Saturday, 11 August 2018

പ്രാർത്ഥന.... ഇസ്തിഗ്ഫാർ...



   എന്താണ്‌ പ്രാര്‍ത്ഥിക്കുന്നതെന്ന്‌ സ്വയം മനസ്സിലാക്കി മനസ്സാന്നിദ്ധ്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥന ഫലവത്താവൂ! എന്നാല്‍ മാത്രമേ, നമുക്ക്‌ സമാധാനവും ശാന്തിയും കൈവരൂ! ഹൃദയം തട്ടിയുള്ള പ്രാര്‍ത്ഥനകളാണ്‌ അല്ലാഹു സ്വീകരിക്കുക. അല്ലാഹുവിന്‌ അറിയാത്തതായി ഒരു ഭാഷയുമില്ല. ആയതിനാല്‍ , ആവശ്യങ്ങള്‍ , മലയാളത്തില്‍ ത്തന്നെ ഹൃദയം തുറന്ന്‌ അല്ലാഹുവിനോട്‌ ചോദിക്കാം. പ്രാര്‍ത്ഥനയ്ക്കുത്തരം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്‌ നമസ്കാരത്തിന്‌ ശേഷമുള്ള സമയം. ഫര്‍ള്‌ നമസ്കാരങ്ങള്‍ക്കും, സുന്നത്ത്‌ നമസ്കാരങ്ങള്‍ക്കും ശേഷമുള്ള സമയങ്ങളില്‍ എന്താവശ്യങ്ങളും അല്ലാഹുവിന്‌ സമര്‍പ്പിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ പെട്ടെന്നു തന്നെ ഇത്തരം കിട്ടിക്കൊള്ളണമെന്നില്ല. കുറെ തവണ ചോദിയ്ക്കുമ്പോള്‍ , കുറച്ച്‌ വൈകിയാലും അല്ലാഹു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കില്ല.
ഒരു നബിവചനം ശ്രദ്ധിക്കുക.

 'മനുഷ്യന്‍ പ്രാര്‍ത്ഥിച്ചാല്‍ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ ലഭിക്കാതിരിക്കില്ല. ഒന്നുകില്‍ , അവന്റെ ആവശ്യം നിറവേറും. അതുമല്ലെങ്കില്‍ , അവന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത്‌ അവനുവേണ്ടി പരലോകത്ത്‌ അല്ലാഹു സൂക്ഷിച്ചുവെയ്ക്കും'. അല്ലാഹുവിനോട്‌ ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു ലജ്ജയും തോന്നേണ്ടതില്ല. നമ്മുടെ ജീവനാഡിയേക്കാള്‍ അടുത്തുള്ള അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌ എന്ന ധാരണയോടെ തന്നെയായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്‌. നമ്മുടെ ചുറ്റുപാടും ദാരിദ്യ്രം കൊണ്ടും രോഗങ്ങള്‍ കൊണ്ടും മറ്റും കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്‌. തങ്ങളെ അല്ലാഹു ശ്രദ്ധിക്കുന്നില്ല! എന്നായിരിക്കും ഇവര്‍ പറയുക. പക്ഷെ, ഇവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഇല്ലെന്നതാണ്‌ സത്യം. വെറും പ്രാര്‍ത്ഥന കൊണ്ട്‌ കാര്യമില്ല. ആദ്യം അഞ്ചുനേരം നമസ്കാരം നിലനിര്‍ത്തി ഒരു മുസ്ലിമാവുകയാണ്‌ വേണ്ടത്‌. പിന്നീട്‌, നമസ്കാര ശേഷവും മറ്റ്‌ സമയങ്ങളിലും ദുരിതങ്ങളിൽ നിന്നും  ദാരിദ്യ്രത്തില്‍ നിന്നും രോഗദുരിതങ്ങളില്‍ നിന്നും ഞങ്ങളെ കരകയറ്റേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യേണ്ടത്‌.

സഹോദരങ്ങളേ....
അല്ലാഹുവിനോട് ഇസ്തിഅഫാർ വർദ്ധിപ്പിക്കേണ്ട സമയമാണിത്,
കേരളത്തിന്റെ ഒരു ഭാഗം മഴക്കെടുതി കൊണ്ടും മറ്റൊരു ഭാഗം ഉരുൾപൊട്ടൽ കൊണ്ടും, അതോടൊപ്പം നിറഞ്ഞ് കവിഞ്ഞ വെള്ള സംഭരണികളായി ഡാമുകളും. വെള്ളം കൊണ്ട് അല്ലാഹു നമ്മെ പരീക്ഷിക്കുന്നു....
ഇത് അല്ലാഹുവിന്റെ ശിക്ഷയാകാതിരിക്കാൻ നാം എല്ലാം അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ഇസ്തിഅഫാർ ധാരാളമായി വർദ്ധിപ്പിക്കുകയും ചെയ്യുക......

ഒരു വ്യക്തിക്ക് ഭൂമിയിൽ  അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപെടാൻ രണ്ടു കാര്യമാണുള്ളത്.
ഒന്നാമത്തെ കാര്യം നമ്മുടെ ഇടയിൽ നിന്നും എടുത്തു മാറ്റി, രണ്ടാമത്തേത് ഇപ്പോഴും നമുക്ക് ലഭ്യമാണ്.
ഒന്നാമത്തെ കാര്യം എന്ന് പറഞ്ഞത് അല്ലാഹുവിന്റെ റസൂൽ (സ) ആണ്. രണ്ടാമത്തേത് ഇസ്തിഗ്ഫാറും.

*"എന്നാൽ നീ അവർക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കേ അള്ളാഹു അവരെ ശിക്ഷിക്കുന്നതല്ല. അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അള്ളാഹു അവരെ ശിക്ഷിക്കുന്നതല്ല.* (അൽ അൻഫൽ - 8 : 33)

ഒരിക്കലും ഇസ്തിഗ്ഫാർ ഒഴിവാക്കരുത്, നിസ്സാരമായി കാണരുത്.അല്ലാഹുവിനോട് ആത്മാർഥമായി ഇസ്തിഗ്ഫാർ ചൊല്ലുക. ഇന്ഷാ അല്ലാഹ്. അള്ളാഹു അതിനു ഉത്തരം നൽകുക തന്നെ ചെയ്യും.

