മലബാറും ഫുട്ബോൾ മാനിയയും
ന്യൂ ജന്‍ കാലത്തെ വിചാരങ്ങൾ ...
മലബാറിലെ മുസ്‌ലിം സംസ്‌കാരം അതിസമ്പന്നമാണ്. സാംസ്‌കാരിക നേതാക്കളും നവോത്ഥാന പ്രവര്‍ത്തകരും ഒരുപാട് ജീവിച്ച നാടാണ് മലബാര്‍. അധിനിവേശ ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി നിന്ന് പോരാടി ഇന്ത്യാ മഹാരാജ്യത്തിന് അസ്ഥിവാരമിടുന്നതില്‍ മലബാറിലെ മാപ്പിളമാര്‍ക്കും അവരുടേതായ പങ്കുണ്ട്...
ബ്രട്ടീഷുകാര്‍ക്കെതിരേയും അതിനു മുമ്പ് കടന്നുവന്ന കൊളോണിയല്‍ ശക്തികള്‍ക്കെതിരേയും ആദര്‍ശ സംരക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്തവരാണ് നമ്മളെ നമ്മളാക്കിയവര്‍.
ബ്രട്ടീഷുകാരുടെ സംസ്‌കാരത്തിനും ആശയത്തിനും കീഴടങ്ങാത്ത മാപ്പിളമാര്‍ക്കെതിരെ അവരുടെ തീ തുപ്പുന്ന തോക്കുകള്‍ക്കും പീരങ്കികള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സ്വന്തം മതവും രാജ്യവും നിഷ്‌കര്‍ഷിക്കുന്ന സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്നതില്‍ വിട്ടു വീഴ്ച വരുത്താത്ത നമ്മുടെ മുന്‍ഗാമികള്‍ നിസ്സഹകരണ പ്രസ്ഥാനങ്ങളിലും ഇംഗ്ലീഷ് വിരുദ്ധ സമരങ്ങളിലും ഉപരോധങ്ങളിലും വിജയിച്ചുവെന്നത് ആദര്‍ശത്തോടുള്ള പ്രതിബദ്ധത ഒന്നു കൊണ്ട് മാത്രമായിരുന്നു...
ഉമര്‍ ഖാളി (റ) യുടെ നികുതി നിഷേധ സമരങ്ങളും, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്വതന്ത്ര പ്രാദേശിക ഭരണകൂടങ്ങളും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാവുന്നത് അങ്ങനെയാണ്. ആദര്‍ശ സംരക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്തവരായിരുന്നു ബദ്‌റിലെ പോരാളികള്‍. ബദ്‌റിന്റെ പോര്‍ക്കളത്തില്‍ സായുധസജ്ജരായ തൊള്ളായിരത്തോളം വരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളെ നേരിട്ട സ്വഹാബികളുടെ ലക്ഷ്യം ഇസ്‌ലാം മതത്തിന്റെ സംരക്ഷണമായിരുന്നു.
ബദ്‌റില്‍ സ്വഹാബികള്‍ വിജയം വരിച്ചില്ലായിരുന്നെങ്കില്‍ ഇസ്‌ലാം അവിടെ ഇല്ലാതായേനേ. തങ്ങളുടെ പിന്‍ഗാമികളിലേക്ക് സത്യമതത്തിന്റെ ആഹ്വാനം എത്തണമെന്നും അതുവഴി മുഹമ്മദ് *ﷺ* തന്റെ ഉമ്മത്ത് സന്മാര്‍ഗത്തിലാകണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു...
അപ്രകാരം, സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യം വച്ചു കൊണ്ടായിരുന്നു പൂക്കോട്ടൂരിന്റെയും ഏറനാടിന്റെയും വള്ളുവനാടിന്റെയും മണ്ണില്‍ ആയുധസജ്ജരായ ബ്രിട്ടീഷ് സൈന്യത്തെ മാപ്പിളമാര്‍ നേരിട്ടത്. തങ്ങളുടെ മക്കള്‍ക്ക് സ്വൈര്യ ജീവിതം നയിക്കാനുള്ള ഒരവസരം ഉണ്ടാക്കിക്കൊടുക്കല്‍ കൂടി അവരുടെ ലക്ഷ്യമായിരുന്നു. സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാനും ജന്മഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാനും ആഗ്രഹമുണ്ടായിരുന്ന മാപ്പിളമാര്‍ അതിനു കണ്ടെത്തിയ ഏക വഴി ബ്രിട്ടീഷുകാരെ തുരത്തുക എന്നതായിരുന്നു. അതിനവര്‍ കിണഞ്ഞ് പരിശ്രമിക്കുകയും ഖിലാഫത്ത് മൂവ്‌മെന്റെ്, നിസ്സഹകരണ പ്രസ്ഥാനം, അച്ചടക്ക രാഹിത്യം (Disobedience) എന്നിവയിലൂടെ അതിനവര്‍ ശക്തി പകരുകയും ചെയ്തു...
