Wednesday, 20 June 2018

പാഠമാവണം ഈ ജീവിതം......










              ... നബി (സ) തങ്ങളുടെ ആശയ സംവേദന രീതികളിലൂടെ...
...

.... മഹാനായ പ്രവാചകന്‍ (സ) തങ്ങളുടെ അപദാനങ്ങള്‍ ലോകത്ത് നിരന്തരം വാഴ്ത്തപ്പെടുകയാണ്. സ്വഹാബികളില്‍ നിന്ന് തുടങ്ങി 14 നൂറ്റാണ്ട് കഴിഞ്ഞ് ഇന്നും അതില്‍ വര്‍ധനവ് ഉണ്ടാവുകയാണ് ...

ഗദ്യമായും പദ്യമായുമുള്ള പ്രവാചകചരിത്രങ്ങളും പ്രകീര്‍ത്തനങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ലോകത്തുള്ള ഒട്ടുമിക്ക ഭാഷകളിലായി അതെന്നും സജീവമായിത്തന്നെ നിലനില്‍ക്കുന്നു. ലോക ചരിത്രം ചര്‍ച്ച ചെയ്തവരൊക്കെ പുണ്യപ്രവാചകനെക്കുറിച്ച് വിവരിക്കുമ്പോള്‍ നൂറ് നാവായിരുന്നു. ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും എഴുതപ്പെട്ടതും ആ പ്രവാചകനെക്കുറിച്ച് തന്നെയായിരിക്കും ...

തിരുകരീം (സ) തങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചരിത്രത്തിലുണ്ട്. പ്രവാചക അധരങ്ങളില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന മൊഴിമുത്തുകള്‍ ഒന്നൊഴിയാതെ പെറുക്കിയെടുക്കാന്‍ സദാസന്നദ്ധമായിരുന്നു പ്രവാചക ശിഷ്യന്മാര്‍. ഇന്നും അവ ഹദീസുകളെന്ന പേരില്‍ പാവനമായി കണക്കാക്കുകയും ഇസ്ലാമിക ശരീഅത്തില്‍ തെളിവായി ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ട് ...

നബി (സ) തങ്ങളുടെ സന്ദേശങ്ങളും സ്വഭാവഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേ സമയം നബി (സ) തങ്ങളുടെ ഹദീസുകളെ മറ്റൊരു രീതിയില്‍ ആഴത്തില്‍ സമീപിക്കുമ്പോള്‍ തങ്ങളുടെ ആശയസംവേദനത്തിന്റെ രൂപങ്ങളും പെരുമാറ്റ രീതികളും നമ്മെ ഏറെ ആകര്‍ഷിക്കുന്നതാണ്. അവയില്‍ ഏറെ പ്രസ്താവ്യമായവയാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത് ...

..... നബി (സ) തങ്ങളുടെ അഭിനന്ദനങ്ങള്‍ ...*

താന്‍ ചെയ്യുന്ന പ്രവൃത്തിയും തന്റെ സ്വഭാവങ്ങളും  മറ്റൊരാള്‍ അഭിനന്ദിക്കുന്നത് ഏതൊരാള്‍ക്കും ഇഷ്ടമാണ്. മാത്രമല്ല അമിതമാവാത്ത തരത്തിലുള്ള യഥാർത്ഥ അഭിനന്ദനങ്ങള്‍ അത് നല്‍കപ്പെടുന്നവരില്‍ പോസിറ്റീവായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അഭിനന്ദനം നല്‍കുന്ന വ്യക്തിയോട് അയാള്‍ക്ക് എന്നും സ്‌നേഹം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പുകഴ്ത്തലുകള്‍ അമിതമാവുമ്പോഴും അനര്‍ഹമായി ലഭിക്കുമ്പോഴും അത് പ്രതിലോമപരമായ ഫലങ്ങളാണ് ഉണ്ടാക്കുക ...

.... പ്രവാചകന്‍ (സ) തന്റെ അനുചരന്മാരെ ഫലപ്രദമായ അനുമോദിച്ചതായുള്ള ഹദീസുകള്‍ നിരവധിയുണ്ട്. ഒരിക്കല്‍ ഒരു കൂട്ടം സ്വഹാബിമാര്‍ യാത്ര പോകവേ ഒരു ഗോത്രക്കാരുടെ ഗ്രാമത്തിലെത്തി. വിശന്ന് വലഞ്ഞ അവര്‍ ഗ്രാമവാസികളോട് തങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് അപേക്ഷിച്ചു. പക്ഷേ അവരത് നിരസിച്ചു. അതിനിടയിലാണ് ഈ ഗോത്രനേതാവിനെ ഉഗ്ര വിഷമുള്ളത് കുത്തിയത്. ഈ വാര്‍ത്തയുമായി സ്വഹാബികളുടെ സമക്ഷം ഗ്രാമവാസികളില്‍ ചിലരെത്തുകയും വിഷമിറക്കാന്‍ മന്ത്രചികിത്സ വശമുള്ള ആരെങ്കിലും അവരിലുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു ...

