Friday, 13 April 2018

സുന്നത്ത് നോമ്പുകൾ





          സുന്നത്ത് നോമ്പുകള്‍


* ശ്രേഷ്ഠത ...*

നബി (ﷺ) പറഞ്ഞു:  സ്വര്‍ഗത്തിന് റയ്യാന്‍  എന്നുപേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. നോമ്പനുഷ്ഠിക്കുന്നവരല്ലാതെ മറ്റൊരാളും അതിലൂടെ കടക്കുകയില്ല. സത്യാസത്യവിവേചനത്തിന്റെ നാള്‍ ചോദിക്കപ്പെടും. നോമ്പനുഷ്ഠിച്ചവരെവിടെ..?തല്‍സമയം അവര്‍ ആ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പിന്നീട് ആ കവാടം കൊട്ടിയടക്കപ്പെടും...
 (ബുഖാരി4/1111, മുസ്‌ലിം 2/808)

നബി (ﷺ) നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍  അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപതു വര്‍ഷത്തെ വഴിദൂരത്തേക്ക്  മാറ്റിനിര്‍ത്തും...
(ബുഖാരി 6/47, 2/808)

* നിയ്യത്തിന്റെ സമയം ...*

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും. (എന്ന് കരുതി അറിഞ്ഞുകൊണ്ട് പിന്തിപ്പിക്കേണ്ടതില്ല) ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂൽ (ﷺ)എന്നെ സമീപിച്ച് വല്ലതും  ‘ഭക്ഷിക്കാനുണ്ടോ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു...'

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്  പ്രത്യേകം നിയ്യത്തില്‍ നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബല അഭിപ്രായം...

*സുന്നത്ത് നോമ്പുകള്‍ ...*

*1) അറഫാ ദിനത്തിലെ നോമ്പ് :*

ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ ദുല്‍ഹിജ്ജഒമ്പതിന്
നോമ്പനുഷ്ഠിക്കല്‍ ശക്തമായ  സുന്നത്തുള്ളത്... കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും, ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ്  ഈ സുന്നത്ത്നോമ്പ്. മനുഷ്യരുമായി ബന്ധിക്കുന്നതല്ലാത്തവയാണ് ഈചെറിയ ദോഷങ്ങള്‍...

ഇതിനു തെളിവ് മുസ്‌ലിം (റ) റിപ്പോര്‍ട്ട്
ചെയ്യുന്ന ഹദീസാണ്... അബൂ ഖതാദ (റ) യില്‍ നിന്നുനിവേദനം. നബി (സ്വ) പറഞ്ഞു:  അറഫ ദിനത്തിലെ  നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  ചെറിയദോഷങ്ങള്‍ പൊറുപ്പിക്കും... (മുസ്‌ലിം2/819)

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ എട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലും സുന്നത്തുള്ളതാണ്...

*2) ആശൂറാഅ്‌, താസൂആഅ്‌ നോമ്പുകള്‍ :*

മുഹര്‍റം മാസം ഒമ്പത് പത്ത് ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്ന വ്രതത്തിന് ആശൂറാഅ്‌, താസൂആഅ്‌ എന്നു പറയപ്പെടുന്നു...

കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ്  ആശൂറാനോമ്പ്. മുസ്‌ലിം (റ) റിപ്പോര്‍ട്ട്ചെയ്ത ഹദീസ് (മുസ്‌ലിം 2/819) ഈഅഭിപ്രായത്തിന് ശക്തിപകരുന്നുണ്ട്...

ഇമാം ബുഖാരി (റ) തന്റെ സ്വഹീഹുല്‍  ബുഖാരി 4/244 യില്‍ റിപ്പോര്‍ട്ട് ചെയ്ത  മറ്റൊരു ഹദീസും ആശൂറാഅ് നോമ്പ് സുന്നത്താണെന്ന് സൂചിപ്പിക്കുന്നു...

