം അനിവാര്യമായിത്തീരുന്നുണ്ട്...

🎓 കണ്ണ്, വൃക്ക, പ്രത്യുല്‍പാദനാവയവം, രക്തം, ശരീരത്തില്‍ അധികമുള്ള അവയവം ആദിയായവയുടെ വ്യാപകമായ കൈമാറ്റങ്ങള്‍ ലക്ഷീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ മുഖ്യധാരാ സമൂഹത്തിന്റെ സ്വീകാര്യത നേടിയെടുക്കുന്നതിനാല്‍ ആദ്യം ഇവയെ ചര്‍ച്ചാ വിധേയമാക്കണം...

*📌 നേത്ര ദാനം ...*

👁 കണ്ണ് രോഗവും കാഴ്ച നഷ്ടവും പൊതുവില്‍ വ്യാപകമായതിനാല്‍ അനിവാര്യമായ രോഗ നിര്‍മാര്‍ജനത്തിന്റെ പേരില്‍ ശസ്തക്രിയകളും നേത്ര കൈമാറ്റങ്ങളും പലരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണ പ്രകാരം കണ്ണിന്റെ പ്രതലത്തെ പൊതിഞ്ഞു നിന്ന് അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്നതിനെ സംരക്ഷിക്കുന്ന, റിഫ്‌ളക്ഷന്‍ വഴി പ്രകാശത്തെ റെറ്റിനയില്‍ പതിപ്പിക്കാന്‍ 65%വും സഹായിക്കുന്ന കോര്‍ണിയയാണ് corneal transplantation/ eye transplantation ശസ്ത്രക്രിയ വഴി മാറ്റിവെക്കപ്പെടുന്നത്. ദാതാവിന്റെ കോര്‍ണിയ മുറിച്ചെടുക്കാനും രോഗിയുടെ കണ്ണില്‍ സ്ഥാപിക്കുവാനും Trephine എന്ന ഉപകരണമാണത്രെ ഉപയോഗിക്കുന്നത്. ഐ ബാങ്ക് അസോഷിയേഷന്‍ ഓഫ് കേരളയുടെ പഠനത്തിലൂടെ ലക്ഷക്കണക്കായ ജനങ്ങള്‍ കോര്‍ണിയ തകരാര്‍ മൂലം കാഴ്ച നഷ്ടപ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ രോഗ ശമനത്തിനാവശ്യമായ ശസ്ത്രക്രിയ ഇസ്‌ലാമികമായിരിക്കുമെന്ന തീരുമാനത്തിലാണ് പലരും...

✍ ദാതാവും സ്വീകര്‍ത്താവും ചെയ്യുന്നത് നിഷിദ്ധമാണെന്നു തന്നെയാണ് കര്‍മശാസ്ത്രത്തിന്റെ പക്ഷം. സ്വയം അവകാശമില്ലാത്ത വസ്തുവാകയാല്‍ മരണ ശേഷം മറ്റൊരാള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യലും അനുവദനീയമല്ല. ‘മറ്റൊരാള്‍ക്ക് വേണ്ടി (ഏറെ പ്രയാസപ്പെട്ടവനാണെങ്കിലും/ അത്യാവശ്യമെന്ന് തോന്നിയാലും) സ്വശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് നല്‍കല്‍ നിഷിദ്ധമാണ്, (അല്ലാഹു നല്‍കിയ) അവയവത്തിന്റെ പൂര്‍ണമായ ശേഷിപ്പ് നഷ്ടപ്പെടുന്നു എന്നതാണ് കാരണം. ഈ ദാനം ഒരു നബിക്ക് വേണ്ടിയാണെങ്കില്‍ നിര്‍ബന്ധമാണ്. (ഇസ്‌ലാമിന്റെ ശത്രുവെന്ന് വിധിക്കപ്പെട്ട, യുദ്ധം നിര്‍ബന്ധമായ) ഹര്‍ബിയ്യായ കാഫിര്‍, ഇസ്‌ലാമില്‍ നിന്ന് കുഫ്‌രിയ്യത്തിലേക്ക് പോയ മുര്‍തദ്ദ്, വിവാഹിതനായ വ്യഭിചാരി, നിസ്‌കാരം ഉപേക്ഷിച്ചവന്‍(മുഹാരിബ്) തുടങ്ങി ഇസ്‌ലാം ജീവന് വിലകല്‍പിക്കാത്ത (മഅസൂമല്ലാത്ത) വരുടെ ശരീരാവയവങ്ങള്‍ ആവശ്യാനുസൃതം മുസ്‌ലിമിന് മുറിച്ചെടുക്കാം. എന്നാല്‍ ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്നവരില്‍ നിന്ന് മുറിച്ചെടുക്കാനും മറ്റൊരാള്‍ക്ക് അര്‍ഹതയില്ല, ഏറെ പ്രയാസപ്പെട്ടാലും ശരി.’ (തുഹ്ഫ: 9/397)