അബുസഈദുല്‍ ഖുദ്‌രി (റ) ഇക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹംപറഞ്ഞു.

 ''ഞാന്‍ തയ്യാറാണ്. പക്ഷേ നിങ്ങള്‍ ഞങ്ങള്‍ക്ക് ക്ഷണം നിരസിച്ചതിനാല്‍ തക്കതായ പ്രതിഫലം നല്‍കിയാല്‍ മാത്രമേ ഞാന്‍ മന്ത്രിച്ച് ചികിത്സിക്കാന്‍ വരികയുള്ളൂ''. മരണവെപ്രാളത്തില്‍ പിടയുന്ന ഗ്രാമമുഖ്യന്റെ ജീവന്‍ രക്ഷിക്കാന്‍ എന്ത് നല്‍കാനും അവര്‍ തയ്യാറായിരുന്നു...

അതോടെ അബൂ സഈദുല്‍ ഖുദ്‌രി (റ) ഗ്രാമമുഖ്യനടുത്തെത്തുകയും സൂറത്തുല്‍ ഫാതിഹ ഓതി മന്ത്രിച്ചൂതുകയും ചെയ്തതോടെ വിഷമിറങ്ങി. ഗ്രാമമുഖ്യന്‍ പൂര്‍ണാരോഗ്യത്തോടെ എഴുന്നേറ്റു. സന്തോഷത്തോടെ ഒരു ആട്ടിന്‍ പറ്റത്തെ യാത്രസംഘത്തിന് സമ്മാനിക്കപ്പെട്ടു...

അവരത് വീതിക്കാന്‍ തുനിഞ്ഞെങ്കിലും പലരും അത് സ്വീകരിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചു. ഖുര്‍ആന്‍ ഓതി ചികിത്സിച്ചതിന് ലഭിച്ച സമ്മാനം സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാവുമോ എന്നതായിരുന്നു അവരുടെ സംശയം. നബി (സ) തങ്ങളോട് ചോദിച്ച് തീര്‍പ്പാക്കാം എന്നാണ് ഒടുവില്‍ തീരുമാനമായത്. നബി (സ) തങ്ങള്‍ സമക്ഷമെത്തിയ അവര്‍ സംഭവം മുഴുവന്‍ പ്രവാചകനെ (സ) ധരിപ്പിച്ചു, പ്രതിഫലമായി ആട്ടിന്‍ പറ്റം ലഭിച്ചതും അവര്‍ വിശദീകരിച്ചു. പ്രവാചകന്‍ (സ) ഉടന്‍ അബൂ സഈദുല്‍ ഖുദ്‌രിയെ (റ) അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു, ''വമാ യുദ്‌രീകാ അന്നഹാ റുഖ്‌യ ... ഫാതിഹ സൂറത്ത് കൊണ്ട് മന്ത്രിച്ചൂതാം എന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി. നിങ്ങള്‍ ചെയ്തത് വളരെ ശരിയാണ്. നിങ്ങള്‍ക്ക് ലഭിച്ച ആട്ടിന്‍ പറ്റത്തില്‍ നിന്ന് ഒരു വിഹിതം എനിക്കും നല്‍കുക ...

.... ഈ സംഭവത്തില്‍ നിന്ന് മനസ്സിലാകുന്നത് പരിശുദ്ധ ഖുര്‍ആന്‍ കൊണ്ട് ചികിത്സിക്കലും അത് വഴി ലഭിക്കുന്ന സമ്മാനം സ്വീകരിക്കലും അനുവദനീയമാണോ എന്നതില്‍ സ്വഹാബിമാര്‍ക്ക് സംശയമുണ്ടായിരുന്നു എന്നാണ്. മന്ത്രിച്ചൂതിയ അബൂ സഈദുല്‍ ഖുദ്‌രിയെ അഭിനന്ദിക്കുക വഴി അത്തരം ചികിത്സ ഇസ്‌ലാം എതിര്‍ക്കുകയല്ല മറിച്ച് പ്രോല്‍സാഹിപ്പിക്കുകയാണെന്ന് പ്രവാചകന്‍ (സ) സ്വഹാബികളെ ബോധ്യപ്പെടുത്തി. ലഭിച്ച സമ്മാനം സ്വീകാര്യയോഗ്യമാണോ അല്ലേ എന്ന് ഉണര്‍ത്തുന്നതിന് പകരം തനിക്ക് കൂടി ആ സമ്മാന വിഹിതം നല്‍കണമെന്ന് പറയുക വഴി സ്വഹാബികളുടെ സംശയം തീര്‍ത്തു കൊടുക്കുകയും ആ സമ്മാനം എത്രമാത്രം പരിശുദ്ധമാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു ...