ആരെങ്കിലും തുടർച്ചയായി ഇസ്തിഗ്ഫാർ ചെയ്താൽ അവന്റെ പ്രയാസങ്ങളും മനഃസ്‌താപങ്ങലും നീക്കുന്നതോടൊപ്പം , അവൻ ഒരിക്കലും പ്രതീക്ഷിക്കാത്തവിധം അവനു അല്ലാഹുവിന്റെ അടുത്ത് നിന്നും അനുഗ്രഹങ്ങൾ ലഭിക്കുന്നതാണ്.
എല്ലാ വിധത്തിലുള്ള പ്രകൃതിദുരന്തത്തിൽ നിന്നും الله എല്ലാവരേയും കാത്തുരക്ഷിക്കട്ടെ
വിപത്തുകളിൽ പെട്ടവർക്ക് الله ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)


Thursday, 9 August 2018

"സംസം" അൽഭുത ങ്ങളുടെ നീരുറവ





     * കഥ പറയുന്ന സംസം *


   ...ഉദാത്തമായ ഒരു നാഗരികതയുടെയും അനന്യമായ ഒരു സംസ്കാരത്തിന്റെയും അനശ്വരമായ സ്മാരകമാണ് ഒരിക്കലും വറ്റാത്ത അത്ഭുതപ്രവാഹമായ വിശുദ്ധ സംസം എന്ന നീരുറവ. പ്രവാചകന്മാരും സദ് വൃത്തരുമായ അനേകം വിശ്വാസികളുമായി സുദൃഢബന്ധമുള്ള ആ വിശുദ്ധ തീര്‍ത്ഥം സഹസ്രാബ്ദങ്ങളായി ഉത്കൃഷ്ട സന്ദേശവും പേറി മക്കാ മണ്ണില്‍ കഅ്ബായുടെ മുറ്റത്ത് ശാന്തഗംഭീരമായി, മനുഷ്യവംശത്തി നാശ്വാസമായി നിലകൊള്ളുന്നു...

 സംസം മഹത്തായ പുണ്യപാനമാണ്. അതിന്റെ പ്രഭവചരിത്രം ഇങ്ങനെ സംഗ്രഹിക്കാം...

 പ്രവാചക ശ്രേഷ്ഠരായ ഇബ്രാഹിം(അ) അല്ലാഹു *ﷻ* ന്റെ ഉത്തരവനുസരിച്ച് പുത്രന്‍ ഇസ്മാഈലി(അ)നെയും ബീവി ഹാജറി(റ)നെയും ജനവാസമില്ലാത്ത മക്കാ തരിശുഭൂമിയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ നാമാവശേഷമായ കഅ്ബാ ശരീഫിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് അന്നവിടെയുണ്ടായിരുന്നത്...

 വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ആ വിജനമണ്ണില്‍ ഉമ്മാക്കും മകനും ഭക്ഷിക്കാനായി ഒരു പാത്രം വെള്ളവും കുറച്ച് കാരക്കയും നല്‍കി ഇബ്രാഹിം(അ) സ്വദേശത്തേക്ക് മടങ്ങാന്‍ ഒരുങ്ങി. സഹനശാലിനിയായ ഹാജര്‍(റ) പിന്തുടര്‍ന്നുകൊണ്ട് ചോദിച്ചു.

 ‘ഈ വിജനമായ മലഞ്ചെരുവില്‍ എന്നെയും ഒരു കൊച്ചു കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് നിങ്ങള്‍ പോകയാണോ..? അല്ലാഹു *ﷻ* ഇപ്രകാരമാണോ കല്‍പ്പിച്ചത്..?'

 വ്യാകുലചിത്തയായി അവര്‍ പലവുരു ചോദ്യമാവര്‍ത്തിച്ചപ്പോള്‍ നിറകണ്ണുകളോടെ ഇബ്രാഹിം(അ) :

‘അതെ, അല്ലാഹു *ﷻ* അപ്രകാരം കല്‍പ്പിച്ചിരിക്കുന്നു’ എന്നു പ്രത്യുത്തരം നല്‍കി സ്ഥലം വിട്ടു...

ദൃഢചിത്തയായ ഹാജര്‍ ഉടനെ പ്രതികരിച്ചു...

 ‘എങ്കില്‍ നിങ്ങള്‍ പൊയ്ക്കൊള്ളുക. അല്ലാഹു *ﷻ* ഞങ്ങളെ പാഴാക്കുകയില്ല’...

 അവര്‍ കുറച്ചുദിവസം അങ്ങനെ മക്കാ മരുഭൂമിയില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുത്തും താന്‍ വെള്ളം കുടിച്ചും കഴിഞ്ഞുകൂടി. കയ്യിലുള്ള വെള്ളമെല്ലാം തീര്‍ന്നപ്പോള്‍ അവര്‍ പരിഭ്രാന്തയായി. ഇനി എന്തുചെയ്യും..? ഈ വിജനമായ മരുഭൂമിയില്‍ ഒരിറ്റുവെള്ളം പോലുമില്ലാതെ ഒരു ചോര പൈതലിനെയുമായി ഞാന്‍ തനിച്ച്. അവര്‍ വിഷാദിച്ചു. ഈ വിഷാദാവസ്ഥയില്‍ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ ഇന്ന് കഅ്ബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സ്വഫാ കുന്നിലേക്ക് അവര്‍ പുറപ്പെട്ടു. മലഞ്ചെരുവില്‍ ആരെങ്കിലുമുണ്ടോ? എന്ന് നോക്കി. ഫലം നിരാശ. തല്‍ക്ഷണം സ്വഫയില്‍ നിന്ന് താഴ് വരയിലേക്കിറങ്ങി കുപ്പായത്തിന്റെ അടിവശം മേല്‍പ്പോട്ടുയര്‍ത്തിപ്പിടിച്ച് മര്‍വാ കുന്നിലേക്ക് നടന്നു. അതിനിടെ കുറച്ച് ദൂരം അവര്‍ വേഗത കൂട്ടിയിരുന്നു. മര്‍വയിലെത്തി നാലുപാടും നോക്കി. ആരുമില്ല. നിരാശയായ ഹാജര്‍ കുടിനീരിനു വേണ്ടി വീണ്ടും സ്വഫാ മര്‍വക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ പാഞ്ഞു. നബി *ﷺ* ഇടക്ക് പറയുകയുണ്ടായി...

‘അതിന്റെ സ്മരണയായിട്ടാണ് ജനങ്ങള്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്യ് ചെയ്യുന്നത്’ എന്ന്. ഏഴാം തവണ മര്‍വയില്‍ വെച്ച് ഒരശരീരി കേട്ടു. ഉടനെ അവര്‍ അങ്ങോട്ട് തിരിച്ചു ഇപ്രകാരം പറഞ്ഞു:

 ‘നിന്നെക്കൊണ്ട് വല്ല സഹായവും കഴിയുമെങ്കില്‍ എന്നെ സഹായിക്കുക’. (ബുഖാരി)

തുടര്‍ന്ന് ഇസ്മാഈലി(അ)നെ കിടത്തിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അത്യത്ഭുതകരമായ കാഴ്ച കാണുകയുണ്ടായി. കുഞ്ഞിന്റെ കാലിന്റെ അടിഭാഗത്തു നിന്നും വെള്ളം ശീഘ്രമായി പൊട്ടിയൊഴുകുന്നു. ശക്തിയായി പ്രവഹിക്കുന്ന വെള്ളം തടുത്തുനിര്‍ത്തുവാനായി അവര്‍ ചുറ്റുപാടും മണ്ണുകൂട്ടിയിട്ടു.

“സംസം അടങ്ങുക, അടങ്ങുക” എന്നു പറഞ്ഞു. അപ്രകാരമാണ് ഈ അത്യത്ഭുത തീര്‍ത്ഥത്തിന് സംസം എന്ന് നാമം വീണത്. സംഭവ വിവരണത്തിനിടയില്‍ പ്രവാചകര്‍ *ﷺ* അരുള്‍ ചെയ്തു. ‘ഹാജറിന് അള്ളാഹു കരുണ ചെയ്യട്ടെ. അവര്‍ ആ ജലപ്രവാഹം തടുത്തുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇവിടെ പരന്നൊഴുകുന്ന ഒരു പുഴ തന്നെ സംജാതമാകുമായിരുന്നു’...