✍ മരണപ്പെട്ട വ്യക്തിയുടെ നേത്രവും മറ്റു അവയവങ്ങളും അത്യാവശ്യമെങ്കില്‍ സ്വീകരിക്കുന്നതിന് വിരോധമില്ല. പൊട്ടിയ എല്ലിന്റെ സ്ഥാനത്ത് മറ്റൊന്ന് വച്ച് പിടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് കര്‍മശാസ്ത്ര വിചക്ഷണന്‍മാര്‍ സമര്‍ത്ഥിക്കുന്നത് ‘ഉപേക്ഷിച്ചില്ലെങ്കില്‍ മരണപ്പെടുമെന്ന് വിധിക്കപ്പെട്ട് മറ്റൊന്നുമെത്തിക്കാത്ത വ്യക്തിക്ക് ജീവനറ്റ മനുഷ്യ മാംസം ഉപയോഗിക്കല്‍ അനുവദനീയമാക്കപ്പെട്ടത് പോലെ അവന്റെ എല്ല് കൊണ്ട് (ജബ്ര്‍) ചെയ്യലും അനുവദനീയമാണ്’ (ഇബ്‌നു ഖാസിം 2/125,126) എന്നാണ്. തദടിസ്ഥാനത്തില്‍ മരിച്ച വ്യക്തിയുടെ നേത്രമുപയോഗിക്കലല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ വിധിയെഴുതുന്ന പക്ഷം അനന്തരാവകാശിയുടെ സമ്മത പ്രകാരം അങ്ങനെ ചെയ്യാവുന്നതാണെന്ന് ചുരുക്കം. മരണപ്പെട്ട് രണ്ട് മണിക്കൂറിനകം കണ്ണെടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ രണ്ടാഴ്ച കാലം കേടു കൂടാതെ നിലനില്‍ക്കുമെന്നതിനാല്‍ അതിനിടക്ക് ഉപയോഗിച്ചാല്‍ മതി...

*📌 വൃക്ക ദാനം ...*

🚸1950 കള്‍ക്ക് ശേഷം വൃക്ക മാറ്റിവെക്കല്‍ ശസ്തക്രിയക്ക് തുടക്കമായിട്ടുണ്ട്. 1963ന് ശേഷം വ്യാപകമായിത്തുടങ്ങി. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ജീവനുള്ളവരുടെ കിഡ്‌നിയാണ് കൂടുതല്‍ ഫലപ്രദം. മരിച്ചവരുടേത് ആദ്യകാലത്ത് കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 6/852