.... മറ്റൊരാളെ അഭിനന്ദിക്കുന്നത് വഴി രൂപപ്പെടുന്ന പരസ്പര ബന്ധത്തിന്റെ കെട്ടുറപ്പിലേക്കും ഗുണങ്ങളിലേക്കും ആധുനിക മന:ശാസ്ത്രവും വിരല്‍ ചൂണ്ടുന്നുണ്ട്. 2012 ജനുവരിയില്‍ പ്രശസ്തമായ ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ നടത്തിയ പഠനത്തില്‍ മേലുദ്യാഗസ്ഥനില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കീഴുദ്യോഗസ്ഥരില്‍ കൂടുതല്‍ നന്നായി ജോലി ചെയ്യാനുള്ള ത്വര ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതേ സമയം എത്ര നേട്ടങ്ങള്‍ കൈവരിച്ചാലും അഭിനന്ദനം നല്‍കാതെ മോശം വാക്കുകള്‍ പറയുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നും വൈ അപ്പ്രീസിയേഷന്‍ മാറ്റേര്‍സ് സോ മച് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠനം വരച്ച്കാട്ടുന്നുണ്ട്. ഇതൊക്കെ പരസ്പര ആശയസംവേദനത്തില്‍ അഭിനന്ദിക്കുന്നതിന്റെ പ്രാധാന്യത്തെ നമുക്ക് വരച്ച് കാട്ടുന്നുണ്ട് ...

.... ഒരു പ്രവൃത്തിയുടെ പേരില്‍ ഒരാളെ അഭിനന്ദിക്കുകയാണെങ്കില്‍ ആ പ്രവൃത്തിയുടെ ഉടനെത്തന്നെയായിരിക്കണമത്. കാരണം ഉടനെ ലഭിക്കുന്ന അഭിനന്ദനങ്ങല്‍ അയാള്‍ക്ക് കൂടുതല്‍ ഊര്‍ജം സമ്മാനിക്കുമെന്ന് വളരെ വ്യക്തമാണ്. മേല്‍ പറഞ്ഞ സംഭവത്തില്‍ മുഹമ്മദ് (സ) കാര്യം മനസ്സിലാക്കിയ ഉടനെത്തന്നെ അബൂ സഈദില്‍ ഖുദ്‌രിയെ അഭിനന്ദിക്കുന്നുണ്ട്. പ്രവാചകരുടെ (സ) ആശയസംവേദന രീതിയുടെ മഹാത്മ്യം ഈ സംഭവത്തില്‍ നിന്ന് സുതരാം വ്യക്തമാവുന്നുണ്ട് ...

.... മറ്റൊരു ഹദീസില്‍ അശജ്ജ് ഇബ്‌നു അബ്ദില്‍ ഖൈസ് (റ) എന്ന സ്വഹാബിയെ അദ്ദേഹത്തിന്റെ സ്വഭാവഗുണത്തിന്റെ പേരില്‍ പ്രവാചകന്‍ (സ) അഭിനന്ദിക്കുന്നുണ്ട്.  നബി (സ) അദ്ദേഹത്തോട് പറഞ്ഞു, ''നിങ്ങളില്‍ അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സഹനശീലവും രണ്ട് അവധാനതയുമാണ്."

നബി (സ) യെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന സ്വഹാബിമാര്‍ നബിയില്‍ നിന്ന് അഭിനന്ദനം ലഭിക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നവരായിരുന്നു. ഇത്തരം സല്‍സ്വഭാവത്തിന് മേല്‍ പ്രവാചകന്‍ (സ) അഭിനന്ദനം ചൊരിയുന്നത് കാണുമ്പോള്‍ അവരും ആ സ്വഭാവമാര്‍ജ്ജിക്കാന്‍ മുന്നോട്ട് വരുമെന്നത് തീര്‍ച്ചയാണ് ...

 ... ഈ ഗണത്തില്‍ വരുന്ന മറ്റൊരു സംഭവം കഅ്ബ് ബിന്‍ സുഹൈര്‍ എന്ന കവിശ്രേഷ്ഠനായ സ്വഹാബിയുടേതാണ്. നബി (സ) തൗഹീദുമായി രംഗത്ത് വന്നപ്പോള്‍ എതിര്‍ത്തവരുടെ കൂട്ടത്തില്‍ലായിരുന്നു പ്രശസ്ത ജാഹിലിയ്യാ കവി സുഹൈര്‍ ബിന്‍ അബീ സലമയുടെ മകനായ കഅ്ബ്. തന്റെ കവിതകളില്‍ പ്രവാചകനെ നിരന്തരം കഅ്ബ് അവഹേളിക്കാറുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളുടെ അംഗലാവണ്യം തന്റെ കവിതകളില്‍ വര്‍ണിക്കാന്‍ കൂടി തുടങ്ങിയതോടെ മക്കാ വിജയകാലത്ത് പ്രവാചകന്‍ (സ) കഅ്ബിന്റെ രക്തം അനുവദനീയമാക്കി, അതായത് ആര്‍ക്കും അദ്ദേഹത്തെ വധിക്കാം. അതിന്റെ പേരില്‍ കൊന്നവന് യാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരില്ല. എന്നാല്‍ മുഖം മൂടി ധരിച്ച് കൊണ്ട് കഅ്ബ് പ്രവാചക സന്നിധിയിലെത്തി...