നബി *ﷺ* പറഞ്ഞു; “സംസം ജിബ്രീലിന്റെ (അ) ചവിട്ടുകൊണ്ട് പ്രവഹിച്ചതും ഇസ്മാഈല്‍ നബി(അ) കുടിച്ചിരുന്നതുമാണ്’. അവിടെ മുതല്‍ സംസം പുണ്യതീര്‍ത്ഥം സഹസ്രാബ്ദങ്ങളുടെ ഉദാരപ്രവാഹമായി ജനങ്ങളുടെ ദാഹം തീര്‍ത്തുകൊണ്ടിരിക്കുന്നു. ഇടതടവില്ലാതെ ജനലക്ഷങ്ങൾ അവരവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി സംസം വെള്ളം നിര്‍ലോഭം ഉപയോഗിക്കുന്നു. അതിശക്തിയുള്ള മോട്ടോര്‍ പമ്പുകളുപയോഗിച്ച് സദാ നേരവും ആ വിശുദ്ധ ജലം പുറത്തെടുക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് കണക്കില്ലാതെ തീര്‍ത്ഥാടകര്‍ വര്‍ഷംപ്രതി കൊണ്ടുപോകുന്നു. എല്ലാം ഒരു കൊച്ചു കിണറില്‍ നിന്ന്. സംസം കിണര്‍ വറ്റിയ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല...

 സംസം വെള്ളത്തിന്റെ പുണ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി *ﷺ* പറയുന്നു:

 “സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്. രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു *ﷻ* ശിഫ നല്‍കും. ദാഹശമനം കരുതി കുടിച്ചാല്‍ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാല്‍ അല്ലാഹു വിശപ്പുതീര്‍ക്കും’
 (ഇമാം ഹാകിം, ദാറുഖുത്വ്നി)

 ത്വവാഫിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം കഴിഞ്ഞാല്‍ സംസം കുടിക്കല്‍ വളരെ പുണ്യപ്പെട്ട കാര്യമാണ്. മഹാനായ നബി *ﷺ* അപ്രകാരം ചെയ്തിരുന്നു. സംസം കുടിക്കലും അതുകൊണ്ട് വയറ് നിറയ്ക്കലും എല്ലാവര്‍ക്കും എപ്പോഴും സുന്നത്താണ്. സംസം കുടിക്കുന്നത് ഖിബ്ലക്ക് അഭിമുഖമായി സദുദ്ദേശ്യങ്ങള്‍ മനസ്സില്‍ കരുതി ബഹുമാനപൂര്‍വ്വമായിരിക്കണം...

 സംസം കിണര്‍ കഅ്ബാശരീഫിന്റെ തൊട്ടടുത്ത് മത്വാഫില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. സംസം കിണറിനരികില്‍ വെച്ച് പ്രത്യേക നിസ്കാരം സുന്നത്തില്ല. എന്നാല്‍ പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന സ്ഥാനങ്ങളില്‍ പെട്ടതാണത്. പക്ഷേ, ത്വവാഫിന് കൂടുതല്‍ സൗകര്യ മുണ്ടാക്കുന്നതിന്റെ ഭാഗമായി മതാഫില്‍ നിന്ന് സംസം കിണറിലേക്കുള്ള വഴി ഇപ്പോള്‍ പൂര്‍ണമായി അടച്ചിരിക്കുന്നു. പകരം മതാഫില്‍ നിന്ന് തന്നെ സംസം കുടിക്കുന്നതിന് വേണ്ടി മസ്ജിദുല്‍ ഹറമിന്റെ ചുമരില്‍ ധാരാളം ടാപ്പുകള്‍ പിടിപ്പിച്ച് സൗകര്യം ചെയ്തിട്ടുണ്ട്...

 പുറമെ മസ്ജിദുല്‍ ഹറമില്‍ വ്യാപകമായി നിരത്തിയിട്ടുള്ള സുഖ്യാ സംസം ഹാജിമാര്‍ക്ക് പള്ളിയില്‍ എവിടെവെച്ചും വെള്ളം കുടിക്കാനുള്ള സൗകര്യം നല്‍കുന്നു. അറേബ്യയിലെ ഉഷ്ണകാലാവസ്ഥയില്‍ വിശേഷിച്ചും കൂടുതലായി വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്ന് വൈദ്യവിദഗ്ധന്മാര്‍ ഇടക്കിടെ അവിടെ ഉപദേശിക്കാറുണ്ട്. അത് സംസം കൂടിയായാല്‍ പറയേണ്ടതില്ലല്ലോ.
സത്യവിശ്വാസി സംസം വയറുനിറയെ കുടിക്കുമെന്നും കപടന്മാര്‍ കുറച്ചുമാത്രം കുടിച്ച് മതിയാക്കുമെന്നും നബി *ﷺ* പറഞ്ഞിരിക്കുന്നു...

 സംസം കുടിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കല്‍ സുന്നത്തുണ്ട്...

 ഇരുന്നു കുടിക്കലാണ് സുന്നത്ത്. നബി *ﷺ* ഒരിക്കല്‍ സംസം നിന്ന് കുടിച്ചതായി വന്ന സംഭവം അനുവദനീയത വെളിപ്പെടുത്താനായിരുന്നു എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ തവണയുടെയും ആദ്യം ബിസ്മിയും ഒടുവില്‍ ഹംദും ചൊല്ലുക. അല്‍പ്പം തലയില്‍ ഒഴിക്കുക, നെഞ്ചും മുഖവും കഴുകുക എന്നിവ സുന്നത്താണ്...

 മക്കയില്‍ സംസം വിതരണത്തിനും ശീതീകരിക്കുന്നതിനും മറ്റുമായി ഒരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ശീതീകരിക്കാന്‍ ഉപയോഗിക്കുന്ന ഐസും സംസം കൊണ്ടുള്ളതാണെന്ന് വിശ്വസ്തര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മക്കയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ സംസം കൊണ്ടുപോകല്‍ സുന്നത്തുണ്ട്. റസൂല്‍ *ﷺ* തോല്‍പ്പാത്രങ്ങളിലും മറ്റും സംസം നിറച്ച് മദീനത്തേക്ക് കൊണ്ടുപോവുകയും അതില്‍നിന്ന് രോഗികളുടെ മേല്‍ ഒഴിക്കുകയും കുടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബീവി ആഇശ(റ) വെളിപ്പെടുത്തിയിട്ടുണ്ട്...


ഹജ്ജ്





      *ഹജ്ജ്: പാരമ്പര്യ ചിത്രങ്ങൾ*



 
..സാമൂഹിക ഉച്ചനീചത്വങ്ങള്‍ വലിച്ചെറിഞ്ഞ് വിശ്വാസ ഐക്യത്തിന്റെ പുത്തന്‍ മുദ്രാവാക്യങ്ങളുയരുന്ന ഒരു മഹാസമ്മേളനമാണ് ഹജ്ജ്. വിശുദ്ധ കഅ്ബ പുനര്‍നിര്‍മിച്ച ഇബ്റാഹിം നബി(അ)യോട് അല്ലാഹു പറഞ്ഞു: “ജനങ്ങളെയെല്ലാം ഹജ്ജിന് ക്ഷണിക്കുക.” ഇബ്റാഹിം നബിയുടെ ക്ഷണം സ്വീകരിച്ച ജനങ്ങള്‍ കാലങ്ങളായി അങ്ങോട്ടൊഴുകുകയാണ്...