ഉപര്യുക്ത ഉദ്ധരണിയില്‍ നിന്നു തന്നെ വൃക്കദാനത്തിന്റെ കര്‍മശാസ്ത്രമാനം പ്രകടമാവുന്നുണ്ട്. നേത്രദാന വിഷയത്തില്‍ തുഹ്ഫ ഉദ്ദരിച്ച നിലപാട് ഇവിടെയും ബാധകമാവുന്നതാണ്. ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്ന വ്യക്തിയില്‍ നിന്ന് മുറിച്ചെടുത്തത് സ്വീകരിക്കലും തന്റേത് മറ്റൊരാള്‍ക്ക് നല്‍കലും സര്‍വാത്മനാ നിഷിദ്ധമാണ്. വിശന്നവശനായവന് മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ശവം ഭക്ഷിക്കല്‍ അനുവതനീയമായത് പോലെ മൃത ശരീരത്തില്‍ നിന്ന് വൃക്ക സ്വീകരിക്കലും അനുവദനീയമാണ്. ഇസ്‌ലാം ജീവന് വില കല്‍പിക്കാത്തവരില്‍ നിന്ന് ജീവിത കാലത്ത് തന്നെ വൃക്ക മുറിച്ച് മാറ്റുന്നതില്‍ ഒട്ടും വിരോധമില്ല...

*📌 ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കല്‍ ...*

🚸ചില വികാര ജീവികളുടെ പ്രവര്‍ത്തനമെന്നോണം സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കുന്ന സ്വഭാവം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണിന്ന്. exchange surgery,  sex reassaignment surgery (SRS), gender reassaignment surgery (GRS) തുടങ്ങിയ ശസ്ത്രക്രിയകളാണ് സ്വന്തം ലൈംഗികാവയവം മാറ്റി അന്യവര്‍ഗത്തിന്റേത് പ്രതിഷ്ഠിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് ...

🎓1970കള്‍ മുതല്‍ ഉത്തര അമേരിക്കയില്‍ മാത്രം ആഴ്ചയില്‍ 25ലേറെ SRS ശസ്തക്രിയ വഴി അവയവ മാറ്റം നടക്കുന്നുണ്ടത്രെ. ഇസ്‌ലാമിക വീക്ഷണത്തിന്റെ നേര്‍വിപരീതമാണിതെന്ന് വ്യക്തമാണ്. ശരീഅത്ത് നിഷ്‌കര്‍ശിക്കുന്ന എല്ലാ വിലക്കുകളും ആദ്യ ലിംഗമേതായിരിക്കും എന്നതിനനുസൃതമായിരിക്കും ഒരു വസ്തുവിന്റെ (ദാത്) സത്ത ഒന്നാകെ മാറ്റെപ്പെട്ടാല്‍ രണ്ടാമത്തെ അവസ്ഥയാണ് പരിഗണിക്കപ്പെടുക. അതിന്റെ വിശേഷണം (സ്വിഫത്) മാത്രമാണ് മാറിയതെങ്കില്‍ ആദ്യത്തെ അവസ്ഥ തന്നെ പരിഗണനീയം. (തുഹ്ഫ: 9/389)

*📌 രക്ത ദാനം ...*

💉അവയവങ്ങളുടെ മസ്അലയില്‍ നിന്ന് വിത്യസ്തമാണ് രക്തദാനത്തിന്റെ കാര്യം. ഒരു അവയവം പൂര്‍ണമായോ ഭാഗികമായോ മറ്റൊരാള്‍ക്ക് കൈമാറുക വഴി സ്വശരീരത്തിന്നനിവാര്യമായ ഒന്ന് ഉപേക്ഷിക്കുന്നുവെന്ന പ്രശ്‌നം രക്തദാനത്തില്‍ വരുന്നില്ല. ഒരാളുടെ ശരീരത്തില്‍ നിന്ന് രക്തമെടുത്താല്‍ അധികം വൈകാതെ രക്തം പുനര്‍സൃഷ്ടിക്കപ്പെടുന്നതിനാല്‍ പ്രത്യാഘാതങ്ങള്‍ നിര്‍ഭയമാണ്. അതിനാല്‍ ദാനം ചെയ്യാം, വില്‍ക്കരുതെന്ന് മാത്രം...