എന്നിട്ട് പറഞ്ഞു, ''അല്ലാഹുവിന്റെ റസൂലേ, കഅ്ബ് ബിന്‍ സുഹൈര്‍ മുസ്‌ലിമായി അങ്ങയുടെ സദസ്സിലെത്തിയാല്‍ അങ്ങ് അദ്ദേഹത്തിന് മാപ്പ് നല്‍കുമോ ..?" പ്രവാചകന്‍ (സ) പറഞ്ഞു, ''അതെ''. ഉടന്‍ കഅ്ബ് തന്റെ മുഖം മൂടി മാറ്റിക്കൊണ്ട് ഇസ്‌ലാം സ്വീകരിച്ചതായി വ്യക്തമാക്കി. തുടര്‍ന്ന്  'ബാനത് സുആദ് ' എന്ന് തുടങ്ങുന്ന അനശ്വരമായ കാവ്യങ്ങള്‍ ആ സദസ്സിനെ കോരിത്തരിപ്പിച്ചു. ഇന്ന ന്നബിയ്യ ലസയ്ഫുന്‍ യുസ്തദാഹു ബിഹി   മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലൂലു (തീര്‍ച്ചയായും പ്രവാചന്‍ പ്രകാശം പരത്തുന്ന വിളക്കാണ്, ഇന്ത്യന്‍ നിര്‍മ്മിതമായ ഊരിപ്പിടിക്ക്‌പ്പെട്ട വാളുമാണ്) എന്നതടക്കമുള്ള  നിരവധി പ്രവാചക പ്രകീര്‍ത്തന ഈരടികള്‍ അദ്ദേഹം പ്രവാചകന് മുന്നില്‍ പാടി. സന്തോഷാധിരേകത്താല്‍ നബി (സ) തന്റെ മേല്‍തട്ടം ഊരി കഅ്ബ് (റ) നെ അണിയിപ്പിച്ചു. അല്‍പം മുമ്പ് വരെ വധിക്കാന്‍ വിധിക്കപ്പെട്ടിരുന്ന കൊടിയ ശത്രുവായിരുന്ന കഅ്ബ് പൂര്‍ണ്ണ മനപരിവര്‍ത്തനത്തിലൂടെ നബി(സ)ക്ക് ഏറെ പ്രിയങ്കരനായിത്തീര്‍ന്നു...

അദ്ദേഹത്തിന് പ്രവാചകന്‍ (സ) നൽകിയ അഭിനന്ദനം വാക്കുകളിലൂടെയായിരുന്നില്ല. മറിച്ച് തന്റെ ബുര്‍ദ അണിയിപ്പിച്ച് കൊണ്ടായിരുന്നു. ഈ തട്ടം മരണം വരെ പൊന്ന് പൊലെ സൂക്ഷിക്കുകയും അവസാനകാലത്ത് കുടുംബത്തോട് അത് സൂക്ഷിക്കാനേല്‍പ്പിക്കുകയും ചെയ്യുക വഴി ഈ സമ്മാനം എത്രമാത്രം കഅ്ബ് (റ)ന്  പ്രിയങ്കരമായിരുന്നുവെന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്...

ചുരുക്കത്തില്‍ അഭിനന്ദിക്കുകയെന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. നന്മയുടെ മേല്‍ അഭിനന്ദനം ലഭിക്കുന്നവര്‍ക്ക് ഇനിയും നന്മകള്‍ ചെയ്യാനും, തിന്മകളില്‍ അത് ലഭിക്കുന്നവര്‍ക്ക് കൂടുതല്‍ തിന്മയുടെ വഴിയില്‍ സഞ്ചരിക്കാനും അത് വഴിയൊരുക്കും. അത്യുന്നത സ്വഭാവപെരുമാറ്റത്തിന് ഖുര്‍ആന്‍ പുകഴ്ത്തിയ പ്രവാചകന്‍ മുഹമ്മദ് (സ) തങ്ങള്‍ ഈ രീതി ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുവെന്ന് മേല്‍ പറഞ്ഞ ചരിത്രസംഭവങ്ങള്‍ സാക്ഷിയാണ് ...

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...