Sunday, 2 September 2018

*പേരിടൽ*




* കുട്ടികൾക്ക് പേരിടൽ*
     

  .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുകര്‍ന്നതായി കാണാം. പേരിന്റെ മോടി മാത്രം പരിഗണിച്ച് കുട്ടികള്‍ക്കും മറ്റും പേരിടുമ്പോള്‍ പ്രവാചകന്‍ *ﷺ* നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളും പ്രോല്‍സാഹിപ്പിച്ച ശൈലികളും നമ്മുടെ പരിഗണനയിലുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമിക നാഗരികതകളില്‍ പ്രവാചകനും *ﷺ* ഭരണാധികാരികളും പെരുമയുള്ള പേരുകളും സ്ഥല നാമങ്ങളും സ്വീകരിച്ചിരുന്നതായി കാണാം...

 കുട്ടിപിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം. ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട്...
  (തുഹ്ഫ)

 പേരിടല്‍ പിതാവിന്റെ അവകാശമാണ്. പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത്...
  (ശര്‍വാനി)

നല്ല പേരിടല്‍ സുന്നത്താണ് ...
  (തുഹ്ഫ)

 ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും...

 മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി *ﷺ* ദര്‍ശനം. പേരിടുന്നതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു...

*കുഞ്ഞ്  ജനിച്ചാല്‍ പേരിടണം.*

 കുഞ്ഞുങ്ങള്‍ക്ക്‌ നല്ല പേരിടണം എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ് നല്ല നാമങ്ങള്‍. പിന്നെ അല്ലാഹു *ﷻ* ന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ എല്ലാ പേരുകളും നല്ലത് തന്നെ. തിരുനബി *ﷺ* യുടെ പേരും ഉത്തമ നാമങ്ങളില്‍ പെടുന്നു.  മഹാന്മാരുടെ പേരുകളും ഉചിതം തന്നെ. റഹ്മത്ത്, ബര്‍കത് തുടങ്ങിയ പേരുകള്‍ അനുചിതമാണ്, റഹ്മത് വീട്ടിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പലപ്പോഴും ഇല്ല എന്ന് പറയേണ്ടി വരില്ലേ എന്നതായിരിക്കും കാരണം...

 ഹാകീമുല്‍ ഹുകാം, ഖാളീ ഖുളാത്, മലികുല്‍ മുലൂക് തുടങ്ങിയ പരമാധികാരത്തെ സൂചിപ്പിക്കുന്ന പേരുകള്‍ നാമകരണം ചെയ്യല്‍ ഹറാമാണ്. നികൃഷ്ട നാമങ്ങള്‍ (ശൈത്വാൻ, ഗുറാബ്, ആസി(ദോഷി) എന്നീ പേരുകളൊന്നും പാടില്ല. അബ്ദുന്നബി, ജാറുള്ള തുടങ്ങിയ നാമങ്ങളും ഹറാമാണ്...

 അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി *ﷺ* പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക”
  (അബൂദാവൂദ് 5/236)

 ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (മുസ്‌ലിം 2132).

നബി *ﷺ* പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹു *ﷻ* വിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ്...
  (അബൂദാവൂദ് 5/237)

 ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു *ﷻ* രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു *ﷻ* പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും”
  (മുഗ്‌നി 4/295)

 ഇസ്‌ലാം സ്വീകരിച്ചവരുടെ നാമങ്ങള്‍ വളരെ സുന്ദരമാവണമെന്ന് പ്രവാചകൻ *ﷺ* ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രവാചകന്‍ *ﷺ* പലര്‍ക്കും പെരുമയുള്ള പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ആസിയ(ധിക്കരിച്ചവള്‍) യുടെ പേര് പ്രവാചകന്‍ മാറ്റുകയുണ്ടായി. നബി *ﷺ* അവളോട് പറഞ്ഞു: 'നീ ജമീല(സുന്ദരി)യാണ്' (മുസ്‌ലിം)

 സഹമ് ബിന്‍ മഅ്ബദ് അസ്സദൂസിയുടെ പേര് ബഷീര്‍ എന്നാക്കി മാറ്റി. അലി(റ) തന്റെ പുത്രന്മാര്‍ക്ക് പേരിട്ടത് ഹര്‍ബ്, ഹിര്‍ബ് എന്നായിരുന്നു. പ്രവാചകന്‍ *ﷺ* അത് തിരുത്തി ഹസന്‍, ഹുസൈന്‍ എന്നാക്കി മാറ്റുകയുണ്ടായി... (അഹ്മദ്)

അസ്‌റം (ദര്‍അ), അബില്‍ ഹകം (അബീ ശുറൈഹ്), ആസ് (അസീസ്), ഉത്‌ല-ശൈതാന്‍-ഹകം-ഉറാബ്-ഹുബാബ്-ശിഹാബ് (ഹിശാം), ഹര്‍ബ് (സില്‍മ്), മുല്‍തജിഅ് (മുന്‍ബഇസ്) എന്നിങ്ങനെ പേരുകള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. വരണ്ട ഭൂമി എന്നര്‍ത്ഥം വരുന്ന അര്‍ദുന്‍ ഗഫിറ എന്നതിനെ പച്ചപ്പ് എന്നാശയമുള്ള ഗളിറ എന്ന് നാമകരണം ചെയ്യുകയുണ്ടായി. വഴികേടിന്റെ താഴ്‌വര (ശിഅ്ബുദ്ദലാല) എന്നതിനെ സന്മാര്‍ഗത്തിന്റെ താഴ്‌വര (ശിഅ്ബുല്‍ ഹുദ) എന്നാക്കി പ്രവാചകന്‍ *ﷺ*. ബനൂസ്സനിയ, ബനൂ മഅ്‌വിയ എന്ന നീചമായ നാമങ്ങളെ പ്രവാചകന്‍ *ﷺ* ബനീറുശ്ദ (സന്മാര്‍ഗത്തിന്റെ സന്തതികള്‍) എന്നാക്കി മാറ്റിവിളിച്ചു...

 സഈദു ബിന്‍ മുസയ്യബ് നിവേദനം ചെയ്യുന്നു. അദ്ദേഹത്തിന്റ ഗുസ്‌ന് എന്നു പേരുള്ള പിതാമഹന്‍ പ്രവാചകൻ *ﷺ* യുടെ അടുത്ത് പോയി. താങ്കളുടെ പേരെന്താണെന്ന് പ്രവാചകന്‍ *ﷺ* ചോദിച്ചു. 'ഗുസന്‍' അദ്ദേഹം മറുപടി പറഞ്ഞു. നബി *ﷺ* പറഞ്ഞു. ഇനി മുതല്‍ താങ്കള്‍ 'സഹല്‍'  ആണ്. തന്റെ പിതാവ് നല്‍കിയ പേര് തിരുത്താന്‍ ഞാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇബ്‌നു മുസ്അദ് പറഞ്ഞു. അതിന് ശേഷം ഞങ്ങളില്‍ നിന്നും ദുഖം നീങ്ങിയിട്ടില്ല... (ബുഖാരി)

 പേരിടുന്ന വിഷയത്തില്‍ പ്രവാചകന്‍ *ﷺ* ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കാണാം. 'അല്ലാഹു *ﷻ* ന് ഏറ്റവും പ്രിയങ്കരമായ നാമങ്ങള്‍ അബദുല്ല, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവയാണ്.  ഹാരിസ്, ഹമാം എന്നിവ നല്ല പേരുകളാണ്. ഏറ്റവും നീചമായ നാമങ്ങളാണ് ഹര്‍ബ്, മുര്‍റ തുടങ്ങിയവ...
  (അബൂദാവൂദ്)

 പ്രവാചകന്‍ *ﷺ* ഇപ്രകാരം ചില നാമങ്ങളടെ പേരുകള്‍ പരിഷ്‌കരിച്ചതായി കാണാം. മദീനയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ യസ്‌രിബ് എന്ന പേര് മാറ്റി മദീന എന്നു നാമകരണം ചെയ്യുകയുണ്ടായി. അരോചകമായ സ്ഥലനാമങ്ങളെ ഹബീബ് *ﷺ* വെറുത്തിരുന്നു. ഒരു യുദ്ധ സന്ദര്‍ഭത്തില്‍ രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ഈ മലയുടെ പേരെന്താണെന്ന് പ്രവാചകന്‍ *ﷺ* ചോദിച്ചു. ഫാളിഹ്, മഹ്ദിന്‍ എന്നാണവയുടെ പേര് എന്നറിയിച്ചപ്പോള്‍ പ്രവാചകന്‍ *ﷺ* അവിടെ നിന്നും മാറി നടന്നു. ആ പാത ഉപേക്ഷിക്കുകയും ചെയ്തു...
  (സാദുല്‍ മആദ്)

 തന്റെയടുത്തേക്ക് ആരെങ്കിലും ദൂതന്മാരെ അയക്കുകയാണെങ്കില്‍ നല്ല പേരും മുഖ പ്രസന്നതയുള്ള ആളെ അയക്കുക എന്ന് പ്രവാചകന്‍ *ﷺ* നിര്‍ദ്ദേശിക്കുകയുണ്ടായി...
  (ത്വബ്‌റാനി)

 ഇസ്‌ലാമിക രാഷ്ട്രത്തിലെ ഖലീഫമാരുടെയും സുല്‍ത്താന്‍മാരുടെയും ഭരണാധികാരികളുടെയും നാമങ്ങള്‍ സുന്ദരവും പ്രൗഢിയുമുള്ളതായിരുന്നതായി കാണാം. സേഛ്വാധിപത്യത്തിന്റെയും അധികാരത്തിന്റെയും ബലം പ്രകടമാക്കുന്ന പേരുകളായിരുന്നു ഇസ്‌ലാമിന് മുമ്പുള്ള ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. അത്തരത്തലുള്ള പേരുകള്‍ വിളിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി.  'രാജാധിരാജന്‍' എന്ന് ഒരുവനെ അഭിസംബോധന ചെയ്യുന്നതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീചമായത് ' (മുസ്‌ലിം).

 ഭരണാധികാരികളും സുല്‍ത്താന്‍മാരും തങ്ങളുടെ പേരുകള്‍ അല്ലാഹു *ﷻ* ലേക്ക് ചേര്‍ത്തു വിളിച്ചത് ഇക്കാരണത്താലാണ്. അബ്ബാസികളില്‍ എട്ടാമനായ മുഅ്തസിം ബില്ലാഹിയാണ് ഈ ചര്യക്ക് തുടക്കം കുറിച്ചത്. മുതവക്കില്‍ അലല്ലാഹ്, മുസ്തഈന്‍ ബില്ലാഹ്, മുന്‍തസിര്‍ ബില്ലാഹ്, മുഖ്തദിര്‍ ബില്ലാഹ്, മുസ്തന്‍സിര്‍ ബില്ലാഹ്, മുസ്തഅ്‌സിം ബില്ലാഹ്, മുസ്തളീഅ് ബിനൂരില്ലാഹ്, അന്നാസിര്‍ ലിദീനില്ലാഹ്...എന്നിങ്ങനെ തുടര്‍ന്ന് വന്ന ഭരണാധികള്‍ ആ ചര്യ നിലനിര്‍ത്തുകയുണ്ടായി...