🚸രക്തം ശരീരത്തില്‍ നിന്ന് പുറത്തുവന്നാല്‍ നജസിന്റെ വിധിയാണ് കല്‍പിക്കപ്പെടുന്നത്. രോഗശമനത്തിനുള്ള മരുന്നായി ഉപയുക്തമാക്കാമോ എന്ന മസ്അലയാണ് ഇവിടെ ബാധകം. മറ്റൊരു മരുന്നുമായി കലര്‍ത്തിയാല്‍ അവ്യക്തമാകുന്ന (നശിക്കുന്ന) രക്തം മറ്റു നജസുകളെ പോലെത്തന്നെ അനുവദനീയമാണ്. അത് ഉപകാരപ്രദമാണെന്ന് ഉറപ്പാകുകയോ നീതിമാനായ ഡോക്ടര്‍ അറിയിക്കുകയോ വേണം... (തുഹ്ഫ: 9/170)

📕രക്തമോ മൂത്രമോ ദ്രാവകരൂപത്തിലുള്ള നജസില്‍ പെട്ട ലഹരി പദാര്‍ത്ഥമല്ലാത്ത മറ്റിനങ്ങളോ കുടിക്കാന്‍ നിര്‍ബന്ധിതനായാല്‍ അങ്ങനെ ചെയ്യല്‍ അനുവദനീയമാണ്. (ശര്‍ഹുല്‍ മുഹദ്ദബ്: 9/50)

✍ നിര്‍ബന്ധാവസ്ഥയില്‍ രോഗശമനത്തിന്നു വേണ്ടി രക്തം കൈമാറുന്നതും ഉപയോഗിക്കുന്നതും അനുവദനീയമാക്കുന്നുണ്ട് മുന്‍ ഉദ്ധരണികള്‍. പില്‍കാല ഉപയോഗത്തിനുവേണ്ടി രക്തം സൂക്ഷിച്ചു വെക്കുന്ന രക്ത ബാങ്കുകളിലെ രീതിയെ കുറിച്ച് സംശയങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ശവവും ഉപയോഗം നിഷിദ്ധമായ ഇതര വസ്തുക്കളും സൂക്ഷിച്ചു വെക്കുന്നത് നിരുപാധികം അനുവദിച്ചു തരുന്ന ഫിഖ്ഹ് ഈ ബാങ്ക് സാധൂകരിക്കുന്നുണ്ട്. ‘അനുവദനീയമായവ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഉപയോഗം നിഷിദ്ധമാക്കപ്പെട്ടവ സൂക്ഷിച്ചു വെക്കല്‍ അനുവദനീയമാണ്...’ (മുഗ്‌നി: 4)

✍ അത്യാവശ്യമില്ലെങ്കിലും സ്വശരീരത്തില്‍ നജസ് പുരളാത്ത കാലത്തോളം ശവം ചുമക്കല്‍ അനുവദനീയമാണെന്ന് ഇമാം ഖഫ്ഫാലി (റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (ശറഹുല്‍ മുഹദ്ദബ്: 9/42)

*📌 പതിവിലധികമുള്ള അവയവങ്ങള്‍ ദാനം ചെയ്യല്‍ ...*

🚸പതിവിലധികം അവയവമുള്ളവര്‍ polydectyly എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ അധികമുള്ള വിരല്‍, മുഴ ആദിയായവയെ കുറിച്ച് കര്‍മശാസ്ത്രത്തിന് വ്യക്തമായ തീരുമാനങ്ങളുണ്ട്. ‘പതിവിലധികമായ വിരലും അതുപോലോത്തതും നീക്കം ചെയ്യുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന് ഭംഗം വരുത്തലല്ല; ന്യൂനത നീക്കല്‍, രോഗ ചികിത്സ എന്നിവയുടെ ഗണത്തിലാണത് ഉള്‍പ്പെടുക. പണ്ഡിതന്‍മാരിലധികവും ഇതിനെ അനുവദനീയമാക്കിയിട്ടുണ്ട്.’ (തക്മിലത്: 4/195)