 മരുഭൂമിയില്‍ ഇബ്രാഹിം നബി(അ)മും കുടുംബവും അനുഭവിച്ച കദനകഥകള്‍ അതേപടിയാവര്‍ത്തിക്കാന്‍, എനിക്കുശേഷം ജനങ്ങളില്‍ എന്നെക്കുറിച്ച് നല്ല അഭിപ്രായ മുണ്ടാക്കണേ എന്ന ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ഥനയുടെ സാക്ഷാത്കാരം കൂടിയാണ് ഹജ്ജ്...

 വളരെയധികം പുണ്യകരമാണ് ഹജ്ജ്. സ്വീകാര്യയോഗ്യമായ (യഥാവിധി അനുഷ്ഠിച്ചിട്ടുള്ള) ഹജ്ജിനു പ്രതിഫലം സ്വര്‍ഗമാണെന്ന് നബി *ﷺ* പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതികമായ സാഹചര്യങ്ങളെല്ലാം അനുകൂലമായത് കൊണ്ട് മാത്രം ഹജ്ജ് സ്വീകാര്യയോഗ്യമാകുന്നില്ല. ഹജ്ജില്‍ അനുഷ്ഠിക്കുന്ന ആരാധനാകര്‍മ്മങ്ങളോട് പൂര്‍ണമായും മാനസികമായും പൊരുത്ത പ്പെടാന്‍ വിശ്വാസിക്ക് കഴിയണം. ഹജ്ജിന്റെ അനുഷ്ഠാനമുറകളെല്ലാം തഅബ്ബുദിയ്യ് (അല്ലാഹുവിന്റെ കല്‍പ്പനപോലെ ചെയ്യുക എന്ന തത്വം) ആയതിനാല്‍ നിസ്സാരമായ മാനുഷിക ബുദ്ധിക്കനുസരിച്ച് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുനീക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഈ മാനസിക പൊരുത്തം ലഭിച്ചുകൊള്ളണമെന്നില്ല...

 പൂര്‍ണമായും അല്ലാഹു *ﷻ* ന്റെ ഇഷ്ടദാസനായ ഇബ്രാഹിം നബി(അ)നെ അനുസ്മരിക്കുകയും അവിടത്തെ മഹത്വങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ആരാധനാകര്‍മ്മമായതിനാല്‍ തന്നെ മണ്‍മറഞ്ഞ മഹാന്മാരെ സ്മരിക്കുന്നതും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതും മഹാപാതകമായി കാണുന്നവര്‍ക്ക് ഒരിക്കലും ഹജ്ജുമായി സമരസപ്പെട്ടുപോകാന്‍ കഴിയില്ല...

 ഹജ്ജിന്റെ ഓരോ പ്രവര്‍ത്തനങ്ങളുമെടുത്ത് പരിശോധിക്കുക. ഇബ്രാഹിം നബി(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെയും ഭാര്യ ഹാജറബീവിയുടെയുമെല്ലാം സ്മരണകള്‍ മുഴച്ചുനില്‍ക്കുന്നത് കാണാം. അല്ലാഹു *ﷻ* ബഹുമാനിച്ച മഹാന്മാരെ ബഹുമാനിക്കണം. അല്ലാഹു *ﷻ* സ്നേഹിച്ചവരെ സ്നേഹിക്കണം എന്നീ കാര്യങ്ങള്‍ ഏതൊരാളുടെയും വിശ്വാസപൂര്‍ണതക്ക് അനിവാര്യഘടകമാണെന്ന് സ്ഥാപിക്കുകയാണ് ഹജ്ജിലൂടെ അല്ലാഹു *ﷻ* ചെയ്തത്...

 ആ വിശുദ്ധ സ്ഥലത്തുവെച്ച് ചെയ്യുന്ന എല്ലാ വേണ്ടാവൃത്തികളും ഈ മഹാന്മാരോടുമുള്ള അവഗണനയായിട്ടാണ് അല്ലാഹു *ﷻ* കാണുന്നത്. വേണ്ടാവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷകളേര്‍പ്പെടുത്തിയതും ഇതേ കാരണം കൊണ്ടാണ്. ഹജ്ജിന്റെ ചില കര്‍മ്മങ്ങളെടുത്ത് പരതിയാല്‍ നമുക്കിത് ബോധ്യപ്പെടും...

*സ്വഫാ മര്‍വക്കിടയിലെ സഅ് യ്*

 സ്വന്തം കുഞ്ഞ് ദാഹിച്ച് വലഞ്ഞപ്പോള്‍ വെള്ളം തേടിയിറങ്ങിയ ഒരു മഹതിയുടെ സ്മരണകള്‍ അയവിറക്കുകയാണിവിടെ. അല്ലാഹു *ﷻ* ന്റെ കല്‍പ്പന പ്രകാരമാണ് ഇബ്രാഹിം നബി(അ) മരുഭൂമിയില്‍ തന്നെയും മകനെയും തനിച്ചാക്കി യാത്രയാകുന്നതെന്നറിഞ്ഞപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ അതെല്ലാം സഹിക്കാന്‍ തയ്യാറായ മഹതിയാണവര്‍. ആബാലവൃദ്ധം ജനങ്ങളും ആ മഹതിയെ അനുകരിക്കണമെന്നും അവര്‍ സഹിച്ച ത്യാഗം മനസ്സിലാക്കുക വഴി അവരുടെ മഹത്വം അറിഞ്ഞിരിക്കണമെന്നും അല്ലാഹു *ﷻ* ന് നിര്‍ബന്ധമുണ്ട്...

 *▪️മിനായും കല്ലേറും...*

 തന്നെ സൃഷ്ടിച്ച നാഥനുവേണ്ടി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തനിക്കു ലഭിച്ച കുഞ്ഞിനെ വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരാണല്ലോ ഇബ്രാഹിം നബി(അ). സമര്‍പ്പണത്തിന്റെ പ്രതീകമായി മാറിയ ആ സംഭവത്തിനു സാക്ഷ്യം വഹിച്ച പുണ്യഭൂമികയാണ് മിന. ചരിത്രത്തിലെ ആ അനര്‍ഘനിമിഷം അനുസ്മരിച്ചെത്തുന്ന ഏതൊരാളിലും മാറ്റത്തിന്റെ പുതിയ അധ്യായങ്ങളറിയിക്കാന്‍ ഈ സംഭവം പര്യാപ്തമാകുമെന്നതില്‍ സംശയമില്ല. വാഗ്ദത്ത പൂര്‍ത്തീകരണത്തിനു തുനിയവേ ദുര്‍ബോധനങ്ങളുമായെത്തിയ പിശാചിനു മുന്നില്‍ ആ മഹാന്‍ കീഴടങ്ങിയില്ല. കല്ലെറിഞ്ഞോടിച്ചു. മിനായിലെത്തുന്ന ജനലക്ഷങ്ങളും ഇതേപടി ചെയ്തുവരുന്നു. അതിനായവര്‍ സജീവമാകുന്നു. പരിമിതമായ മനുഷ്യബുദ്ധിക്കുള്‍ക്കൊള്ളുന്നത് മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് നടക്കുന്ന 'പുത്തന്‍കൂട്ടുകാര്‍' പറയുന്ന വാക്കുകളോട് ഒരു ശതമാനമെങ്കിലും നീതി പുലര്‍ത്തുന്നുവെങ്കില്‍ കല്ലെറിയാന്‍ അവര്‍ക്ക് കഴിയുമോ..?