 മന്ത്രിമാരിലും നേതാക്കളിലും പണ്ഡിതന്മാരിലും പെട്ടവര്‍ ദീനുമായി ബന്ധപ്പെട്ട നാമങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിച്ചതായി കാണാം. അതില്‍പെട്ടതാണ് നൂറുദ്ധീന്‍, നജ്മുദ്ദീന്‍, ശംസുദ്ദീന്‍, ളിയാഉദ്ദീന്‍, ശിഹാബുദ്ദീന്‍, ബദറുദ്ദീന്‍, സൈഫുദ്ദീന്‍, സ്വലാഹുദ്ദീന്‍, ഖല്‍ബുദ്ദീന്‍, ഹുസാമുദ്ദീന്‍, സദ്‌റുദ്ദീന്‍, ഫഖ്‌റുദ്ദീന്‍, ഇസുദ്ദീന്‍, റുക്‌നുദ്ദീന്‍ തുടങ്ങിയ നാമങ്ങള്‍...

ബാപ്പാന്റെയും, ഉമ്മാന്റെയും പേരിന്റെ അക്ഷരങ്ങള്‍ കൂട്ടി മകന് ‘ബാസുര്‍’ (മൂലക്കുരു ) എന്ന് പേര്‍ വെച്ച കഥയും കേട്ടിട്ടുണ്ട്. മകള്‍ക്ക് സൗജത് (ഭാര്യ)  എന്ന് നാമകരണം   പലേടങ്ങളിലും സര്‍വ്വസാധാരണമത്രെ. ഉച്ചരിക്കുമ്പോള്‍ രസത്തിനു വേണ്ടി സാനിയ(വേശ്യ) ഖിന്‍സീര്‍ (പന്നി) എന്നിങ്ങിനെ പേരിട്ടവരുമുണ്ടത്രെ. സ്ത്രീയോ പുരുഷനോ എന്നറിയാത്ത, മുസ്ലിമോ അമുസ്ലിമോ എന്ന് തിരിയാത്ത അര്‍ത്ഥമില്ലാത്ത ചില കൊച്ചു കൊച്ചു നാമങ്ങള്‍ ഇന്ന്  പ്രചാരത്തിലിരിക്കുന്ന പേരുകള്‍ ഇവയല്ലാം പ്രവാചകാധ്യാപനത്തിനു വിരുദ്ധമാണ്...

തിരുനബി *ﷺ* പറഞ്ഞു:”ഖിയാമത്ത് നാളില്‍ നിങ്ങളെ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും നാമം കൊണ്ട് വിളിക്കപ്പെടും, അതുകൊണ്ട് നിങ്ങളുടെ പേരുകള്‍ നന്നാക്കുവിന്‍ "
  (അഹ്മദ്, അബുദാവൂദ്)

*ഹറാമായ പേരുകള്‍*

 ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു *ﷻ* അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍...

 ഒരു നിവേദകസംഘം നബി *ﷺ* യെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി *ﷺ* കേട്ടു. അവിടുന്ന് ചോദിച്ചു: നിന്റെ പേരെന്താണ്..? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി *ﷺ* പറഞ്ഞു: അല്ല, നീ അല്ലാഹു *ﷻ* ന്റെ അടിമയാണ്...
  (ഇബ്‌നു അബീശൈബ 8/665)

അപ്പോള്‍ ഒരു സംശയമുണ്ടാകും. നബി *ﷺ* യുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ..? നബി *ﷺ* അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല...

അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും...
 (നിഹായ-ശര്‍വാനി 9/373)

 മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹു *ﷻ* നെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്...

അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹു *ﷻ* ന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബി *ﷺ* തങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്...

*കറാഹത്തുള്ള പേരുകള്‍*

 ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം...
 (തുഹ്ഫ 9/373)

 ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ് (ശര്‍വാനി).

സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ..? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137).

 ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും...

 നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി *ﷺ* വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്...

ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി *ﷺ* വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി *ﷺ* വിരോധിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിന്നറിയാം”

(അബൂദബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്. ഇത്തരം പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ്...
 (ഫത്ഹുല്‍ബാരി 10/580)

*പേരില്‍ എന്തിരിക്കുന്നു..?*

 ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ).
ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം...

മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി *ﷺ* കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക..? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്..? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി *ﷺ* പറഞ്ഞു: ഇരിക്കൂ..! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്..? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍ *ﷺ* ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി *ﷺ* പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി *ﷺ* പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”
  (മുഅത്വ 2/973)

 മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃര്‍ത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍ *ﷺ* വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്. വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി *ﷺ* വെറുത്തിരുന്നു...

നബി *ﷺ* ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബി *ﷺ* തങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും തെറ്റി നടന്നു...
  (സീറ ഇബ്‌നുഹിശാം 2/304)

 ഹുദൈബിയ്യ സന്ധിയുടെ ദിവസം നബി *ﷺ* യുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് എന്നയാള്‍ വന്നപ്പോള്‍ നബി *ﷺ* പറഞ്ഞു: "നിങ്ങളുടെ കാര്യം എളുപ്പമായെന്ന്" (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ...

 സഈദുബ്‌നുല്‍ മുസയ്യബ്(റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബി *ﷺ* യെ സമീപിച്ചു. നബി *ﷺ* ചോദിച്ചു: നിങ്ങളുടെ പേരെന്താണ്..? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി *ﷺ* പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു”
 (ബുഖാരി 10/574)

 നല്ലത് ആഗ്രഹിക്കാന്‍ നബി *ﷺ* കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്...

അബൂബക്ര്‍ സിദ്ദീഖ് (റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’

നബി *ﷺ* ക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു...

നബി *ﷺ* തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്...
 (തുഹ്ഫ)

*മുഹമ്മദ് " എന്ന നാമത്തിന്റെ മഹത്വം*

 ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബി *ﷺ* യുടെ ബഹുമാനം കൊണ്ടാണിത്...
  (മുഗ്‌നി 6/141)

 പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി *ﷺ* പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു...
 (ത്വബ്റാനി 11/71, മജ്മഉസ്സവാഇദ് 3/5)

 ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല...

 ’ജാബിര്‍(റ)ല്‍ നിന്ന് നിവേദനം നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്...
 (ദൈലമി മിര്‍ഖാത്ത് 4/599)

 മറ്റൊരു തിരുവചനമിങ്ങനെ, നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്...
 (മിര്‍ഖാത്ത് 4/597)

 തിരുനബി *ﷺ* ക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)യുടെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)യുടെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം...

കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹു *ﷻ* ന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹു *ﷻ* നെയും റസൂൽ *ﷺ* യെയും അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്...

*ഓമനപ്പേര്*

 ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്...

 അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബി *ﷺ* യുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ. നബി *ﷺ* യുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ്...
 (തുഹ്ഫ 9/374).

 എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്...
 (10/571)

 മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌ നല്‍കപ്പെട്ടത്...

 സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത്...
 (ശര്‍വാനി 9/374)

 മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്. ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും.
 (മുഗ്‌നി).........


    

Saturday, 11 August 2018

പ്രാർത്ഥന.... ഇസ്തിഗ്ഫാർ...



   എന്താണ്‌ പ്രാര്‍ത്ഥിക്കുന്നതെന്ന്‌ സ്വയം മനസ്സിലാക്കി മനസ്സാന്നിദ്ധ്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥന ഫലവത്താവൂ! എന്നാല്‍ മാത്രമേ, നമുക്ക്‌ സമാധാനവും ശാന്തിയും കൈവരൂ! ഹൃദയം തട്ടിയുള്ള പ്രാര്‍ത്ഥനകളാണ്‌ അല്ലാഹു സ്വീകരിക്കുക. അല്ലാഹുവിന്‌ അറിയാത്തതായി ഒരു ഭാഷയുമില്ല. ആയതിനാല്‍ , ആവശ്യങ്ങള്‍ , മലയാളത്തില്‍ ത്തന്നെ ഹൃദയം തുറന്ന്‌ അല്ലാഹുവിനോട്‌ ചോദിക്കാം. പ്രാര്‍ത്ഥനയ്ക്കുത്തരം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്‌ നമസ്കാരത്തിന്‌ ശേഷമുള്ള സമയം. ഫര്‍ള്‌ നമസ്കാരങ്ങള്‍ക്കും, സുന്നത്ത്‌ നമസ്കാരങ്ങള്‍ക്കും ശേഷമുള്ള സമയങ്ങളില്‍ എന്താവശ്യങ്ങളും അല്ലാഹുവിന്‌ സമര്‍പ്പിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ പെട്ടെന്നു തന്നെ ഇത്തരം കിട്ടിക്കൊള്ളണമെന്നില്ല. കുറെ തവണ ചോദിയ്ക്കുമ്പോള്‍ , കുറച്ച്‌ വൈകിയാലും അല്ലാഹു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കില്ല.
ഒരു നബിവചനം ശ്രദ്ധിക്കുക.

 'മനുഷ്യന്‍ പ്രാര്‍ത്ഥിച്ചാല്‍ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ ലഭിക്കാതിരിക്കില്ല. ഒന്നുകില്‍ , അവന്റെ ആവശ്യം നിറവേറും. അതുമല്ലെങ്കില്‍ , അവന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത്‌ അവനുവേണ്ടി പരലോകത്ത്‌ അല്ലാഹു സൂക്ഷിച്ചുവെയ്ക്കും'. അല്ലാഹുവിനോട്‌ ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു ലജ്ജയും തോന്നേണ്ടതില്ല. നമ്മുടെ ജീവനാഡിയേക്കാള്‍ അടുത്തുള്ള അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌ എന്ന ധാരണയോടെ തന്നെയായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്‌. നമ്മുടെ ചുറ്റുപാടും ദാരിദ്യ്രം കൊണ്ടും രോഗങ്ങള്‍ കൊണ്ടും മറ്റും കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്‌. തങ്ങളെ അല്ലാഹു ശ്രദ്ധിക്കുന്നില്ല! എന്നായിരിക്കും ഇവര്‍ പറയുക. പക്ഷെ, ഇവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഇല്ലെന്നതാണ്‌ സത്യം. വെറും പ്രാര്‍ത്ഥന കൊണ്ട്‌ കാര്യമില്ല. ആദ്യം അഞ്ചുനേരം നമസ്കാരം നിലനിര്‍ത്തി ഒരു മുസ്ലിമാവുകയാണ്‌ വേണ്ടത്‌. പിന്നീട്‌, നമസ്കാര ശേഷവും മറ്റ്‌ സമയങ്ങളിലും ദുരിതങ്ങളിൽ നിന്നും  ദാരിദ്യ്രത്തില്‍ നിന്നും രോഗദുരിതങ്ങളില്‍ നിന്നും ഞങ്ങളെ കരകയറ്റേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യേണ്ടത്‌.