📕ഞരമ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഏറെ സാഹസികവും ഉപദ്രവകാരിയുമായിത്തീരുന്ന ശസ്ത്രക്രിയയും മുന്‍പത്തേതിനേക്കാള്‍ ന്യൂനതകള്‍ കൂടുതല്‍ പ്രകടമാക്കിത്തീര്‍ക്കുന്ന ശസ്ത്രക്രിയയും ശറഇന്റെ കല്‍പനകള്‍ക്ക് വിരുദ്ധമാണ്. ‘മാംസത്തിന്റെയും തോലിന്റെയുമിടക്ക് പ്രത്യക്ഷപ്പെടുന്ന മുഴ ഒരാള്‍ക്ക് സ്വന്തമായോ അയാളുടെ സമ്മതപ്രകാരം മറ്റൊരാള്‍ക്കോ നീക്കം ചെയ്യാം, അത് കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടില്ലായെങ്കില്‍.’ (തുഹ്ഫ: 9/194)

*📌 അവയവ ദാനത്തിനു വസ്വിയ്യത്ത് ചെയ്യല്‍ ...*

🎓 ഒരു വ്യക്തിയുടെ ശരീരമോ അവയവങ്ങളോ ദാനം ചെയ്യുന്നത് പോലെ അവ മറ്റൊരാള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യുന്നതും നിഷിദ്ധമാണെന്നാണ് കര്‍മ ശാസ്ത്രത്തിന്റെ പക്ഷം. സ്വന്തം ഉടമസ്ഥാവകാശമില്ലാതെ മറ്റൊരാള്‍ക്ക് അധികാരമുള്ളവ വരെ വസ്വിയ്യത്ത് ചെയ്യാമെന്ന് പറയുന്ന ഫിഖ്ഹ് ഇവ രണ്ടിനും വിലക്കേര്‍പ്പെടുത്തുന്നത് അള്ളാഹുവല്ലാത്ത ആര്‍ക്കും ഇവക്കു മേല്‍ അധികാരമില്ലെന്ന കാരണത്താലാണ്...

🚸മറ്റൊരാള്‍ക്ക് അധികാരമുള്ള വസ്തു എന്റെ ഉടമസ്ഥതയിലായാല്‍ (നിനക്കത്) വസ്വിയ്യത്ത് ചെയ്തുവെന്ന് പറയുകയും ശേഷം ഉടമപ്പെടുത്തുകയും ചെയ്താല്‍ ഇടപാട് ശരിയാകുമെന്നതിലും, ശേഷം ഉടമപ്പെടുത്തിയില്ലെങ്കില്‍ ശരിയാകുകയില്ലെന്നതിലും പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഇമാം ശാഫിഈ (റ) ഈ അഭിപ്രായത്തിനു മേല്‍ ഇത്തിഫാഖിനെ ഉദ്ധരിച്ചിട്ടുണ്ട്... (തുഹ്ഫ: 7/17)

📘വെറുക്കപ്പെടുന്നതും നിഷിദ്ധമായതുമായ കാര്യങ്ങള്‍ കൊണ്ട് വസ്വിയ്യത്ത് ചെയ്യല്‍ അനുവദനീയമാണെന്ന അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് മുമ്പ് പറഞ്ഞിരിക്കുന്നു ... (മഹല്ലി: 1/161)

🚸ജീവനറ്റ ശരീരം പഠനാവശ്യങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് ഇതിന്റെ സാരം. മരണപ്പെട്ട വ്യക്തിയെ മറമാടല്‍ നിര്‍ബന്ധമാണെന്നിരിക്കെ കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ ഗുണകരമല്ല...

✍ ചുരുക്കത്തില്‍, ഇസ്‌ലാമിക കര്‍മശാസ്ത്രം നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ രക്ത ദാനത്തെ ഹലാലെന്നും വൃക്ക, നേത്ര ദാനങ്ങളെ നിഷിദ്ധമെന്നും വിവക്ഷിക്കാനാവൂ എന്നതാണ് പണ്ഡിതപക്ഷം ...

മനുഷ്യ ശരീരത്തിന് ജീവിതത്തിലും മരണശേഷവും പവിത്രത നല്‍കിയിട്ടുള്ളത് പരിശുദ്ധ ഇസ്‌ലാം മാത്രമാണ്...!

        

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...