*ഹജറുല്‍ അസ് വദ്...*

ഓരോ ത്വവാഫിന്റെ സമയത്തും ഹജറുല്‍ അസ് വദ് തൊട്ടുമുത്തലും അതിനു കഴിയാത്തവര്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് ആ കൈ മുത്തലും സുന്നത്താണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നിറക്കിയ കല്ലാണ് ഹജറുല്‍ അസ് വദ്. പ്രവാചകന്മാരുടെയും മഹാന്മാരായ ഔലിയാക്കളുടെയും സ്പര്‍ശമേറ്റ് അനുഗൃഹീതമാണത്. അത്, തൊട്ടുമുത്തുന്നവന്റെ പാപങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. ഇതൊന്നും പക്ഷേ, പരിഷ്കരണവാദികള്‍ക്ക് ദഹിക്കുന്നില്ല...

 അവരില്‍ ചിലരെഴുതിയ വരികള്‍ ഇപ്രകാരം...

 “നൂറും അഞ്ഞൂറും ആയിരവും മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ ഓട്ടം ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്ബക്കു ചുറ്റും പ്രയാണം നടത്തുമ്പോള്‍ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുല്‍ അസ് വദ്. അതിനപ്പുറം അതിനു പ്രത്യേക പുണ്യമോ ദൈവികതയോ കല്‍പ്പിക്കാന്‍ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു”.

അല്ലാഹു *ﷻ* ഒരു വസ്തുവിനെ ആദരിച്ചാല്‍, അതിന് ഉത്കൃഷ്ടമായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍, അതിനെ അവമതിക്കാനുള്ള ഏതൊരു ശ്രമവും വിശ്വാസരാഹിത്യത്തിനുവരെ കാരണമാകുമെന്നത് സുവ്യക്തമാണല്ലോ. അല്ലാഹു ആദരിച്ച തിരുനബി *ﷺ* യുടെ സന്നിധിയില്‍ അവിടത്തേക്കാള്‍ ശബ്ദമുയര്‍ത്തുന്നത് സത്കര്‍മങ്ങളെല്ലാം പൊളിഞ്ഞുപോകാന്‍ കാരണമാകുമെന്നതിന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷിയാണല്ലോ....

 മൂസാ നബി(അ)യെ അവമതിച്ച ബല്‍ആമുബ്നു ബാഊറാഅ് എന്നയാള്‍ ആധഃപതിച്ച അഗാധ ഗര്‍ത്തത്തെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. ഹജറുല്‍ അസ് വദിന്റെ കാര്യത്തിലും സംശയദൃഷ്ട്യാ നോക്കുന്ന ബിദഇകളുടെ ദയനീയ സ്ഥിതി ആര്‍ക്കും മനസ്സിലാകുന്നതാണ്...

*സംസം...*

 ചരിത്രത്തിലെ വറ്റാത്ത നീരുറവയാണ് മാഉ സംസം. ഒപ്പം ഒരു മഹാസംഭവത്തിലേക്കുള്ള കാലാതിവര്‍ത്തിയായ ഒരു ചൂണ്ടുപലകയുമാണത്...

 ഇസ്മാഈല്‍ നബി(അ)ന്റെ പാദസ്പര്‍ശം മരുഭൂമിയുടെ താളംതെറ്റിച്ചു. ആ പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹം വറ്റാത്ത നീരുറവയായി നിര്‍ഗളിച്ചു. ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് മാറുകയായിരുന്നു. തിരുനബി *ﷺ* യുടെ കരങ്ങളില്‍നിന്നു പ്രവഹിച്ച തെളിനീര് കഴിഞ്ഞാല്‍ ലോകത്തേറ്റവും പുണ്യകരമായ വെള്ളമാണ് സംസം. എന്തു കാര്യമുദ്ദേശിച്ചാണോ സംസം വെള്ളം കുടിക്കുന്നത് ആ ആഗ്രഹ സഫലീകരണത്തിനത് നിമിത്തമാകുമെന്ന് തിരുനബി *ﷺ* പഠിപ്പിച്ചിട്ടുണ്ട്. ത്വവാഫിനുശേഷം സംസം വെള്ളം കുടിക്കല്‍ പ്രത്യേക സുന്നത്താണെന്ന് പണ്ഢിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്മാഈല്‍ നബി(അ)യുടെ ബറകത്തെടുത്താലേ ഹജ്ജ് സമ്പൂര്‍ണമാകൂ എന്ന് സാരം...

 ചുരുക്കത്തില്‍, മഹാന്മാരുടെ ബറകത്തെടുക്കാനോ അവരെ അനുസ്മരിക്കാനോ പാടില്ലെന്ന് ആയിരം നാക്കോടെ വിളിച്ചുകൂവുന്ന 'പുത്തന്‍ കൂട്ടുകാര്‍' തത്വത്തില്‍ ഇസ്ലാം കാര്യങ്ങള്‍ നാലാക്കി ചുരുക്കുയാണ് ചെയ്യുന്നത്. ഹജ്ജ് ചെയ്യുന്നിടത്ത് എല്ലാം അനുവദനീയവും അല്ലാത്തിടത്ത് ഹറാമുമാണെന്ന് പറയുന്നതിലെ വിരോധാഭാസം ആര്‍ക്കാണ് തിരിയാത്തത്......
..

ഉള്ഹിയ്യത്ത്......പഠനം



         *ഉള്‌ഹിയ്യത്ത്‌ നിയമങ്ങൾ*


..ഏതാണ്ട്‌ നാലായിരം വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ച്‌ കടന്നുപോയ ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) യുടെ വിളിക്കുത്തരം നൽകി ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും ലക്ഷക്കണക്കിന്‌ വിശ്വാസികൾ പുണ്യമക്കയെ ലക്ഷ്യം വെച്ച്‌ പുറപ്പെടുന്ന കാലം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെ കർമ്മം നിർവ്വഹിക്കാൻ അറബിയും അനറബിയും കറുത്തവനും വെളുത്തവനും തോളൊടുതോൾ ചേർന്ന് നിൽക്കുന്ന മാസം. ഏറ്റവും വലിയ ഹജ്ജിന്റെ നാൾ എന്ന് അല്ലാഹു വിശേഷിപ്പിച്ച പെരുന്നാൾ ദിനം. എന്ത്‌ കൊണ്ടും ദുൽ ഹിജ്ജ സമാഗതമാവുമ്പോൾ വിശ്വാസിയുടെ മനസ്സ്‌ ആനന്ദനിർവൃതി കൊള്ളുന്നു.