സഹോദരങ്ങളേ....
അല്ലാഹുവിനോട് ഇസ്തിഅഫാർ വർദ്ധിപ്പിക്കേണ്ട സമയമാണിത്,
കേരളത്തിന്റെ ഒരു ഭാഗം മഴക്കെടുതി കൊണ്ടും മറ്റൊരു ഭാഗം ഉരുൾപൊട്ടൽ കൊണ്ടും, അതോടൊപ്പം നിറഞ്ഞ് കവിഞ്ഞ വെള്ള സംഭരണികളായി ഡാമുകളും. വെള്ളം കൊണ്ട് അല്ലാഹു നമ്മെ പരീക്ഷിക്കുന്നു....
ഇത് അല്ലാഹുവിന്റെ ശിക്ഷയാകാതിരിക്കാൻ നാം എല്ലാം അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ഇസ്തിഅഫാർ ധാരാളമായി വർദ്ധിപ്പിക്കുകയും ചെയ്യുക......

ഒരു വ്യക്തിക്ക് ഭൂമിയിൽ  അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപെടാൻ രണ്ടു കാര്യമാണുള്ളത്.
ഒന്നാമത്തെ കാര്യം നമ്മുടെ ഇടയിൽ നിന്നും എടുത്തു മാറ്റി, രണ്ടാമത്തേത് ഇപ്പോഴും നമുക്ക് ലഭ്യമാണ്.
ഒന്നാമത്തെ കാര്യം എന്ന് പറഞ്ഞത് അല്ലാഹുവിന്റെ റസൂൽ (സ) ആണ്. രണ്ടാമത്തേത് ഇസ്തിഗ്ഫാറും.

*"എന്നാൽ നീ അവർക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കേ അള്ളാഹു അവരെ ശിക്ഷിക്കുന്നതല്ല. അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അള്ളാഹു അവരെ ശിക്ഷിക്കുന്നതല്ല.* (അൽ അൻഫൽ - 8 : 33)

ഒരിക്കലും ഇസ്തിഗ്ഫാർ ഒഴിവാക്കരുത്, നിസ്സാരമായി കാണരുത്.അല്ലാഹുവിനോട് ആത്മാർഥമായി ഇസ്തിഗ്ഫാർ ചൊല്ലുക. ഇന്ഷാ അല്ലാഹ്. അള്ളാഹു അതിനു ഉത്തരം നൽകുക തന്നെ ചെയ്യും.

ആരെങ്കിലും തുടർച്ചയായി ഇസ്തിഗ്ഫാർ ചെയ്താൽ അവന്റെ പ്രയാസങ്ങളും മനഃസ്‌താപങ്ങലും നീക്കുന്നതോടൊപ്പം , അവൻ ഒരിക്കലും പ്രതീക്ഷിക്കാത്തവിധം അവനു അല്ലാഹുവിന്റെ അടുത്ത് നിന്നും അനുഗ്രഹങ്ങൾ ലഭിക്കുന്നതാണ്.
എല്ലാ വിധത്തിലുള്ള പ്രകൃതിദുരന്തത്തിൽ നിന്നും الله എല്ലാവരേയും കാത്തുരക്ഷിക്കട്ടെ
വിപത്തുകളിൽ പെട്ടവർക്ക് الله ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)


Thursday, 9 August 2018

"സംസം" അൽഭുത ങ്ങളുടെ നീരുറവ





     * കഥ പറയുന്ന സംസം *


   ...ഉദാത്തമായ ഒരു നാഗരികതയുടെയും അനന്യമായ ഒരു സംസ്കാരത്തിന്റെയും അനശ്വരമായ സ്മാരകമാണ് ഒരിക്കലും വറ്റാത്ത അത്ഭുതപ്രവാഹമായ വിശുദ്ധ സംസം എന്ന നീരുറവ. പ്രവാചകന്മാരും സദ് വൃത്തരുമായ അനേകം വിശ്വാസികളുമായി സുദൃഢബന്ധമുള്ള ആ വിശുദ്ധ തീര്‍ത്ഥം സഹസ്രാബ്ദങ്ങളായി ഉത്കൃഷ്ട സന്ദേശവും പേറി മക്കാ മണ്ണില്‍ കഅ്ബായുടെ മുറ്റത്ത് ശാന്തഗംഭീരമായി, മനുഷ്യവംശത്തി നാശ്വാസമായി നിലകൊള്ളുന്നു...

 സംസം മഹത്തായ പുണ്യപാനമാണ്. അതിന്റെ പ്രഭവചരിത്രം ഇങ്ങനെ സംഗ്രഹിക്കാം...

 പ്രവാചക ശ്രേഷ്ഠരായ ഇബ്രാഹിം(അ) അല്ലാഹു *ﷻ* ന്റെ ഉത്തരവനുസരിച്ച് പുത്രന്‍ ഇസ്മാഈലി(അ)നെയും ബീവി ഹാജറി(റ)നെയും ജനവാസമില്ലാത്ത മക്കാ തരിശുഭൂമിയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ ജലപ്രളയത്തില്‍ നാമാവശേഷമായ കഅ്ബാ ശരീഫിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് അന്നവിടെയുണ്ടായിരുന്നത്...

 വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ആ വിജനമണ്ണില്‍ ഉമ്മാക്കും മകനും ഭക്ഷിക്കാനായി ഒരു പാത്രം വെള്ളവും കുറച്ച് കാരക്കയും നല്‍കി ഇബ്രാഹിം(അ) സ്വദേശത്തേക്ക് മടങ്ങാന്‍ ഒരുങ്ങി. സഹനശാലിനിയായ ഹാജര്‍(റ) പിന്തുടര്‍ന്നുകൊണ്ട് ചോദിച്ചു.

 ‘ഈ വിജനമായ മലഞ്ചെരുവില്‍ എന്നെയും ഒരു കൊച്ചു കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് നിങ്ങള്‍ പോകയാണോ..? അല്ലാഹു *ﷻ* ഇപ്രകാരമാണോ കല്‍പ്പിച്ചത്..?'

 വ്യാകുലചിത്തയായി അവര്‍ പലവുരു ചോദ്യമാവര്‍ത്തിച്ചപ്പോള്‍ നിറകണ്ണുകളോടെ ഇബ്രാഹിം(അ) :

‘അതെ, അല്ലാഹു *ﷻ* അപ്രകാരം കല്‍പ്പിച്ചിരിക്കുന്നു’ എന്നു പ്രത്യുത്തരം നല്‍കി സ്ഥലം വിട്ടു...

ദൃഢചിത്തയായ ഹാജര്‍ ഉടനെ പ്രതികരിച്ചു...

 ‘എങ്കില്‍ നിങ്ങള്‍ പൊയ്ക്കൊള്ളുക. അല്ലാഹു *ﷻ* ഞങ്ങളെ പാഴാക്കുകയില്ല’...

 അവര്‍ കുറച്ചുദിവസം അങ്ങനെ മക്കാ മരുഭൂമിയില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുത്തും താന്‍ വെള്ളം കുടിച്ചും കഴിഞ്ഞുകൂടി. കയ്യിലുള്ള വെള്ളമെല്ലാം തീര്‍ന്നപ്പോള്‍ അവര്‍ പരിഭ്രാന്തയായി. ഇനി എന്തുചെയ്യും..? ഈ വിജനമായ മരുഭൂമിയില്‍ ഒരിറ്റുവെള്ളം പോലുമില്ലാതെ ഒരു ചോര പൈതലിനെയുമായി ഞാന്‍ തനിച്ച്. അവര്‍ വിഷാദിച്ചു. ഈ വിഷാദാവസ്ഥയില്‍ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ ഇന്ന് കഅ്ബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട് തൊട്ടടുത്തുള്ള സ്വഫാ കുന്നിലേക്ക് അവര്‍ പുറപ്പെട്ടു. മലഞ്ചെരുവില്‍ ആരെങ്കിലുമുണ്ടോ? എന്ന് നോക്കി. ഫലം നിരാശ. തല്‍ക്ഷണം സ്വഫയില്‍ നിന്ന് താഴ് വരയിലേക്കിറങ്ങി കുപ്പായത്തിന്റെ അടിവശം മേല്‍പ്പോട്ടുയര്‍ത്തിപ്പിടിച്ച് മര്‍വാ കുന്നിലേക്ക് നടന്നു. അതിനിടെ കുറച്ച് ദൂരം അവര്‍ വേഗത കൂട്ടിയിരുന്നു. മര്‍വയിലെത്തി നാലുപാടും നോക്കി. ആരുമില്ല. നിരാശയായ ഹാജര്‍ കുടിനീരിനു വേണ്ടി വീണ്ടും സ്വഫാ മര്‍വക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ പാഞ്ഞു. നബി *ﷺ* ഇടക്ക് പറയുകയുണ്ടായി...

‘അതിന്റെ സ്മരണയായിട്ടാണ് ജനങ്ങള്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്യ് ചെയ്യുന്നത്’ എന്ന്. ഏഴാം തവണ മര്‍വയില്‍ വെച്ച് ഒരശരീരി കേട്ടു. ഉടനെ അവര്‍ അങ്ങോട്ട് തിരിച്ചു ഇപ്രകാരം പറഞ്ഞു:

 ‘നിന്നെക്കൊണ്ട് വല്ല സഹായവും കഴിയുമെങ്കില്‍ എന്നെ സഹായിക്കുക’. (ബുഖാരി)

തുടര്‍ന്ന് ഇസ്മാഈലി(അ)നെ കിടത്തിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അത്യത്ഭുതകരമായ കാഴ്ച കാണുകയുണ്ടായി. കുഞ്ഞിന്റെ കാലിന്റെ അടിഭാഗത്തു നിന്നും വെള്ളം ശീഘ്രമായി പൊട്ടിയൊഴുകുന്നു. ശക്തിയായി പ്രവഹിക്കുന്ന വെള്ളം തടുത്തുനിര്‍ത്തുവാനായി അവര്‍ ചുറ്റുപാടും മണ്ണുകൂട്ടിയിട്ടു.

“സംസം അടങ്ങുക, അടങ്ങുക” എന്നു പറഞ്ഞു. അപ്രകാരമാണ് ഈ അത്യത്ഭുത തീര്‍ത്ഥത്തിന് സംസം എന്ന് നാമം വീണത്. സംഭവ വിവരണത്തിനിടയില്‍ പ്രവാചകര്‍ *ﷺ* അരുള്‍ ചെയ്തു. ‘ഹാജറിന് അള്ളാഹു കരുണ ചെയ്യട്ടെ. അവര്‍ ആ ജലപ്രവാഹം തടുത്തുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇവിടെ പരന്നൊഴുകുന്ന ഒരു പുഴ തന്നെ സംജാതമാകുമായിരുന്നു’...