“മുആവിയ (റ) യില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂൽ (ﷺ) പറയുന്നത് കേട്ടു. “ഇന്ന് ആശൂറാഅ്‌ ദിനമാണ്. ഇന്ന് നിങ്ങളുടെമേല്‍ നോമ്പ് നിര്‍ബന്ധമുള്ള ദിവസമല്ല.  ഞാനിന്ന് നോമ്പനുഷ്ഠിക്കുന്നു. ഇച്ഛിക്കുന്നവര്‍  ഈ ദിനംനോമ്പനുഷ്ഠിച്ചുകൊള്ളട്ടെ. അല്ലാത്തവര്‍നോമ്പനുഷ്ഠിക്കാതിരിക്കട്ടെ.’’
(ബുഖാരി 4/244)

അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍  മുഹര്‍റം ഒമ്പതിനും ഞാന്‍ നോമ്പനുഷ്ഠിക്കും. (മുസ്‌ലിം 2/798) എന്ന  പ്രവാചക വചനം (ﷺ) താസൂആഅ്‌ ദിനത്തിലെ നോമ്പ് സുന്നത്താണെന്നതിന് പണ്ഡിതര്‍ തെളിവായി ഉദ്ധരിക്കുന്നുണ്ട്...

മുഹര്‍റം ഒമ്പതിന് നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന് പ്രസ്തുത മാസം പതിനൊന്നിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. മുഹര്‍റം പതിനൊന്നിന് തനിച്ച് നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ലെന്ന്  ഇമാം ശാഫിഈ (റ) ഉമ്മില്‍ വ്യക്തമാക്കിയിട്ടുണ്ട്...

*3) ശവ്വാല്‍ മാസത്തിലെ ആറുനോമ്പ് :*

ശവ്വാല്‍ മാസത്തിലെ ആറു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. ചെറിയ പെരുന്നാളിനോട് ചേര്‍ന്നുവരുന്ന
ആറു ദിനങ്ങളില്‍ തന്നെ നോമ്പനുഷ്ഠിക്കല്‍  കൂടുതല്‍ ശ്രേഷ്ഠതയുള്ളതാണ്...

തെളിവ്...

അബൂ അയ്യൂബ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (ﷺ) പറഞ്ഞു: റമളാനില്‍ നോമ്പനുഷ്ഠിക്കുകയും  ശേഷം ശവ്വാലിലെ ആറുദിനത്തിലെ
നോമ്പ് അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെ പോലെയാണ്... (മുസ്‌ലിം 2/822)

*4) വെളുത്ത വാവുദിനത്തിലെ നോമ്പ് :*

വെളുത്ത വാവു(പൗര്‍ണ്ണമി രാവ്)ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുള്ളതാണ്. ചന്ദ്രമാസത്തിലെ 13, 14, 15 ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്നതാണ് ഈനോമ്പുകള്‍...

ഈ മൂന്നുദിവസങ്ങള്‍ക്കു പകരം മറ്റു മൂന്നുദിനങ്ങളില്‍ നോമ്പനുഷ്ഠിച്ചാലും
പ്രതിഫലം ലഭിക്കുന്നതാണ്.  പക്ഷേ, കൂടുതല്‍ശ്രേഷ്ഠത പ്രസ്തുത മൂന്നു ദിനങ്ങള്‍ക്കാണ്. ദുല്‍ഹിജ്ജമാസം 13 വ്രതമനുഷ്ഠിക്കല്‍ നിഷിദ്ധമായതുകൊണ്ട് അന്ന് നോമ്പനുഷ്ഠിക്കുന്നതിനു പകരം 16ന് നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ്  പ്രബലമതം. പതിമൂന്നിനോ അതിനുപകരം മറ്റൊരു ദിവസമോ നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നാണ് ബുല്‍ഖൈനി ഇമാമിന്റെ പക്ഷം...

കറുത്തവാവിന്റെ (അമാവാസിരാവ്) ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്‌. മാസത്തിലെ 28, 29, 30 ദിവസങ്ങളാണിവ... ചന്ദ്രമാസം മുപ്പത് കിട്ടാതെ വന്നാല്‍ തൊട്ടടുത്ത മാസം ഒന്നിന് നോമ്പനുഷ്ഠിച്ച് സുന്നത്ത് കരസ്ഥമാക്കണം...