...ഈ മാസവുമായി ബന്ധപ്പെട്ട പുണ്യകർമ്മങ്ങളിൽ അതിപ്രധാനമായ ഒന്നാണ്‌ ഉള്‌ഹിയ്യത്ത്‌ (ബലിയറക്കൽ). ബലിയിലൂടെ നാം അനുസ്‌'മരിക്കുന്നത്‌ ഇബ്രാഹീം (അ) തന്റെ പുത്രൻ ഇസ്‌'മാ'ഈൽ (അ) നെ അറക്കാൻ തയാറായ സംഭവ ബഹുലമായ ചരിത്രമാണ്‌. ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏതാനും കർമ്മ ശാസ്‌'ത്ര വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്‌. സാധിക്കുന്നവർക്ക്‌ നിർബന്ധമാണെന്ന് വരെ അഭിപ്രായമുള്ള മഹത്തായ പുണ്യ കർമ്മമാണിത്‌. അത്‌ കൊണ്ട്‌ തന്നെ മ'റ്റെല്ലാ ദാനധർമ്മങ്ങളെക്കാളും ശ്രേഷ്‌'ടമായതുമിതാണ്‌.


*ആർക്കാണ്‌ സുന്നത്ത്‌?*

...പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനും തന്റേടിയുമായ ഉള്‌ഹിയ്യത്തിനു കഴിവുള്ള എല്ലാ മുസ്ലിമീങ്ങൾക്കും ഇത്‌ സുന്നത്താണ്‌. തനിക്കും താൻ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർക്കും ഉള്‌ഹിയ്യത്തുദ്ദേശിക്കുന്ന ദിനത്തിലും അതിന്റെ രാത്രിയിലും ആവശ്യമായ ചിലവിനും അല്ലാഹുവിനോ മനുഷ്യർക്കോ ഉള്ള കടബാധ്യത തീർക്കാനും വേണ്ടത്‌ കഴിഞ്ഞ്‌ മിച്ചം വരുന്നവരാണ്‌ കഴിവുള്ളവരെന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യം. അവർക്ക്‌ ഇത്‌ ഉപേക്ഷിക്കൽ കറാഹത്തുമാണ്‌. ഈ കറാഹത്തൊഴിവാകാൻ കുടുംബത്തിലെ ഒരാളറത്താൽ മതി. പക്ഷേ, അറത്തവനേ കൂലി ലഭിക്കുകയുള്ളൂവെന്ന് മാത്രം.

... പിതാവ്‌, പിതാമഹൻ എന്നിവർക്ക്‌ സ്വന്തം സ്വത്തിൽ നിന്നെടുത്ത്‌ തന്റെ കീഴിലുള്ള കുട്ടികൾക്ക്‌ വേണ്ടി ഉള്‌ഹിയ്യത്തറക്കാം. അവരുടെതായി പരിഗണിക്കുകയും ചെയ്യും. മറ്റാർക്കെങ്കിലും വേണ്ടി അറക്കണമെങ്കിൽ അവരുടെ സമ്മതമോ മരിച്ചവരെങ്കിൽ വസിയ്യത്തോ വേണം. അല്ലാതെ പറ്റില്ല. എങ്കിലും താനറുക്കുന്നതിന്റെ പ്രതിഫലത്തിൽ മരിച്ചവരെ കൂടി കരുതാവുന്നതും അവർക്കതിന്റെ കൂലി ലഭിക്കുന്നതുമാണ്‌.


*മര്യാദകൾ*

...ഉള്‌ഹിയ്യത്ത്‌ അറക്കാനുദ്ദേശിക്കുന്നവർക്ക്‌ ദുൽ'ഹിജ്ജ ഒന്ന് മുതൽ അറവ്‌ നടത്തുന്നത്‌ വരെ നഖം, മുടി പോലുള്ള ശ'രീരത്തിന്റെ ബാഹ്യമായ ഭാഗങ്ങൾ നീക്കൽ കറാഹത്താണ്‌. വെള്ളിയാഴ്ച പോലെയുള്ള നീക്കൽ സുന്നത്തായ ദിവസങ്ങളിലും കറാഹത്ത്‌ തന്നെ. വേദനയുള്ള പല്ല് പോലോത്തത്‌ നീക്കുന്നതും മാർക്കം ചെയ്യൽ, കട്ടവന്റെ കൈ മുറിക്കൽ പോലുള്ള നിർബന്ധ സാഹചര്യത്തിൽ നീക്കുന്നതും ഇതിൽ നിന്നൊഴിവാണ്‌. ഒന്നിലധികം അറവുദ്ദേശിക്കുന്നവർക്ക്‌ ഒന്നാമത്തതോടു കൂടി കറാഹത്ത്‌ ഒഴിവാകുമെങ്കിലും മുഴുവൻ അറക്കുന്നത്‌ വരെ നീക്കാതിരിക്കലാണ്‌ അഭികാമ്യം.

...സ്വയം അറക്കാൻ കഴിയുന്ന പുരുഷന്മാർക്ക്‌ സ്വയം അറക്കലും അല്ലാത്തവർക്ക്‌ മറ്റൊരാളെ ഏൽപ്പിക്കലുമാണ്‌ സുന്നത്ത്‌. ഏൽപ്പിക്കുന്നുവെങ്കിൽ ഇവൻ അവിടെ സന്നിഹിതനാവലും അറവ്‌ തന്റെ കുടുംബത്തിന്റെ അരികിൽ വെച്ചാവലും പുണ്യം തന്നെ. നേർച്ചയാക്കിയ മൃഗമല്ലെങ്കിൽ അറവിന്റെ നേരത്ത്‌ നിയ്യത്ത്‌ വേണം. അറവ്‌ മറ്റിരാളെ ഏൽപ്പിക്കുമ്പോലെ നിയ്യത്തും ഏൽപ്പിക്കാം. പക്ഷേ, നിയ്യത്ത്‌ ഏൽപ്പിക്കപ്പെടുന്ന വ്യക്തി മുസ്‌'ലിമായിരിക്കൽ നിബന്ധനയാണ്‌. നിയമമൊത്ത വേദക്കാരിൽ പെട്ട അന്യമതക്കാരെ അറവ്‌ ഏൽപ്പിക്കാമെങ്കിലും നിയ്യത്ത്‌ ഏൽപ്പിക്കാവതല്ല.

...അറവ്‌ പകലിലാക്കുക, മൃഗത്തെ ഖിബ്‌'ലയിലേക്ക്‌ തിരിക്കുക, കത്തി മൂർച്ചയാക്കുക, അറവിന്റെ നേരത്ത്‌ ബിസ്‌'മിയും നബി (സ) യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക പോലുള്ള സുന്നത്തുകൾക്ക്‌ പുറമെ ബിസ്‌'മിയുടെ മുമ്പും ശേഷവും മൂന്ന് തക്ബീർ ചൊല്ലലും
اللهم هذا منك، واليك، فتقبل مني
എന്ന് പ്രാർത്ഥിക്കലും ഉള്‌ഹിയ്യത്തിനു പ്രത്യേകം സുന്നത്താണ്‌.