നബി *ﷺ* പറഞ്ഞു; “സംസം ജിബ്രീലിന്റെ (അ) ചവിട്ടുകൊണ്ട് പ്രവഹിച്ചതും ഇസ്മാഈല്‍ നബി(അ) കുടിച്ചിരുന്നതുമാണ്’. അവിടെ മുതല്‍ സംസം പുണ്യതീര്‍ത്ഥം സഹസ്രാബ്ദങ്ങളുടെ ഉദാരപ്രവാഹമായി ജനങ്ങളുടെ ദാഹം തീര്‍ത്തുകൊണ്ടിരിക്കുന്നു. ഇടതടവില്ലാതെ ജനലക്ഷങ്ങൾ അവരവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി സംസം വെള്ളം നിര്‍ലോഭം ഉപയോഗിക്കുന്നു. അതിശക്തിയുള്ള മോട്ടോര്‍ പമ്പുകളുപയോഗിച്ച് സദാ നേരവും ആ വിശുദ്ധ ജലം പുറത്തെടുക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് കണക്കില്ലാതെ തീര്‍ത്ഥാടകര്‍ വര്‍ഷംപ്രതി കൊണ്ടുപോകുന്നു. എല്ലാം ഒരു കൊച്ചു കിണറില്‍ നിന്ന്. സംസം കിണര്‍ വറ്റിയ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല...

 സംസം വെള്ളത്തിന്റെ പുണ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി *ﷺ* പറയുന്നു:

 “സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്. രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു *ﷻ* ശിഫ നല്‍കും. ദാഹശമനം കരുതി കുടിച്ചാല്‍ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാല്‍ അല്ലാഹു വിശപ്പുതീര്‍ക്കും’
 (ഇമാം ഹാകിം, ദാറുഖുത്വ്നി)

 ത്വവാഫിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം കഴിഞ്ഞാല്‍ സംസം കുടിക്കല്‍ വളരെ പുണ്യപ്പെട്ട കാര്യമാണ്. മഹാനായ നബി *ﷺ* അപ്രകാരം ചെയ്തിരുന്നു. സംസം കുടിക്കലും അതുകൊണ്ട് വയറ് നിറയ്ക്കലും എല്ലാവര്‍ക്കും എപ്പോഴും സുന്നത്താണ്. സംസം കുടിക്കുന്നത് ഖിബ്ലക്ക് അഭിമുഖമായി സദുദ്ദേശ്യങ്ങള്‍ മനസ്സില്‍ കരുതി ബഹുമാനപൂര്‍വ്വമായിരിക്കണം...

 സംസം കിണര്‍ കഅ്ബാശരീഫിന്റെ തൊട്ടടുത്ത് മത്വാഫില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. സംസം കിണറിനരികില്‍ വെച്ച് പ്രത്യേക നിസ്കാരം സുന്നത്തില്ല. എന്നാല്‍ പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന സ്ഥാനങ്ങളില്‍ പെട്ടതാണത്. പക്ഷേ, ത്വവാഫിന് കൂടുതല്‍ സൗകര്യ മുണ്ടാക്കുന്നതിന്റെ ഭാഗമായി മതാഫില്‍ നിന്ന് സംസം കിണറിലേക്കുള്ള വഴി ഇപ്പോള്‍ പൂര്‍ണമായി അടച്ചിരിക്കുന്നു. പകരം മതാഫില്‍ നിന്ന് തന്നെ സംസം കുടിക്കുന്നതിന് വേണ്ടി മസ്ജിദുല്‍ ഹറമിന്റെ ചുമരില്‍ ധാരാളം ടാപ്പുകള്‍ പിടിപ്പിച്ച് സൗകര്യം ചെയ്തിട്ടുണ്ട്...

 പുറമെ മസ്ജിദുല്‍ ഹറമില്‍ വ്യാപകമായി നിരത്തിയിട്ടുള്ള സുഖ്യാ സംസം ഹാജിമാര്‍ക്ക് പള്ളിയില്‍ എവിടെവെച്ചും വെള്ളം കുടിക്കാനുള്ള സൗകര്യം നല്‍കുന്നു. അറേബ്യയിലെ ഉഷ്ണകാലാവസ്ഥയില്‍ വിശേഷിച്ചും കൂടുതലായി വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്ന് വൈദ്യവിദഗ്ധന്മാര്‍ ഇടക്കിടെ അവിടെ ഉപദേശിക്കാറുണ്ട്. അത് സംസം കൂടിയായാല്‍ പറയേണ്ടതില്ലല്ലോ.
സത്യവിശ്വാസി സംസം വയറുനിറയെ കുടിക്കുമെന്നും കപടന്മാര്‍ കുറച്ചുമാത്രം കുടിച്ച് മതിയാക്കുമെന്നും നബി *ﷺ* പറഞ്ഞിരിക്കുന്നു...

 സംസം കുടിക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കല്‍ സുന്നത്തുണ്ട്...

 ഇരുന്നു കുടിക്കലാണ് സുന്നത്ത്. നബി *ﷺ* ഒരിക്കല്‍ സംസം നിന്ന് കുടിച്ചതായി വന്ന സംഭവം അനുവദനീയത വെളിപ്പെടുത്താനായിരുന്നു എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ തവണയുടെയും ആദ്യം ബിസ്മിയും ഒടുവില്‍ ഹംദും ചൊല്ലുക. അല്‍പ്പം തലയില്‍ ഒഴിക്കുക, നെഞ്ചും മുഖവും കഴുകുക എന്നിവ സുന്നത്താണ്...

 മക്കയില്‍ സംസം വിതരണത്തിനും ശീതീകരിക്കുന്നതിനും മറ്റുമായി ഒരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ശീതീകരിക്കാന്‍ ഉപയോഗിക്കുന്ന ഐസും സംസം കൊണ്ടുള്ളതാണെന്ന് വിശ്വസ്തര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മക്കയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ സംസം കൊണ്ടുപോകല്‍ സുന്നത്തുണ്ട്. റസൂല്‍ *ﷺ* തോല്‍പ്പാത്രങ്ങളിലും മറ്റും സംസം നിറച്ച് മദീനത്തേക്ക് കൊണ്ടുപോവുകയും അതില്‍നിന്ന് രോഗികളുടെ മേല്‍ ഒഴിക്കുകയും കുടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബീവി ആഇശ(റ) വെളിപ്പെടുത്തിയിട്ടുണ്ട്...


ഹജ്ജ്





      *ഹജ്ജ്: പാരമ്പര്യ ചിത്രങ്ങൾ*



 
..സാമൂഹിക ഉച്ചനീചത്വങ്ങള്‍ വലിച്ചെറിഞ്ഞ് വിശ്വാസ ഐക്യത്തിന്റെ പുത്തന്‍ മുദ്രാവാക്യങ്ങളുയരുന്ന ഒരു മഹാസമ്മേളനമാണ് ഹജ്ജ്. വിശുദ്ധ കഅ്ബ പുനര്‍നിര്‍മിച്ച ഇബ്റാഹിം നബി(അ)യോട് അല്ലാഹു പറഞ്ഞു: “ജനങ്ങളെയെല്ലാം ഹജ്ജിന് ക്ഷണിക്കുക.” ഇബ്റാഹിം നബിയുടെ ക്ഷണം സ്വീകരിച്ച ജനങ്ങള്‍ കാലങ്ങളായി അങ്ങോട്ടൊഴുകുകയാണ്...

 മരുഭൂമിയില്‍ ഇബ്രാഹിം നബി(അ)മും കുടുംബവും അനുഭവിച്ച കദനകഥകള്‍ അതേപടിയാവര്‍ത്തിക്കാന്‍, എനിക്കുശേഷം ജനങ്ങളില്‍ എന്നെക്കുറിച്ച് നല്ല അഭിപ്രായ മുണ്ടാക്കണേ എന്ന ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ഥനയുടെ സാക്ഷാത്കാരം കൂടിയാണ് ഹജ്ജ്...

 വളരെയധികം പുണ്യകരമാണ് ഹജ്ജ്. സ്വീകാര്യയോഗ്യമായ (യഥാവിധി അനുഷ്ഠിച്ചിട്ടുള്ള) ഹജ്ജിനു പ്രതിഫലം സ്വര്‍ഗമാണെന്ന് നബി *ﷺ* പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതികമായ സാഹചര്യങ്ങളെല്ലാം അനുകൂലമായത് കൊണ്ട് മാത്രം ഹജ്ജ് സ്വീകാര്യയോഗ്യമാകുന്നില്ല. ഹജ്ജില്‍ അനുഷ്ഠിക്കുന്ന ആരാധനാകര്‍മ്മങ്ങളോട് പൂര്‍ണമായും മാനസികമായും പൊരുത്ത പ്പെടാന്‍ വിശ്വാസിക്ക് കഴിയണം. ഹജ്ജിന്റെ അനുഷ്ഠാനമുറകളെല്ലാം തഅബ്ബുദിയ്യ് (അല്ലാഹുവിന്റെ കല്‍പ്പനപോലെ ചെയ്യുക എന്ന തത്വം) ആയതിനാല്‍ നിസ്സാരമായ മാനുഷിക ബുദ്ധിക്കനുസരിച്ച് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുനീക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഈ മാനസിക പൊരുത്തം ലഭിച്ചുകൊള്ളണമെന്നില്ല...

 പൂര്‍ണമായും അല്ലാഹു *ﷻ* ന്റെ ഇഷ്ടദാസനായ ഇബ്രാഹിം നബി(അ)നെ അനുസ്മരിക്കുകയും അവിടത്തെ മഹത്വങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ആരാധനാകര്‍മ്മമായതിനാല്‍ തന്നെ മണ്‍മറഞ്ഞ മഹാന്മാരെ സ്മരിക്കുന്നതും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതും മഹാപാതകമായി കാണുന്നവര്‍ക്ക് ഒരിക്കലും ഹജ്ജുമായി സമരസപ്പെട്ടുപോകാന്‍ കഴിയില്ല...

 ഹജ്ജിന്റെ ഓരോ പ്രവര്‍ത്തനങ്ങളുമെടുത്ത് പരിശോധിക്കുക. ഇബ്രാഹിം നബി(അ)യുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെയും ഭാര്യ ഹാജറബീവിയുടെയുമെല്ലാം സ്മരണകള്‍ മുഴച്ചുനില്‍ക്കുന്നത് കാണാം. അല്ലാഹു *ﷻ* ബഹുമാനിച്ച മഹാന്മാരെ ബഹുമാനിക്കണം. അല്ലാഹു *ﷻ* സ്നേഹിച്ചവരെ സ്നേഹിക്കണം എന്നീ കാര്യങ്ങള്‍ ഏതൊരാളുടെയും വിശ്വാസപൂര്‍ണതക്ക് അനിവാര്യഘടകമാണെന്ന് സ്ഥാപിക്കുകയാണ് ഹജ്ജിലൂടെ അല്ലാഹു *ﷻ* ചെയ്തത്...

 ആ വിശുദ്ധ സ്ഥലത്തുവെച്ച് ചെയ്യുന്ന എല്ലാ വേണ്ടാവൃത്തികളും ഈ മഹാന്മാരോടുമുള്ള അവഗണനയായിട്ടാണ് അല്ലാഹു *ﷻ* കാണുന്നത്. വേണ്ടാവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷകളേര്‍പ്പെടുത്തിയതും ഇതേ കാരണം കൊണ്ടാണ്. ഹജ്ജിന്റെ ചില കര്‍മ്മങ്ങളെടുത്ത് പരതിയാല്‍ നമുക്കിത് ബോധ്യപ്പെടും...