*5) തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ നോമ്പ് :*

ഓരോ ആഴ്ചയും തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. പ്രവാചകര്‍ (ﷺ) ഈ രണ്ടു  ദിവസങ്ങളിലും നോമ്പെടുത്തു പോന്നതായി ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണിതിനു  കാരണം...
 പ്രവാചകര്‍ (ﷺ)  എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും നോമ്പെടുക്കല്‍ പതിവാക്കിയപ്പോള്‍ അതേക്കുറിച്ച് ആരോ ചോദിച്ചു. അപ്പോള്‍ നബി (ﷺ) പറഞ്ഞു. “അടിമകളുടെപ്രവര്‍ത്തനങ്ങള്‍-അല്ലാഹു സാക്ഷ്യം-വെളിവാക്കപ്പെടുന്നത് തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ്. എന്റെപ്രവര്‍ത്തനങ്ങള്‍ വെളിവാക്കപ്പെടുമ്പോള്‍ നോമ്പുകാരനാവാന്‍ ഞാനിഷ്ടപ്പെടുന്നു.’
(നസാഈ4/202, അബൂദാവൂദ് 2/814)

പ്രവാചകര്‍ (ﷺ) പ്രവസവിക്കപ്പെട്ട ദിനം  തിങ്കളാഴ്ച ആയതും അന്ന് നോമ്പ്  സുന്നത്താക്കപ്പെടാനുള്ള കാരണമായി  എണ്ണപ്പെട്ടിട്ടുണ്ട്... തിങ്കളാഴ്ചത്തെ  നോമ്പിനെ കുറിച്ച് നബി (ﷺ) യോട് ആരോ ചോദിച്ചപ്പോള്‍ അവിടന്ന് പ്രതികരിച്ചതിങ്ങനെയാണ്...  “അന്ന് ഞാൻ പ്രസവിക്കപ്പെട്ടു. അന്നുതന്നെയാണ് എനിക്ക് ദിവ്യബോധം (വഹ്‌യ്) ലഭിക്കാന്‍  തുടങ്ങിയതും.’ (മുസ്‌ലിം 2/820)

*6) മിഅ്‌റാജ് ദിനത്തിലെ നോമ്പ് :*

റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ളകാര്യമാണ്. പ്രവാചകര്‍ (ﷺ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞത കാരണം ചിലര്‍ മിഅ്‌റാജ് ദിനത്തില്‍  സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെ കുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്‌നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്...

സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു  കൊണ്ട് ഇബ്‌നുഹജര്‍ തന്റെ  ഫതാവല്‍കുബ്‌റയില്‍ സുദീര്‍ഘമായചര്‍ച്ചക്കൊടുവില്‍ പ്രസ്തുത ദിനത്തിലെ  നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്... (ഫതാവല്‍ കുബ്‌റ 2/54)

*7) ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് :*

ശഅ്ബാന്‍ മാസം പതിനഞ്ചിന് പകല്‍  വ്രതമനുഷ്ഠിക്കല്‍ സുന്നത്തും  പുണ്യമുള്ളതുമാണ്. ശംസുദ്ദീന്‍ മുഹമ്മദുര്‍റംലീ (റ) തന്റെ  ഫതാവയില്‍ പ്രസ്തുത വ്രതം സുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ശഅബാന്‍ പകുതിയായാല്‍ ശഅബാന്‍ 15  നോമ്പനുഷ്ഠിക്കാന്‍ പ്രേരണ നല്‍കുന്ന  ഇബ്‌നുമാജയുടെഹദീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ ഹദീസിന് അദ്ദേഹം അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ദിനം വെളുത്തവാവിന്റെ ദിനം കൂടിയായതിനാല്‍ അന്ന് നോമ്പ് സുന്നത്തില്ലെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണ്... (ഫതാവല്‍ അല്ലാമശംസുദ്ദീനിര്‍റംലി, ഫതാവല്‍ കുബ്‌റയോടുകൂടെ 2/79, ലത്വാഇഫുല്‍ മആരിഫ് 1/160)