ആദര്‍ശം മഹിമയായി കണ്ടിരുന്നവരായിരുന്നു നമ്മുടെ പ്രപിതാക്കള്‍. സ്വരാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുകവഴി ചീഞ്ഞളിഞ്ഞ യൂറോപ്യന്‍ സംസ്‌കാരത്തെ മലബാറിന്റെ മണ്ണില്‍നിന്ന് തുടച്ചു നീക്കാന്‍ അവര്‍ ആവത് ശ്രമിച്ചു. 1947 ആഗസ്റ്റ് പകുതിയുടെ യാമങ്ങളില്‍ അവര്‍ ആ ലക്ഷ്യം സാക്ഷാല്‍കരിച്ചപ്പോള്‍ മാപ്പിള സംസ്‌കാരത്തിനും പൈതൃകത്തിനും പുതു ജീവന്‍ കൈവരികയായിരുന്നു...
സ്വാതന്ത്ര്യാനന്തര മലബാറില്‍ വലിയ തോതില്‍ സാംസ്‌കാരിക പതനം സംഭവിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുടെ വിഷവിത്തുകള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ആത്മീയമായി ജീവിച്ചിരുന്ന ഒരു സമുദായം ഇവിടെയുണ്ടായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അതിനെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്തിരുന്നു അവര്‍...
പക്ഷേ, കാലങ്ങള്‍ കൊണ്ട് നമ്മുടെ മുസ്‌ലിം സമുദായം വലിയ മാറ്റത്തിന് വിധേയമായിരിക്കുന്നു. ഫുട്ബോൾ സംസ്‌കാരം ഒരു തരം അധഃപതനത്തിലേക്കാണ് സമുദായത്തെ തള്ളിയിട്ടിരിക്കുന്നത്. ഒരു കാലത്ത് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മലപ്പുറം ഇന്ന് കളിഭ്രാന്തിന്റെ പടുകുഴിയില്‍ നൃത്തം ചവിട്ടുകയാണ്. അല്‍പം മുമ്പ് വരെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിം യുവാക്കളും പള്ളിദര്‍സുകളില്‍ പഠിക്കുന്ന മുതഅല്ലിമീങ്ങളായിരുന്നു. കഷ്ടപ്പാടിന്റെയും പരിവട്ടത്തിന്റെയും ഇടയില്‍ ജീവിച്ചിരുന്ന അവര്‍ക്കുള്ള ഏക ആശ്രയം പള്ളിദര്‍സുകളായിരുന്നു. ആത്മീയമായും സാംസ്‌കാരികമായും മതകീയമായും പുരോഗതി പ്രാപിച്ച അത്തരം യുവാക്കള്‍ നമുക്കിടയില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്നു...
നാട്ടിലെ കാരണവന്മാര്‍ക്ക് പകരം നില്‍ക്കാന്‍ കഴിയുന്നവരോ, ഉസ്താദുമാര്‍ക്ക് പകരം ഇമാമത്ത് നില്‍ക്കാന്‍ കഴിയുന്നവരോ നമുക്കിടയില്‍ ഇന്ന് വിരളമാണ്. ഇത്തരം കാഴ്ചകള്‍ നമ്മുടെ ഭാവി പതനത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അനര്‍ഹരായവര്‍ മഹല്ലിന്റെ നേതൃ സ്ഥാനത്തെത്തുന്നതും മഹല്ല് കാര്യങ്ങളില്‍ നിരന്തരം സംഘട്ടനങ്ങള്‍ നടക്കുന്നതും ഇത്തരം കാരണങ്ങള്‍ കൊണ്ടാണ്. മതവിജ്ഞാന സദസ്സുകളും ദര്‍സ് സംവിധാനങ്ങളും പരാജയപ്പെടുന്നതും ഭൗതിക കലാലയങ്ങള്‍ അടിക്കടി വര്‍ധിക്കുന്നതും ഈ പതനത്തിന്റെ മുന്നോടിയായി മാത്രമേ മനസ്സിലാക്കാനാവൂ. മുസ്‌ലിങ്ങളുടെ വിശിഷ്യാ മലബാറുകാരുടെ പതനത്തിന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണ്...