*സമയം*

..പെരുന്നാൾ ദിനം സൂര്യനുദിച്ച്‌ ചുരുങ്ങിയ രീതിയിൽ രണ്ട്‌ റക്‌'അത്ത്‌ നിസ്‌'കാരവും രണ്ട്‌ ഖുതുബയും നിർവ്വഹിക്കാനുള്ള സമയം കഴിഞ്ഞത്‌ മുതൽ ദുൽ'ഹിജ്ജ 13 ആം ദിവസം സൂര്യനസ്തമിക്കുന്നത്‌ വരെ സമയമുണ്ടെങ്കിലും സമയമായതിനു ശേഷം സൂര്യൻ ഒരു കുന്തത്തിന്റെ തോത്‌ ഉയരുന്നത്‌ വരെ പിന്തിക്കലും പെരുന്നാളിന്റെ അന്ന് തന്നെ അറക്കലുമാണ്‌ ശ്രേഷ്ടം. ഒന്നിലധികം അറക്കുന്നുവെങ്കിലും വിധി ഇത്‌ തന്നെ. നബി (സ) ഒരു ദിവസം നൂറെണ്ണം അറുത്തത്‌ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയത്തിനു മുമ്പോ ശേഷമോ അറുത്താൽ അത്‌ ഉള്‌ഹിയ്യത്തായി പരിഗണിക്കില്ല. നെർച്ചയാക്കിയ മൃഗത്തെ സമയത്തിൽ അറത്തില്ലെങ്കിൽ പെട്ടെന്ന് തന്നെ അറക്കൽ നിർബന്ധമാണ്‌. ഉള്‌ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും അതിനു ബാധകവുമായിരിക്കും.


*എന്തിനെ അറക്കണം?*

..ആട്‌, മാട്‌, ഒട്ടകം എന്നിവയും ഇവ പരസ്‌'പരം ഇണ ചേർന്നുണ്ടായതും മാത്രമേ ഉള്‌ഹിയ്യത്തിനു പറ്റുകയുള്ളൂ. നെയ്യാടിന്‌ ഒരു വയസ്സും അല്ലെങ്കിൽ പല്ല് കൊഴിയലും കോലാട്‌, മാട്‌ ഇവകൾക്ക്‌ രണ്ട്‌ വയസ്സും ഒട്ടകത്തിന്‌ അഞ്ച്‌ വയസ്സും പൂർത്തിയാകണം. കോലാടിന്‌ ഒരു വയസ്സ്‌ മതിയെന്നും അഭിപ്രായമുണ്ട്‌. ഈ മൃഗങ്ങൾ പരസ്പരം ഇണ ചേർന്നുണ്ടായാൽ വയസ്സ്‌ കൂടുതൽ വേണ്ടതേതാണോ അതിന്റെ വയസ്സാണ്‌ കുട്ടിയിൽ പരിഗണിക്കുക. അപ്പോൾനെയ്യാടും കോലാടും ഇണ ചേർന്നുണ്ടായതിന്‌ രണ്ട്‌ വയസ്സ്‌ പൂർത്തിയാകേണ്ടി വരും.

..ഏഴാൾക്ക്‌ വരെ ഒട്ടകത്തിലും മാടിലും പങ്ക്‌ ചേരാം. ഏഴിലധികമായാലും ആടും മാടുമായി ഇണ ചേർന്നുണ്ടായതിൽ ഒന്നിലധികം പേരായാലും ഉള്‌ഹിയ്യത്ത്‌ ശരിയാവില്ല. സംഘം ചേർന്നറക്കുമ്പോൾ എല്ലാവരും ഉള്‌ഹിയ്യത്തിനെ തന്നെ ഉദ്ദേശിക്കുന്നവർ ആകണമെന്നില്ല. ചിലർ ഉള്‌ഹിയ്യത്തും ചിലർ അഖീഖഃയും വേറെ ചിലർ വെറും മാംസവും കരുതി അറക്കലും അനുവദനീയമാകും. ഒരാടറക്കലും ഒട്ടകത്തിലോ മാടിലോ പങ്ക്‌ ചേരലുമായാൽ ഉത്തമം ആടറക്കലാണ്‌.

...മൃഗത്തിന്റെ കാര്യത്തിൽ ഒട്ടകം, മാട്‌, നെയ്യാട്‌, കോലാട്‌ എന്നിങ്ങനെയും നിറത്തിൽ വെള്ള, മഞ്ഞ, തവിട്ട്‌ നിറം, ചുവപ്പ്‌, വെള്ളയിൽ മറ്റ്‌ നിറം കലർന്നത്‌ എന്നിങ്ങനെയുമാണ്‌ ശ്രേഷ്ടതാക്രമം. ആണും പെണ്ണുമായാൽ ആണാണുത്തമം. എന്നാൽ, കൂടുതൽ ഇണ ചേർന്ന ആണിനെക്കാൾ പ്രസവിക്കാത്ത പെണ്ണിനാണ്‌ മുൻ'ഗണന. പെണ്ണിലേറെ ശ്രേഷ്ടം നപുംസകമാണ്‌.


*നിബന്ധനകൾ*

..മാംസം ചുരുക്കുന്ന വിധത്തിലുള്ള ന്യൂനതയില്ലാത്തതായിരിക്കണം ഉള്‌ഹിയ്യത്തറക്കപ്പെടുന്ന മൃഗം. ചൊറി, മുടന്ത്‌, കുരുട്‌, ഗർഭം, മെലിഞ്ഞൊട്ടുക, ചെവി പൂർണ്ണമായോ ഭാഗികമായോ വേർപ്പെടുക പോലുള്ളത്‌ ന്യൂനതയാണ്‌. വാലോ അകിടോ ചന്തിയോ മുറിഞ്ഞതും ഇപ്രകാരം തന്നെ. പക്ഷേ, സൃഷ്ടിപ്പിലേ അകിടോ ചന്തിയോ ഇല്ലാത്തതും കൊമ്പില്ലാത്തതും പൊട്ടിയതും അൽപം പോലും വേർപ്പെടാതെ ചെവി മുറിഞ്ഞതും ശ'രീരം വലുതാവാൻ വേണ്ടി ചന്തിയിൽ നിന്ന് അൽപം മുറിക്കപ്പെട്ടതും മണിയുടക്കപ്പെട്ടതും ലിംഗമില്ലാത്തതും അയോഗ്യതയായി പരിഗണിക്കുകയില്ല. കൊമ്പുള്ളതാണ്‌ ഇല്ലാത്തതിനെക്കാൾ ഉത്തമമെങ്കിലും.