* നോമ്പ്‌നിഷിദ്ധമായ ദിനങ്ങള്‍ :*

ബലിപെരുന്നാള്‍, ചെറിയപെരുന്നാള്‍, അയ്യാമുത്തശ്‌രീഖിന്റെദിനങ്ങള്‍ (ദുല്‍ഹിജ്ജ 11, 12, 13 ദിവസങ്ങള്‍)  സംശയദിവസം  (മാസംകണ്ടുവെന്ന് ജനങ്ങള്‍പറയുകയും, ചന്ദ്രദര്‍ശനംസ്ഥിരപ്പെടാതിരിക്കുകയും ചെയ്ത ശഅബാന്‍ 30) എന്നീ ദിവസങ്ങളില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ്. ചര്യപ്രകാരം നോമ്പെടുക്കുന്ന വ്യക്തിക്ക് സംശയ ദിവസം ചര്യയുടെ  ഭാഗമായ ദിനമാണെങ്കില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാകുകയില്ല. ഉദാഹരണം നിത്യമായി തിങ്കള്‍, വ്യാഴം നോമ്പെടുക്കുന്ന വ്യക്തിക്ക് തിങ്കളോ വ്യാഴമോ സംശയദിവസമായി വന്നാല്‍ അന്നു വ്രതമനുഷ്ഠിക്കാവുന്നതാണ്...

പ്രത്യേക കാരണങ്ങളില്ലാതെ ശഅബാന്‍ പതിനഞ്ചിനു ശേഷം നോമ്പനുഷ്ഠിക്കലും നിഷിദ്ധമാണ്...

ശ്രദ്ധിക്കുക:

സുന്നത്ത് നോമ്പനുഷ്ഠിക്കുന്നവർ അത് വേണ്ടന്ന് വെച്ചാല്‍ നോമ്പ് മുറിച്ചു കളയുന്നതിന് ശിക്ഷ ലഭിക്കുന്നതല്ല.  അതായത്, സുന്നത്ത് നോമ്പ് മുറിക്കുന്നത് അനുവദനീയമാണ്. ഭര്‍ത്താവ് നാട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സമ്മത പ്രകാരമല്ലാതെയോ തൃപ്തി പ്രതീക്ഷിക്കാതെയോ സുന്നത്ത്  നോമ്പനുഷ്ഠിക്കല്‍ ഭാര്യക്ക് നിഷിദ്ധമാണ്...

റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്ഠിക്കല്‍ കൂടുതല്‍ പുണ്യമുള്ളത് യുദ്ധം ഹറാമായ നാല് മാസങ്ങളിലാണ്. അവയില്‍ മുഹര്‍റമില്‍ നോമ്പനുഷ്ഠിക്കുന്നത് മറ്റു മൂന്നുമാസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിനേക്കാളും, റജബില്‍ നോമ്പനുഷ്ഠിക്കുന്നത് ദുല്‍ഹിജ്ജ, ദുല്‍ഖഅദ  മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാളും, ദുല്‍ഹിജ്ജയില്‍ നോമ്പനുഷ്ഠിക്കുന്നത്  ദുല്‍ഖഅദില്‍ നോമ്പനുഷ്ഠിക്കുന്നതിനെക്കാളും പുണ്യമുള്ളതാണ്...
തിങ്കളാഴ്ച നോമ്പനുഷ്ഠിക്കൽ വ്യാഴാഴ്ചത്തെക്കാള്‍ പുണ്യമുള്ളതാണ്.  അതിന് ചിലകാരണങ്ങള്‍ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് ...



        

2 comments:

  1. വളരെ നന്ദിയുണ്ട്
    നല്ല ഉപകാരം ആയിട്ടുണ്ട് ട്ടോ💥🥲 ഉസ്താദേ.....😊✨️

    ReplyDelete
  2. مَاشَاءَ الله
    جَزَاكَ اللهُ خَيْرًا كَثِيرًا

    ReplyDelete

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...