നമ്മുടെ സാംസ്‌കാരിക പതനം കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ഒരിക്കലും നമുക്കിടയില്‍നിന്ന് ഉണ്ടാകാനേ പാടില്ല. പത്ര മാധ്യമങ്ങളും മറ്റും നമ്മുടെ പതനത്തിന് വ്യഗ്രത കൂട്ടുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മലപ്പുറത്തെ മുസ്‌ലിം യുവാക്കളില്‍ കളിക്കമ്പം നിറച്ചു കൊണ്ട് ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് അവരെ വിട്ട് നിര്‍ത്തലാണ് പലരുടെയും ലക്ഷ്യം. ലോകം ഫുട്‌ബോള്‍ ലോകകപ്പിനു വേണ്ടി തയ്യാറായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ മുസ്‌ലിം സമുദായത്തെ അവര്‍ വലിയ തോതില്‍ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു...
കുരിശ് യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്യര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ കണ്ടെത്തിയ ഒരു തന്ത്രമായിരുന്നു ഇത്. ആശയപരമായി ഇസ്‌ലാമിന് വെല്ലുവിളിയുയര്‍ത്തി ഈ സത്യ മതത്തെ തകര്‍ക്കാനായിരുന്നു അവരുടെ പദ്ധതി. വിജയം കാണാത്ത ഇത്തരം പദ്ധതികള്‍ കേരളത്തിലും പ്രായോഗവല്‍ക്കരിക്കാനാണ് അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാന പാടുന്ന മുസ്‌ലിം നാമധാരികളായ ക്ലബ് അധികൃതര്‍ ഇന്ന് നമുക്കിടയില്‍ ഏറെയാണ്. സ്വന്തം സംസ്‌കാരത്തെയാണ് ഇവര്‍ നശിപ്പിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം ക്ലബുകളുടെ നേതൃത്വത്തിലാണ് മലബാറിലെ സെവന്‍സുകളും ഫൈവ്‌സുകളും അരങ്ങേറുന്നത്. പുണ്യ റസൂല്‍ *ﷺ* പവിത്രമാക്കിയ ഇശാ മഗ്‌രിബിനിടയിലാണ് ഇത്തരം മത്സരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പ്രസ്തുത സമയത്ത് സംസാരം കുറക്കണമെന്നും ഇബാദത്തില്‍ ഏര്‍പ്പെടണമെന്നും പ്രവാചകരും നമ്മുടെ പ്രപിതാക്കളും നമ്മോട് കല്‍പിച്ചതാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായിട്ടാണ് മിക്കവരും ഇത്തരം മാമാങ്കങ്ങളെ കാണുന്നത്...
ഇത്തരുണത്തില്‍, അമിതമായി പണം ചെലവഴിക്കുന്ന ഫുട്‌ബോള്‍ മേളകള്‍ക്ക് നാമെന്തിനു സമയം ചെലവഴിക്കണം..? റഷ്യ ലോകകപ്പിനുള്ള ബ്രസൂക്ക, അഡ്ഡിഡാസിന്റെ ഫാക്ടറിയിലും ഭാഗ്യ ചിഹ്നം ഫുലേക്കോ ചൈനയുടെ ഫാക്ടറികളിലും തയ്യാറായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ഓഫ്‌സെറ്റ് പ്രിന്റുകളില്‍ പണം പൊടിക്കുന്ന ഫ്‌ളക്‌സുകള്‍ നാമെന്തിന് തയ്യാറാക്കണം..?