*സ്വഫാ മര്‍വക്കിടയിലെ സഅ് യ്*

 സ്വന്തം കുഞ്ഞ് ദാഹിച്ച് വലഞ്ഞപ്പോള്‍ വെള്ളം തേടിയിറങ്ങിയ ഒരു മഹതിയുടെ സ്മരണകള്‍ അയവിറക്കുകയാണിവിടെ. അല്ലാഹു *ﷻ* ന്റെ കല്‍പ്പന പ്രകാരമാണ് ഇബ്രാഹിം നബി(അ) മരുഭൂമിയില്‍ തന്നെയും മകനെയും തനിച്ചാക്കി യാത്രയാകുന്നതെന്നറിഞ്ഞപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ അതെല്ലാം സഹിക്കാന്‍ തയ്യാറായ മഹതിയാണവര്‍. ആബാലവൃദ്ധം ജനങ്ങളും ആ മഹതിയെ അനുകരിക്കണമെന്നും അവര്‍ സഹിച്ച ത്യാഗം മനസ്സിലാക്കുക വഴി അവരുടെ മഹത്വം അറിഞ്ഞിരിക്കണമെന്നും അല്ലാഹു *ﷻ* ന് നിര്‍ബന്ധമുണ്ട്...

 *▪️മിനായും കല്ലേറും...*

 തന്നെ സൃഷ്ടിച്ച നാഥനുവേണ്ടി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തനിക്കു ലഭിച്ച കുഞ്ഞിനെ വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരാണല്ലോ ഇബ്രാഹിം നബി(അ). സമര്‍പ്പണത്തിന്റെ പ്രതീകമായി മാറിയ ആ സംഭവത്തിനു സാക്ഷ്യം വഹിച്ച പുണ്യഭൂമികയാണ് മിന. ചരിത്രത്തിലെ ആ അനര്‍ഘനിമിഷം അനുസ്മരിച്ചെത്തുന്ന ഏതൊരാളിലും മാറ്റത്തിന്റെ പുതിയ അധ്യായങ്ങളറിയിക്കാന്‍ ഈ സംഭവം പര്യാപ്തമാകുമെന്നതില്‍ സംശയമില്ല. വാഗ്ദത്ത പൂര്‍ത്തീകരണത്തിനു തുനിയവേ ദുര്‍ബോധനങ്ങളുമായെത്തിയ പിശാചിനു മുന്നില്‍ ആ മഹാന്‍ കീഴടങ്ങിയില്ല. കല്ലെറിഞ്ഞോടിച്ചു. മിനായിലെത്തുന്ന ജനലക്ഷങ്ങളും ഇതേപടി ചെയ്തുവരുന്നു. അതിനായവര്‍ സജീവമാകുന്നു. പരിമിതമായ മനുഷ്യബുദ്ധിക്കുള്‍ക്കൊള്ളുന്നത് മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് നടക്കുന്ന 'പുത്തന്‍കൂട്ടുകാര്‍' പറയുന്ന വാക്കുകളോട് ഒരു ശതമാനമെങ്കിലും നീതി പുലര്‍ത്തുന്നുവെങ്കില്‍ കല്ലെറിയാന്‍ അവര്‍ക്ക് കഴിയുമോ..?

*ഹജറുല്‍ അസ് വദ്...*

ഓരോ ത്വവാഫിന്റെ സമയത്തും ഹജറുല്‍ അസ് വദ് തൊട്ടുമുത്തലും അതിനു കഴിയാത്തവര്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് ആ കൈ മുത്തലും സുന്നത്താണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നിറക്കിയ കല്ലാണ് ഹജറുല്‍ അസ് വദ്. പ്രവാചകന്മാരുടെയും മഹാന്മാരായ ഔലിയാക്കളുടെയും സ്പര്‍ശമേറ്റ് അനുഗൃഹീതമാണത്. അത്, തൊട്ടുമുത്തുന്നവന്റെ പാപങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. ഇതൊന്നും പക്ഷേ, പരിഷ്കരണവാദികള്‍ക്ക് ദഹിക്കുന്നില്ല...

 അവരില്‍ ചിലരെഴുതിയ വരികള്‍ ഇപ്രകാരം...

 “നൂറും അഞ്ഞൂറും ആയിരവും മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ ഓട്ടം ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്ബക്കു ചുറ്റും പ്രയാണം നടത്തുമ്പോള്‍ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുല്‍ അസ് വദ്. അതിനപ്പുറം അതിനു പ്രത്യേക പുണ്യമോ ദൈവികതയോ കല്‍പ്പിക്കാന്‍ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു”.

അല്ലാഹു *ﷻ* ഒരു വസ്തുവിനെ ആദരിച്ചാല്‍, അതിന് ഉത്കൃഷ്ടമായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍, അതിനെ അവമതിക്കാനുള്ള ഏതൊരു ശ്രമവും വിശ്വാസരാഹിത്യത്തിനുവരെ കാരണമാകുമെന്നത് സുവ്യക്തമാണല്ലോ. അല്ലാഹു ആദരിച്ച തിരുനബി *ﷺ* യുടെ സന്നിധിയില്‍ അവിടത്തേക്കാള്‍ ശബ്ദമുയര്‍ത്തുന്നത് സത്കര്‍മങ്ങളെല്ലാം പൊളിഞ്ഞുപോകാന്‍ കാരണമാകുമെന്നതിന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷിയാണല്ലോ....

 മൂസാ നബി(അ)യെ അവമതിച്ച ബല്‍ആമുബ്നു ബാഊറാഅ് എന്നയാള്‍ ആധഃപതിച്ച അഗാധ ഗര്‍ത്തത്തെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. ഹജറുല്‍ അസ് വദിന്റെ കാര്യത്തിലും സംശയദൃഷ്ട്യാ നോക്കുന്ന ബിദഇകളുടെ ദയനീയ സ്ഥിതി ആര്‍ക്കും മനസ്സിലാകുന്നതാണ്...

*സംസം...*

 ചരിത്രത്തിലെ വറ്റാത്ത നീരുറവയാണ് മാഉ സംസം. ഒപ്പം ഒരു മഹാസംഭവത്തിലേക്കുള്ള കാലാതിവര്‍ത്തിയായ ഒരു ചൂണ്ടുപലകയുമാണത്...

 ഇസ്മാഈല്‍ നബി(അ)ന്റെ പാദസ്പര്‍ശം മരുഭൂമിയുടെ താളംതെറ്റിച്ചു. ആ പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹം വറ്റാത്ത നീരുറവയായി നിര്‍ഗളിച്ചു. ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് മാറുകയായിരുന്നു. തിരുനബി *ﷺ* യുടെ കരങ്ങളില്‍നിന്നു പ്രവഹിച്ച തെളിനീര് കഴിഞ്ഞാല്‍ ലോകത്തേറ്റവും പുണ്യകരമായ വെള്ളമാണ് സംസം. എന്തു കാര്യമുദ്ദേശിച്ചാണോ സംസം വെള്ളം കുടിക്കുന്നത് ആ ആഗ്രഹ സഫലീകരണത്തിനത് നിമിത്തമാകുമെന്ന് തിരുനബി *ﷺ* പഠിപ്പിച്ചിട്ടുണ്ട്. ത്വവാഫിനുശേഷം സംസം വെള്ളം കുടിക്കല്‍ പ്രത്യേക സുന്നത്താണെന്ന് പണ്ഢിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്മാഈല്‍ നബി(അ)യുടെ ബറകത്തെടുത്താലേ ഹജ്ജ് സമ്പൂര്‍ണമാകൂ എന്ന് സാരം...

 ചുരുക്കത്തില്‍, മഹാന്മാരുടെ ബറകത്തെടുക്കാനോ അവരെ അനുസ്മരിക്കാനോ പാടില്ലെന്ന് ആയിരം നാക്കോടെ വിളിച്ചുകൂവുന്ന 'പുത്തന്‍ കൂട്ടുകാര്‍' തത്വത്തില്‍ ഇസ്ലാം കാര്യങ്ങള്‍ നാലാക്കി ചുരുക്കുയാണ് ചെയ്യുന്നത്. ഹജ്ജ് ചെയ്യുന്നിടത്ത് എല്ലാം അനുവദനീയവും അല്ലാത്തിടത്ത് ഹറാമുമാണെന്ന് പറയുന്നതിലെ വിരോധാഭാസം ആര്‍ക്കാണ് തിരിയാത്തത്......
..

ഉള്ഹിയ്യത്ത്......പഠനം



         *ഉള്‌ഹിയ്യത്ത്‌ നിയമങ്ങൾ*


..ഏതാണ്ട്‌ നാലായിരം വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ച്‌ കടന്നുപോയ ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) യുടെ വിളിക്കുത്തരം നൽകി ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും ലക്ഷക്കണക്കിന്‌ വിശ്വാസികൾ പുണ്യമക്കയെ ലക്ഷ്യം വെച്ച്‌ പുറപ്പെടുന്ന കാലം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെ കർമ്മം നിർവ്വഹിക്കാൻ അറബിയും അനറബിയും കറുത്തവനും വെളുത്തവനും തോളൊടുതോൾ ചേർന്ന് നിൽക്കുന്ന മാസം. ഏറ്റവും വലിയ ഹജ്ജിന്റെ നാൾ എന്ന് അല്ലാഹു വിശേഷിപ്പിച്ച പെരുന്നാൾ ദിനം. എന്ത്‌ കൊണ്ടും ദുൽ ഹിജ്ജ സമാഗതമാവുമ്പോൾ വിശ്വാസിയുടെ മനസ്സ്‌ ആനന്ദനിർവൃതി കൊള്ളുന്നു.

...ഈ മാസവുമായി ബന്ധപ്പെട്ട പുണ്യകർമ്മങ്ങളിൽ അതിപ്രധാനമായ ഒന്നാണ്‌ ഉള്‌ഹിയ്യത്ത്‌ (ബലിയറക്കൽ). ബലിയിലൂടെ നാം അനുസ്‌'മരിക്കുന്നത്‌ ഇബ്രാഹീം (അ) തന്റെ പുത്രൻ ഇസ്‌'മാ'ഈൽ (അ) നെ അറക്കാൻ തയാറായ സംഭവ ബഹുലമായ ചരിത്രമാണ്‌. ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏതാനും കർമ്മ ശാസ്‌'ത്ര വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്‌. സാധിക്കുന്നവർക്ക്‌ നിർബന്ധമാണെന്ന് വരെ അഭിപ്രായമുള്ള മഹത്തായ പുണ്യ കർമ്മമാണിത്‌. അത്‌ കൊണ്ട്‌ തന്നെ മ'റ്റെല്ലാ ദാനധർമ്മങ്ങളെക്കാളും ശ്രേഷ്‌'ടമായതുമിതാണ്‌.