*നേർച്ചയാക്കൽ*

...മറ്റു സുന്നത്തുകളെ പോലെ തന്നെ ഉള്‌ഹിയ്യത്തും നേർച്ചയാക്കാവുന്നതും നേർച്ചയാക്കിയാൽ നിർബന്ധമാകുന്നതുമാണ്‌. ഇതെന്റെ ഉള്‌ഹിയ്യത്താണ്‌, ഞാനിതിനെ ഉള്‌ഹിയ്യത്താക്കി എന്നിവ പോലുള്ള വാക്കുകൾ നേർച്ചയുടെ ഫലത്തിലാണ്‌. ഒരു നിർണ്ണിത മൃഗത്തെക്കുറിച്ചാണിങ്ങനെ പറഞ്ഞതെങ്കിൽ അതോടുകൂടെത്തന്നെ ആ മൃഗം അവന്റെ ഉടമയിൽ നിന്ന് നീങ്ങുന്നതും ശേഷം വരുന്ന ഉള്‌ഹിയ്യത്തിന്റെ സമയത്ത്‌ തന്നെ അതിനെ അറക്കൽ നിർബന്ധവുമാണ്‌. ഉള്‌ഹിയ്യത്തിന്‌ ഭംഗം വരുന്ന തരത്തിൽ ന്യൂനതയുള്ള മൃഗമാണതെങ്കിലും ശരി. പക്ഷേ, ഉള്‌ഹിയ്യത്തായി ന്യൂനതയുള്ളതിനെ പരിഗണിക്കുകയില്ല.

...ഉള്‌ഹിയ്യത്തറുക്കാൻ കരുതിയത്‌ കൊണ്ടോ ആ കരുത്തോടെ മൃഗത്തെ വാങ്ങിയത്‌ കൊണ്ടോ അറക്കൽ നിർബന്ധമാവില്ല. മറിച്ച്‌ നേർച്ചയാക്കുകയോ മേൽ'വാക്കുകൾ ഉച്ചരിക്കുകയോ വേണം. ഇവിടെ കരുത്തിന്റെ ആവശ്യമില്ലെന്ന് മാത്രമല്ല, മറിച്ച്‌ കരുതിയത്‌ കൊണ്ട്‌ നിർബന്ധമല്ലാതാവുകയുമില്ല. നേർച്ചയാക്കൽ കൊണ്ട്‌ തന്റെ ഉടമയിൽ നിന്ന് ആ മൃഗം നീങ്ങുന്നത്‌ കാരണം പിന്നീട്‌ അതിനെ വിൽക്കാനോ വാടകക്ക്‌ കൊടുക്കാനോ പാടില്ല. മറ്റൊരാളിൽ നിന്ന് വാങ്ങിയ മൃഗത്തിൽ നേർച്ചയാക്കിയ ശേഷം കച്ചവടം ദുർബ്ബലപ്പെടുത്താൻ പറ്റുന്ന വല്ല ന്യൂനതയും കണ്ടാൽ അതിന്‌ നഷ്ടപരിഹാരം വാങ്ങാമെന്നല്ലാതെ തിരിച്ചു കൊടുക്കാൻ പറ്റില്ല. കാരണം, നേർച്ചയോട്‌ കൂടെ അതവന്റെ ഉടമയിൽ നിന്ന് നീങ്ങിയിരിക്കുന്നു. നേർച്ചയാക്കിയതോ അല്ലാത്തതോ ആയ മൃഗത്തിന്റെ പാൽ ദാനം ചെയ്യലാണ്‌ സുന്നത്ത്‌. അവനോ മറ്റുള്ളവർക്കോ ഉപയോഗിക്കാമെങ്കിലും കറാഹത്താണ്‌. വിൽപന നടത്തൽ അനുവദനീയമല്ല.

..നിർണ്ണിത മൃഗത്തെ നേർച്ചയാക്കുകയും വീഴ്ചയില്ലാതെ അത്‌ നഷ്‌'ടപ്പെടുകയോ നശിക്കുകയോ ന്യൂനതകൾ വരികയോ ചെയ്‌'താൽ പകരം മറ്റൊന്നിനെ അറക്കൽ നിർബന്ധമില്ല. തന്റെ വീഴ്ച കൊണ്ടാണ്‌ സംഭവിച്ചതെങ്കിൽ അതിനെ അറക്കുന്നതോടൊപ്പം ന്യൂനതയില്ലാത്ത മറ്റൊന്നിനെക്കൂടി അറക്കണം. ഉള്‌ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും ഇത്‌ രണ്ടിനും ബാധകവുമായിരിക്കും. നിർണ്ണിത മൃഗത്തെ ഉദ്ദേശിക്കാതെ നേർച്ചയാക്കി പിന്നീട്‌ ഒരു മൃഗത്തെ നിർണ്ണയിക്കുകയാണെങ്കിൽ അത്‌ ന്യൂനതകൾ ഇല്ലാത്തതായിരിക്കണം. പിന്നീട്‌ അതിന്‌ ന്യൂനതകൾ വന്നാൽ തന്റെ വീഴ്ച ഇല്ലാതെയാണെങ്കിലും അതിനെ അറത്താൽ മതിയാകില്ല. പകരം മറ്റൊന്നിനെ അറക്കണം. ആദ്യമൃഗം തന്റെ ഉടമയിലേക്ക്‌ തന്നെ വരുന്നതാണ്‌.


*മാംസവും തോലും*

....നിർബന്ധമായ ഉള്‌ഹിയ്യത്തിന്റെ തോലും കൊമ്പും മാംസവും മുഴുവനായും ദാനം ചെയ്യൽ നിർബന്ധമാണ്‌. അതിൽ നിന്ന് അൽപം പോലും അറത്തവൻ ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ചാൽ അതിന്റെ തോത്‌ സാധുക്കൾക്ക്‌ നൽകാൻ അവൻ ബാദ്ധ്യസ്ഥനാണ്‌. സുന്നത്തായ ഉള്‌ഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് അൽപമെങ്കിലും സാധുക്കൾക്ക്‌ ദാനം ചെയ്യൽ നിർബന്ധമാണ്‌. ആമാശയമോ, കരളോ, കഷ്‌'ണമാക്കി വെയിലിൽ ഉണക്കിയ മാംസമോ, വേവിച്ചതോ കൊടുത്താൽ മതിയാവില്ല. മാംസം മുഴുവനായി ഭക്ഷിക്കുകയോ സാധുക്കളല്ലാത്തവർക്ക്‌ നൽകുകയോ ചെയ്‌'താൽ നിർബന്ധ ബാധ്യത വീടാൻ വേണ്ടത്‌ അവൻ വാങ്ങിയോ മറ്റോ കൊടുക്കേണ്ടി വരും. ബാധ്യത വീട്ടാൻ കൊടുക്കുന്നത്‌ അറത്ത നാട്ടിൽ തന്നെയാവൽ നിബന്ധനയാണ്‌. നിർബന്ധമായ ഉള്‌ഹിയ്യത്തല്ലെങ്കിൽ തന്റെ ഉള്‌ഹിയ്യത്തിൽ നിന്ന് അറത്തവന്‌ ഭക്ഷിക്കൽ സുന്നത്തുണ്ട്‌. അത്‌ അൽപമാവലും കരളാവലുമാണ്‌ ശ്രേഷ്ടം. ഉള്‌ഹിയ്യത്തിന്റെ മാംസം, തോൽ, കൊമ്പ്‌, എന്നിവ അമുസ്‌'ലിമിനു നൽകലോ വിൽപന നടത്തലോ അറത്തവന്റെ കൂലിയായി നൽകലോ അനുവദനീയമല്ല. സ്വയം ഉപയോഗിക്കുകയോ ദാനം ചെയ്യുകയോ വേണം. തോൽ വിറ്റ്‌ അതിന്റെ വില ദാനം ചെയ്‌'താൽ മതിയെന്ന ഒരഭിപ്രായമുണ്ട്‌.........
.........

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...