നാം ആട്ടിയോടിച്ച ബ്രിട്ടീഷുകാരന്റെയും പോര്‍ചുഗീസുകാരന്റെയും ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും സംസ്‌കാരമാണ് നാം നമ്മുടെ തെരുവോരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പരസ്പരം വാശിയോടെ ഫാന്‍സനുസരിച്ച് ടീമുകള്‍ തിരിച്ച് കളിക്കളത്തില്‍ തര്‍ക്കങ്ങള്‍ വിതയ്ക്കുന്ന സൗഹൃദ മത്സരങ്ങളും വാശിയേറിയ വാതുവയ്പുകളും നമുക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നു...
ആദര്‍ശം പണയം വയ്ക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ കാര്‍ന്നു തിന്നുന്നുവെന്ന സത്യം നാം മനസ്സിലാക്കണം. ബ്രട്ടീഷുകാര്‍ക്കെതിരേ ആദര്‍ശ സംസ്‌കാര സംരക്ഷണത്തിന് യുദ്ധം ചെയ്ത മുന്‍ഗാമികളുടെ പിന്‍തലമുറക്കാരായ നാം ഇത്തരം സംസ്‌കാരങ്ങളെയും ആട്ടിയോടിക്കേണ്ടതുണ്ട്. അപ്പോഴാണ് യുവത യുവത്വത്തെയും മുസ്‌ലിം ഇസ്‌ലാമിനെയും മനസ്സിലാക്കുന്നത്...
യഥാര്‍ത്ഥത്തില്‍, മലബാറിനെ തിരഞ്ഞു പിടിച്ച് സംസ്‌കാരിക ഉന്‍മൂലനം നടത്താനുള്ള ചിലരുടെ ശ്രമമാണിത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന അച്ചടി മാധ്യമങ്ങള്‍ മലബാറിലേക്കെത്തുമ്പോള്‍ ഫുട്‌ബോള്‍ സപ്ലിമെന്റുകളിറക്കുന്നു. മലബാറിലെ മുസല്‍മാന്റെ ഈമാന് ക്ഷതം സംഭവിക്കുന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിന് വളംവച്ചു നല്‍കുന്ന നാം ചെയ്യുന്നത് രണ്ട് അപരാധങ്ങളാണ്. നമുക്ക് വേണ്ടി ത്യാഗം ചെയ്ത പ്രപിതാക്കളെ നാം ധിക്കരിക്കുന്നതോടൊപ്പം മുസ്‌ലിമെന്ന ലാബലില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് ഓശാന പാടുന്നു...
ഇതു വരെ അധികം മത്സരങ്ങള്‍ക്കും വേദിയായിരുന്നത് കൊച്ചിയായിരുന്നു. കൊച്ചിയിലെ ജനങ്ങള്‍ സത്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചില മാധ്യമങ്ങള്‍ അവര്‍ക്ക് സത്യം മനസ്സിലാക്കി കൊടുത്തിരിക്കുന്നു. ഈ വിധത്തിലുള്ള മത്സരങ്ങള്‍ ആപത്താണെന്നും സാംസ്‌കാരിക ഉന്മൂലനം ഉണ്ടാകുമെന്നും മനസ്സിലാക്കിയ അവര്‍ അതിനെ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനാലാണ് കൊച്ചി സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുന്നത്...
ഫുട്‌ബോള്‍ ടീമുകളെ പുകഴ്ത്തി തെരുവുകളില്‍ ഫ്‌ളക്‌സുകള്‍ വര്‍ധിക്കുന്നതിനു മുമ്പ് തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരേ നാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. പ്രപിതാക്കള്‍ കാണിച്ചു തന്ന പാതയില്‍ സഞ്ചരിച്ച് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കല്‍ ഓരോ മാപ്പിള മുസ്‌ലിമിന്റെയും കടമയാണ്. അതിനാല്‍, ഇത്തരം സാംസ്‌കാരിക പതനത്തിന് കാരണമാകുന്ന നീച പ്രവൃത്തികള്‍ നമ്മില്‍ നിന്ന് തുടച്ചു നീക്കാന്‍ നാം ഛിദ്രതകള്‍ മറന്ന് ഏകീകരിക്കണം. എന്നാല്‍ നമുക്ക് നമ്മുടെ തലമുറയെ രക്ഷിക്കാനാവും...
No comments:
Post a Comment