*ആർക്കാണ്‌ സുന്നത്ത്‌?*

...പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനും തന്റേടിയുമായ ഉള്‌ഹിയ്യത്തിനു കഴിവുള്ള എല്ലാ മുസ്ലിമീങ്ങൾക്കും ഇത്‌ സുന്നത്താണ്‌. തനിക്കും താൻ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർക്കും ഉള്‌ഹിയ്യത്തുദ്ദേശിക്കുന്ന ദിനത്തിലും അതിന്റെ രാത്രിയിലും ആവശ്യമായ ചിലവിനും അല്ലാഹുവിനോ മനുഷ്യർക്കോ ഉള്ള കടബാധ്യത തീർക്കാനും വേണ്ടത്‌ കഴിഞ്ഞ്‌ മിച്ചം വരുന്നവരാണ്‌ കഴിവുള്ളവരെന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യം. അവർക്ക്‌ ഇത്‌ ഉപേക്ഷിക്കൽ കറാഹത്തുമാണ്‌. ഈ കറാഹത്തൊഴിവാകാൻ കുടുംബത്തിലെ ഒരാളറത്താൽ മതി. പക്ഷേ, അറത്തവനേ കൂലി ലഭിക്കുകയുള്ളൂവെന്ന് മാത്രം.

... പിതാവ്‌, പിതാമഹൻ എന്നിവർക്ക്‌ സ്വന്തം സ്വത്തിൽ നിന്നെടുത്ത്‌ തന്റെ കീഴിലുള്ള കുട്ടികൾക്ക്‌ വേണ്ടി ഉള്‌ഹിയ്യത്തറക്കാം. അവരുടെതായി പരിഗണിക്കുകയും ചെയ്യും. മറ്റാർക്കെങ്കിലും വേണ്ടി അറക്കണമെങ്കിൽ അവരുടെ സമ്മതമോ മരിച്ചവരെങ്കിൽ വസിയ്യത്തോ വേണം. അല്ലാതെ പറ്റില്ല. എങ്കിലും താനറുക്കുന്നതിന്റെ പ്രതിഫലത്തിൽ മരിച്ചവരെ കൂടി കരുതാവുന്നതും അവർക്കതിന്റെ കൂലി ലഭിക്കുന്നതുമാണ്‌.


*മര്യാദകൾ*

...ഉള്‌ഹിയ്യത്ത്‌ അറക്കാനുദ്ദേശിക്കുന്നവർക്ക്‌ ദുൽ'ഹിജ്ജ ഒന്ന് മുതൽ അറവ്‌ നടത്തുന്നത്‌ വരെ നഖം, മുടി പോലുള്ള ശ'രീരത്തിന്റെ ബാഹ്യമായ ഭാഗങ്ങൾ നീക്കൽ കറാഹത്താണ്‌. വെള്ളിയാഴ്ച പോലെയുള്ള നീക്കൽ സുന്നത്തായ ദിവസങ്ങളിലും കറാഹത്ത്‌ തന്നെ. വേദനയുള്ള പല്ല് പോലോത്തത്‌ നീക്കുന്നതും മാർക്കം ചെയ്യൽ, കട്ടവന്റെ കൈ മുറിക്കൽ പോലുള്ള നിർബന്ധ സാഹചര്യത്തിൽ നീക്കുന്നതും ഇതിൽ നിന്നൊഴിവാണ്‌. ഒന്നിലധികം അറവുദ്ദേശിക്കുന്നവർക്ക്‌ ഒന്നാമത്തതോടു കൂടി കറാഹത്ത്‌ ഒഴിവാകുമെങ്കിലും മുഴുവൻ അറക്കുന്നത്‌ വരെ നീക്കാതിരിക്കലാണ്‌ അഭികാമ്യം.

...സ്വയം അറക്കാൻ കഴിയുന്ന പുരുഷന്മാർക്ക്‌ സ്വയം അറക്കലും അല്ലാത്തവർക്ക്‌ മറ്റൊരാളെ ഏൽപ്പിക്കലുമാണ്‌ സുന്നത്ത്‌. ഏൽപ്പിക്കുന്നുവെങ്കിൽ ഇവൻ അവിടെ സന്നിഹിതനാവലും അറവ്‌ തന്റെ കുടുംബത്തിന്റെ അരികിൽ വെച്ചാവലും പുണ്യം തന്നെ. നേർച്ചയാക്കിയ മൃഗമല്ലെങ്കിൽ അറവിന്റെ നേരത്ത്‌ നിയ്യത്ത്‌ വേണം. അറവ്‌ മറ്റിരാളെ ഏൽപ്പിക്കുമ്പോലെ നിയ്യത്തും ഏൽപ്പിക്കാം. പക്ഷേ, നിയ്യത്ത്‌ ഏൽപ്പിക്കപ്പെടുന്ന വ്യക്തി മുസ്‌'ലിമായിരിക്കൽ നിബന്ധനയാണ്‌. നിയമമൊത്ത വേദക്കാരിൽ പെട്ട അന്യമതക്കാരെ അറവ്‌ ഏൽപ്പിക്കാമെങ്കിലും നിയ്യത്ത്‌ ഏൽപ്പിക്കാവതല്ല.

...അറവ്‌ പകലിലാക്കുക, മൃഗത്തെ ഖിബ്‌'ലയിലേക്ക്‌ തിരിക്കുക, കത്തി മൂർച്ചയാക്കുക, അറവിന്റെ നേരത്ത്‌ ബിസ്‌'മിയും നബി (സ) യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക പോലുള്ള സുന്നത്തുകൾക്ക്‌ പുറമെ ബിസ്‌'മിയുടെ മുമ്പും ശേഷവും മൂന്ന് തക്ബീർ ചൊല്ലലും
اللهم هذا منك، واليك، فتقبل مني
എന്ന് പ്രാർത്ഥിക്കലും ഉള്‌ഹിയ്യത്തിനു പ്രത്യേകം സുന്നത്താണ്‌.


*സമയം*

..പെരുന്നാൾ ദിനം സൂര്യനുദിച്ച്‌ ചുരുങ്ങിയ രീതിയിൽ രണ്ട്‌ റക്‌'അത്ത്‌ നിസ്‌'കാരവും രണ്ട്‌ ഖുതുബയും നിർവ്വഹിക്കാനുള്ള സമയം കഴിഞ്ഞത്‌ മുതൽ ദുൽ'ഹിജ്ജ 13 ആം ദിവസം സൂര്യനസ്തമിക്കുന്നത്‌ വരെ സമയമുണ്ടെങ്കിലും സമയമായതിനു ശേഷം സൂര്യൻ ഒരു കുന്തത്തിന്റെ തോത്‌ ഉയരുന്നത്‌ വരെ പിന്തിക്കലും പെരുന്നാളിന്റെ അന്ന് തന്നെ അറക്കലുമാണ്‌ ശ്രേഷ്ടം. ഒന്നിലധികം അറക്കുന്നുവെങ്കിലും വിധി ഇത്‌ തന്നെ. നബി (സ) ഒരു ദിവസം നൂറെണ്ണം അറുത്തത്‌ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയത്തിനു മുമ്പോ ശേഷമോ അറുത്താൽ അത്‌ ഉള്‌ഹിയ്യത്തായി പരിഗണിക്കില്ല. നെർച്ചയാക്കിയ മൃഗത്തെ സമയത്തിൽ അറത്തില്ലെങ്കിൽ പെട്ടെന്ന് തന്നെ അറക്കൽ നിർബന്ധമാണ്‌. ഉള്‌ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും അതിനു ബാധകവുമായിരിക്കും.


*എന്തിനെ അറക്കണം?*

..ആട്‌, മാട്‌, ഒട്ടകം എന്നിവയും ഇവ പരസ്‌'പരം ഇണ ചേർന്നുണ്ടായതും മാത്രമേ ഉള്‌ഹിയ്യത്തിനു പറ്റുകയുള്ളൂ. നെയ്യാടിന്‌ ഒരു വയസ്സും അല്ലെങ്കിൽ പല്ല് കൊഴിയലും കോലാട്‌, മാട്‌ ഇവകൾക്ക്‌ രണ്ട്‌ വയസ്സും ഒട്ടകത്തിന്‌ അഞ്ച്‌ വയസ്സും പൂർത്തിയാകണം. കോലാടിന്‌ ഒരു വയസ്സ്‌ മതിയെന്നും അഭിപ്രായമുണ്ട്‌. ഈ മൃഗങ്ങൾ പരസ്പരം ഇണ ചേർന്നുണ്ടായാൽ വയസ്സ്‌ കൂടുതൽ വേണ്ടതേതാണോ അതിന്റെ വയസ്സാണ്‌ കുട്ടിയിൽ പരിഗണിക്കുക. അപ്പോൾനെയ്യാടും കോലാടും ഇണ ചേർന്നുണ്ടായതിന്‌ രണ്ട്‌ വയസ്സ്‌ പൂർത്തിയാകേണ്ടി വരും.

..ഏഴാൾക്ക്‌ വരെ ഒട്ടകത്തിലും മാടിലും പങ്ക്‌ ചേരാം. ഏഴിലധികമായാലും ആടും മാടുമായി ഇണ ചേർന്നുണ്ടായതിൽ ഒന്നിലധികം പേരായാലും ഉള്‌ഹിയ്യത്ത്‌ ശരിയാവില്ല. സംഘം ചേർന്നറക്കുമ്പോൾ എല്ലാവരും ഉള്‌ഹിയ്യത്തിനെ തന്നെ ഉദ്ദേശിക്കുന്നവർ ആകണമെന്നില്ല. ചിലർ ഉള്‌ഹിയ്യത്തും ചിലർ അഖീഖഃയും വേറെ ചിലർ വെറും മാംസവും കരുതി അറക്കലും അനുവദനീയമാകും. ഒരാടറക്കലും ഒട്ടകത്തിലോ മാടിലോ പങ്ക്‌ ചേരലുമായാൽ ഉത്തമം ആടറക്കലാണ്‌.

...മൃഗത്തിന്റെ കാര്യത്തിൽ ഒട്ടകം, മാട്‌, നെയ്യാട്‌, കോലാട്‌ എന്നിങ്ങനെയും നിറത്തിൽ വെള്ള, മഞ്ഞ, തവിട്ട്‌ നിറം, ചുവപ്പ്‌, വെള്ളയിൽ മറ്റ്‌ നിറം കലർന്നത്‌ എന്നിങ്ങനെയുമാണ്‌ ശ്രേഷ്ടതാക്രമം. ആണും പെണ്ണുമായാൽ ആണാണുത്തമം. എന്നാൽ, കൂടുതൽ ഇണ ചേർന്ന ആണിനെക്കാൾ പ്രസവിക്കാത്ത പെണ്ണിനാണ്‌ മുൻ'ഗണന. പെണ്ണിലേറെ ശ്രേഷ്ടം നപുംസകമാണ്‌.


*നിബന്ധനകൾ*

..മാംസം ചുരുക്കുന്ന വിധത്തിലുള്ള ന്യൂനതയില്ലാത്തതായിരിക്കണം ഉള്‌ഹിയ്യത്തറക്കപ്പെടുന്ന മൃഗം. ചൊറി, മുടന്ത്‌, കുരുട്‌, ഗർഭം, മെലിഞ്ഞൊട്ടുക, ചെവി പൂർണ്ണമായോ ഭാഗികമായോ വേർപ്പെടുക പോലുള്ളത്‌ ന്യൂനതയാണ്‌. വാലോ അകിടോ ചന്തിയോ മുറിഞ്ഞതും ഇപ്രകാരം തന്നെ. പക്ഷേ, സൃഷ്ടിപ്പിലേ അകിടോ ചന്തിയോ ഇല്ലാത്തതും കൊമ്പില്ലാത്തതും പൊട്ടിയതും അൽപം പോലും വേർപ്പെടാതെ ചെവി മുറിഞ്ഞതും ശ'രീരം വലുതാവാൻ വേണ്ടി ചന്തിയിൽ നിന്ന് അൽപം മുറിക്കപ്പെട്ടതും മണിയുടക്കപ്പെട്ടതും ലിംഗമില്ലാത്തതും അയോഗ്യതയായി പരിഗണിക്കുകയില്ല. കൊമ്പുള്ളതാണ്‌ ഇല്ലാത്തതിനെക്കാൾ ഉത്തമമെങ്കിലും.


*നേർച്ചയാക്കൽ*

...മറ്റു സുന്നത്തുകളെ പോലെ തന്നെ ഉള്‌ഹിയ്യത്തും നേർച്ചയാക്കാവുന്നതും നേർച്ചയാക്കിയാൽ നിർബന്ധമാകുന്നതുമാണ്‌. ഇതെന്റെ ഉള്‌ഹിയ്യത്താണ്‌, ഞാനിതിനെ ഉള്‌ഹിയ്യത്താക്കി എന്നിവ പോലുള്ള വാക്കുകൾ നേർച്ചയുടെ ഫലത്തിലാണ്‌. ഒരു നിർണ്ണിത മൃഗത്തെക്കുറിച്ചാണിങ്ങനെ പറഞ്ഞതെങ്കിൽ അതോടുകൂടെത്തന്നെ ആ മൃഗം അവന്റെ ഉടമയിൽ നിന്ന് നീങ്ങുന്നതും ശേഷം വരുന്ന ഉള്‌ഹിയ്യത്തിന്റെ സമയത്ത്‌ തന്നെ അതിനെ അറക്കൽ നിർബന്ധവുമാണ്‌. ഉള്‌ഹിയ്യത്തിന്‌ ഭംഗം വരുന്ന തരത്തിൽ ന്യൂനതയുള്ള മൃഗമാണതെങ്കിലും ശരി. പക്ഷേ, ഉള്‌ഹിയ്യത്തായി ന്യൂനതയുള്ളതിനെ പരിഗണിക്കുകയില്ല.

...ഉള്‌ഹിയ്യത്തറുക്കാൻ കരുതിയത്‌ കൊണ്ടോ ആ കരുത്തോടെ മൃഗത്തെ വാങ്ങിയത്‌ കൊണ്ടോ അറക്കൽ നിർബന്ധമാവില്ല. മറിച്ച്‌ നേർച്ചയാക്കുകയോ മേൽ'വാക്കുകൾ ഉച്ചരിക്കുകയോ വേണം. ഇവിടെ കരുത്തിന്റെ ആവശ്യമില്ലെന്ന് മാത്രമല്ല, മറിച്ച്‌ കരുതിയത്‌ കൊണ്ട്‌ നിർബന്ധമല്ലാതാവുകയുമില്ല. നേർച്ചയാക്കൽ കൊണ്ട്‌ തന്റെ ഉടമയിൽ നിന്ന് ആ മൃഗം നീങ്ങുന്നത്‌ കാരണം പിന്നീട്‌ അതിനെ വിൽക്കാനോ വാടകക്ക്‌ കൊടുക്കാനോ പാടില്ല. മറ്റൊരാളിൽ നിന്ന് വാങ്ങിയ മൃഗത്തിൽ നേർച്ചയാക്കിയ ശേഷം കച്ചവടം ദുർബ്ബലപ്പെടുത്താൻ പറ്റുന്ന വല്ല ന്യൂനതയും കണ്ടാൽ അതിന്‌ നഷ്ടപരിഹാരം വാങ്ങാമെന്നല്ലാതെ തിരിച്ചു കൊടുക്കാൻ പറ്റില്ല. കാരണം, നേർച്ചയോട്‌ കൂടെ അതവന്റെ ഉടമയിൽ നിന്ന് നീങ്ങിയിരിക്കുന്നു. നേർച്ചയാക്കിയതോ അല്ലാത്തതോ ആയ മൃഗത്തിന്റെ പാൽ ദാനം ചെയ്യലാണ്‌ സുന്നത്ത്‌. അവനോ മറ്റുള്ളവർക്കോ ഉപയോഗിക്കാമെങ്കിലും കറാഹത്താണ്‌. വിൽപന നടത്തൽ അനുവദനീയമല്ല.

..നിർണ്ണിത മൃഗത്തെ നേർച്ചയാക്കുകയും വീഴ്ചയില്ലാതെ അത്‌ നഷ്‌'ടപ്പെടുകയോ നശിക്കുകയോ ന്യൂനതകൾ വരികയോ ചെയ്‌'താൽ പകരം മറ്റൊന്നിനെ അറക്കൽ നിർബന്ധമില്ല. തന്റെ വീഴ്ച കൊണ്ടാണ്‌ സംഭവിച്ചതെങ്കിൽ അതിനെ അറക്കുന്നതോടൊപ്പം ന്യൂനതയില്ലാത്ത മറ്റൊന്നിനെക്കൂടി അറക്കണം. ഉള്‌ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും ഇത്‌ രണ്ടിനും ബാധകവുമായിരിക്കും. നിർണ്ണിത മൃഗത്തെ ഉദ്ദേശിക്കാതെ നേർച്ചയാക്കി പിന്നീട്‌ ഒരു മൃഗത്തെ നിർണ്ണയിക്കുകയാണെങ്കിൽ അത്‌ ന്യൂനതകൾ ഇല്ലാത്തതായിരിക്കണം. പിന്നീട്‌ അതിന്‌ ന്യൂനതകൾ വന്നാൽ തന്റെ വീഴ്ച ഇല്ലാതെയാണെങ്കിലും അതിനെ അറത്താൽ മതിയാകില്ല. പകരം മറ്റൊന്നിനെ അറക്കണം. ആദ്യമൃഗം തന്റെ ഉടമയിലേക്ക്‌ തന്നെ വരുന്നതാണ്‌.


*മാംസവും തോലും*

....നിർബന്ധമായ ഉള്‌ഹിയ്യത്തിന്റെ തോലും കൊമ്പും മാംസവും മുഴുവനായും ദാനം ചെയ്യൽ നിർബന്ധമാണ്‌. അതിൽ നിന്ന് അൽപം പോലും അറത്തവൻ ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ചാൽ അതിന്റെ തോത്‌ സാധുക്കൾക്ക്‌ നൽകാൻ അവൻ ബാദ്ധ്യസ്ഥനാണ്‌. സുന്നത്തായ ഉള്‌ഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് അൽപമെങ്കിലും സാധുക്കൾക്ക്‌ ദാനം ചെയ്യൽ നിർബന്ധമാണ്‌. ആമാശയമോ, കരളോ, കഷ്‌'ണമാക്കി വെയിലിൽ ഉണക്കിയ മാംസമോ, വേവിച്ചതോ കൊടുത്താൽ മതിയാവില്ല. മാംസം മുഴുവനായി ഭക്ഷിക്കുകയോ സാധുക്കളല്ലാത്തവർക്ക്‌ നൽകുകയോ ചെയ്‌'താൽ നിർബന്ധ ബാധ്യത വീടാൻ വേണ്ടത്‌ അവൻ വാങ്ങിയോ മറ്റോ കൊടുക്കേണ്ടി വരും. ബാധ്യത വീട്ടാൻ കൊടുക്കുന്നത്‌ അറത്ത നാട്ടിൽ തന്നെയാവൽ നിബന്ധനയാണ്‌. നിർബന്ധമായ ഉള്‌ഹിയ്യത്തല്ലെങ്കിൽ തന്റെ ഉള്‌ഹിയ്യത്തിൽ നിന്ന് അറത്തവന്‌ ഭക്ഷിക്കൽ സുന്നത്തുണ്ട്‌. അത്‌ അൽപമാവലും കരളാവലുമാണ്‌ ശ്രേഷ്ടം. ഉള്‌ഹിയ്യത്തിന്റെ മാംസം, തോൽ, കൊമ്പ്‌, എന്നിവ അമുസ്‌'ലിമിനു നൽകലോ വിൽപന നടത്തലോ അറത്തവന്റെ കൂലിയായി നൽകലോ അനുവദനീയമല്ല. സ്വയം ഉപയോഗിക്കുകയോ ദാനം ചെയ്യുകയോ വേണം. തോൽ വിറ്റ്‌ അതിന്റെ വില ദാനം ചെയ്‌'താൽ മതിയെന്ന ഒരഭിപ്രായമുണ്ട്‌.........
.........

Thursday, 28 June 2018

വാസ്തു ശാസ്ത്രം....









       *കന്നിമൂല യാഥാർത്ഥ്യമെന്ത്...?*

വീട് മറ്റു നിർമ്മിതകൾ
തുടങ്ങിയവയുടെ നിർമ്മാണാനുബന്ധമായി
തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി
മാർഗ്ഗ നിർദ്ദേശങ്ങളും നിയമങ്ങളുമുണ്ട്.

ഈ നിയമ നിർദ്ദേശങ്ങളിൽ ചിലത് ഇസ്ലാമിക
വിരുദ്ധവും മറ്റു ചിലത് മതപരമായി
എതിർക്കപ്പെടേണ്ടാത്തതുമാണ്.

ഇവയിൽ ഇസ്ലാമിക
വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്.


വാസ്തു ശാസ്ത്രത്തിൽ പറയുന്ന
കാര്യങ്ങളെല്ലാം ഇസ്ലാമിക
വിരുദ്ധമെന്ന് പറയുക
സാധ്യമല്ലെങ്കിലും
*വാസ്തു പൂജ, വാസ്തു ബലി* പോലോത്തവ തെറ്റും
മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന്
കളങ്കമേൽപ്പിക്കുന്നതുമാണ് (ശിർക്ക്)
എന്നതില് ഒട്ടും സംശയമില്ല.

ഇതുപോലെ തന്നെ
നിശിദ്ധവും (ഹറാം) അനുകരിക്കാൻ
പാടില്ലാത്തതുമായ നിർദ്ദേശങ്ങൾ
വേറെയുമുണ്ട്.
 അഥവാ,
ഇസ്ലാമിക
കർമ്മ-വിശ്വാസ ശാസ്ത്രങ്ങൾക്ക് വിരുദ്ധമായ
കാര്യങ്ങളെ ഒരിക്കലും
നീതീകരിക്കാനാവില്ല എന്ന്
ചുരുക്കം.

ഇനി, പ്രയോഗതലത്തിലേക്ക് വരുമ്പോൾ
മുസ്ലിംകൾ
വാസ്തു ബലി, വാസ്തു പൂജ
തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങൾ
ചെയ്യുകയോ ചെയ്യിക്കുകയോ
ഇല്ലെന്നതാണ് വസ്തുത.
എന്നാൽ
മതവിരുദ്ധമല്ലാത്ത കാര്യങ്ങൾ
കേവലം
*തച്ചുശാസ്ത്രത്തിന്റെ ഭാഗമാണ്* എന്നതു
കൊണ്ട്
എതിർക്കപ്പെടേണ്ടതില്ല എന്ന
കാര്യം ഏറെ പ്രസക്തമാണ്.

വാസ്തു ശാസ്ത്രമെന്നാൽ പലരും
ധരിച്ചുവെച്ചിരിക്കുന്ന പോലെ
കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും
മാത്രമല്ല.

 ചിലയിടങ്ങളിൽ വീടു
വെക്കരുതെന്നും
വീടെടുത്താൽ ദോശകരമായി
ബാധിക്കുമെന്നും വാസ്തുശാസ്ത്രം
നമ്മെ ബോധിപ്പിക്കുന്നുണ്ട്.

ഉദാഹരണമായി
ഹൈന്ദവ ആരാധനാ
കേന്ദ്രങ്ങളായ അമ്പലങ്ങളുടെ
സമീപങ്ങളിൽ
വീടു
വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര
വിദഗ്ദ്ധർ തന്നേ പറയുന്നുണ്ട്.

 എന്നാൽ
ഇസ്ലാമികമായി ഇത്തരം സ്ഥലങ്ങളിൽ
വീട്, കെട്ടിടങ്ങൾ മുതലായവ പണി
കഴിക്കുന്നതിന്ന് വിരോധമില്ലെങ്കിൽ
പോലും പൈശാചികമായ ഉപദ്രവങ്ങൾക്ക്
സാധ്യതയേറെയാണ്.

കാരണം
സത്യനിഷേധികളുടെ ആരാധനാ മൂർത്തികൾ
നമ്മുടെ കാഴ്ചപ്പാടിൽ
പൈശാചിക
ശക്തികളാണ്.

ഇതുപോലെത്തന്നെയാണ്
കന്നിമൂലയിലെ ശൗചാലയ നിർമാണം,
ശൗചാലയത്തിനുള്ള കുഴി തുടങ്ങിയവയുടെ
നിർമ്മാണവും.

ഇത്തരം നിർമ്മിതികൾ
അവരുടെ ദേവന്മാരുടെ
കോപത്തിന്നും അപ്രീതിക്കും
വഴിവെക്കുമെന്നാണ് അവരുടെ
വിശ്വാസം.

അഥവാ,
നാം
ശൈത്താന്മാരെന്ന്
 വിളിക്കുന്ന
*ദേവൻ,ദേവി, അസുരൻ, ഭൂതങ്ങൾ* തുടങ്ങിയവരുടെ
ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നർത്ഥം.

പിശാചുക്കൾ ഉപദ്രവം
ചെയ്യുമെന്ന് വിശ്വസിക്കുന്നത്
ഒരിക്കലും നമ്മുടെ
ആശയാദർശങ്ങൾക്ക് വിരുദ്ധമല്ല താനും.

മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ
കുറിച്ച് വിശുദ്ധ ഖുർആൻ തന്നെ
പ്രതിപാദിക്കുന്നുമുണ്ട്.

*മറ്റൊരുകാര്യം,*

നാം ശത്രുവിന്റെ
കഴിവിനെ അംഗീകരിച്ചു
കൊടുക്കുന്നത് അവരോടുള്ള
ആദരവുകൾ കൊണ്ടോ ബഹുമാനം
കൊണ്ടോ അല്ല. മറിച്ച് അവരുടെ
ഉപദ്രവങ്ങളിൽ
നിന്ന് രക്ഷ നേടാൻ വേണ്ടി
മാത്രമാണ്.
ഉദാഹരണത്തിന്
ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു
സർപ്പമുണ്ടെന്ന് ഒരാൾ അറീച്ച് തന്നാൽ


അയാൾ ഇതര സമുദായത്തിലെ
പ്രതിനിധിയാണെങ്കിൽ
പോലും
സർപ്പത്തെ കൊന്നു
കീഴടക്കാൻ മാത്രം ശേഷിയില്ലാത്ത ഒരാൾ
അവിടേക്ക് പോവാതിരിക്കുന്നതിനെ
നമുക്കെങ്ങിനെ
എതിർക്കാനാവും? (സർപ്പത്തോടുള്ള
വിധേയപ്പെടലായി ഈ ഒഴിഞ്ഞു
മാറലിനെ എങ്ങിനെയാണ്
വിലയിരുത്താനാവുക?)

ഇസ്ലാമിക ശരീഅത്ത്
സ്വഭൂമിയിലെവിടെയും
വീടെടുക്കാൻ അനുമതി
നൽകെത്തന്നെ പഞ്ചായത്ത്,
മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം
അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചു
മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ.
അപ്രകാരം തന്നെയാണ് വാസ്തു
ശാസ്ത്ര നിയമങ്ങൾ പാലിക്കുന്നതും.


*പിശാചുക്കൾക്ക് കഴിവുണ്ടോ?*

ജിന്ന്, ശൈത്വാന് ഇവ രണ്ടും ഒരു
വിഭാഗമാണെന്നാണ് ഭൂരിപക്ഷ
പണ്ഡിതന്മാരുടെയും പക്ഷം.

മുസ്ലിം ആണെങ്കിൽ *ജിന്ന്*
എന്നും കാഫിറാണെങ്കില് *ശൈത്വാൻ* എന്നും
വിളിക്കപ്പെടുന്നുവെന്നതാണ്
പ്രബലാഭിപ്രായം.

വ്യത്യസ്ഥ തരം
പിശാചുക്കളെ കുറിച്ചും ഇസ്ലാമിക
ഗ്രന്ഥങ്ങളിൽ തന്നെ കാണാം.

ഇഫ്രീത്ത്
വിഭാഗത്തിന്റെ അസാധാരണമായ
ശക്തി വൈഭവത്തെ കുറിച്ച്
സൂറത്തുന്നംലിലെ 39-ാം
സൂക്തത്തിൽ കാണാം.

സൂറത്തുസ്സബഅ് 13-ാം സൂക്തവും
സൂറത്തുൽ അമ്പിയാഅ് 82-ാം സൂക്തവും
സൂറത്തുൽ ബഖറ 168-ലും മറ്റുമായി പിശാച് മനുഷ്യന്റെ
കഠിന ശത്രുവാണെന്ന ഖുർആന്റെ
ഓർമ്മപ്പെടുത്തൽ ഇവിടെ ചേർത്തു
വായിക്കേണ്ടതാണ്.

 *പിശാച് മനുഷ്യന്റെ എതിരാളിയാണെന്ന്* ഖുർആനും
 *വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന വിപത്തുകളെ* കുറിച്ച്
പിശാചിന്റെ സിൽബന്ധികളായ ഹൈന്ദവ
സഹോദരങ്ങളും മുന്നറിയിപ്പ് നൽകുന്ന
സാഹചര്യത്തിൽ ഇസ്ലാമിക വിരുദ്ധമല്ലാത്ത
അത്തരം നിര്ദ്ദേശങ്ങൾ പാലിക്കുന്നതു
കൊണ്ട് എന്തു പ്രശ്നമാണുള്ളത് ?

എന്നാൽ,
ഇത്തരം
മാനദണ്ഡങ്ങളൊന്നും
പാലിക്കാതിരുന്നിട്ടും
പ്രശ്നങ്ങളിലകപ്പെടാതെ
ജീവിതം മുന്നോട്ടു കൊണ്ടു
പോകുന്നവരുമുണ്ടല്ലോ എന്നു
ചോദിക്കുന്നവരുണ്ട്.


പലപ്പോഴും യാദൃശ്ചികമായി
തച്ചുശാസ്ത്ര നിയമങ്ങളുമായി യോജിച്ചു വരുന്ന
നിർമ്മാണമാണ് അതിന്റെ
കാരണങ്ങളിലൊന്നെന്ന്
പറയേണ്ടി വരും.

 മറ്റൊന്ന്,
മഹാന്മാരുടെ കാർമ്മികത്വത്തിൽ
നിർവ്വഹിക്കപ്പെട്ട
നിർമാണമാണെങ്കിൽ അവരുടെ
ആത്മീയ ശക്തി കൊണ്ട്
പ്രശ്നങ്ങളെല്ലാം
പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

*വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

ഭൂമിയിൽ മനുഷ്യ വാസത്തിന് യോഗ്യമല്ലാത്ത
ചിലയിടങ്ങളുണ്ട്.
 മനുഷ്യസൃഷ്ടിപ്പിനു മുമ്പേ സൃഷ്ടിക്കപ്പെട്ട
ജിന്ന്, ശൈത്വാന്മാരും
ഈ ഭൂമിയില്
തന്നെയാണല്ലോ വസിച്ചു പോകുന്നത്.

നമ്മുടെ പ്രത്യക്ഷ ശത്രുവായ അവർ
തങ്ങളുടേതെന്ന് കരുതുന്ന ഭൂമിയാണ്
നാം വീടു വെക്കാൻ
തെരെഞ്ഞെടുക്കുന്നതെങ്കിൽ
അവർ നമ്മെ
ഉപദ്രവിക്കാൻ സാധ്യത കൂടുതലാണ്.

അവരെ ആ സ്ഥലത്ത് നിന്ന്
കെട്ടുകെട്ടിക്കാന് കഴിവില്ലാത്ത
പക്ഷം അത്തരം സ്ഥലങ്ങൾ
ഉപേക്ഷിക്കുകയെന്നത് മാത്രമാണ്
നമുക്ക് ചെയ്യാനാവുക.

ചുരുക്കത്തിൽ,
ഒരു സാധാരണ മനുഷ്യനെ
സംബന്ധിച്ചേടത്തോളം വീട്
നിർമ്മാണനിയമങ്ങൾ പാലിക്കുന്നതു
തന്നെയാണ് അവന്റെ
ആരോഗ്യത്തിന് ഗുണകരം.

മഴ, വെയിൽ
തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ
പരിഗണിച്ച്, രോഗാണുക്കൾ, വിഷ ജന്തുക്കൾ
തുടങ്ങിയവയൊക്കെ
പരിഗണിച്ച് അവയെ പ്രതിരോധിക്കാൻ
പ്രാപ്തമായ രീതിയിൽ ഗൃഹനിർമ്മാണം
നിർവ്വഹിക്കാറില്ലേ. എന്നാൽ നമ്മുടെ
ആജന്മ ശത്രുവായ പിശാചിന്റെ
അക്രമണ, ഉപദ്രവങ്ങളിൽ നിന്ന് രക്ഷ നേടാൻ
ചില നിയമങ്ങൾ നമുക്കും പാലിച്ചുകൂടേ..?!

*ഇനി വീട്, സ്ഥലം മുതലായവയുടെ ഗുണദോഷങ്ങളെ കുറിച്ച് പ്രമാണങ്ങൾ പരാമർശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം*

സൂറത്തുൽ ഇസ്റാഇൽ ബൈത്തുൽ മുഖദ്ദസ്
കുടികൊള്ളുന്ന അതിന്റെ
ചുറ്റുപാടും
അനുഗ്രഹിക്കപ്പെട്ടതാണ്
(ബറക്കത്ത്
ചെയ്യപ്പെട്ടതാണ്) എന്ന്
പറഞ്ഞിട്ടുണ്ട്.

എന്നാൽ,
ചില നാടുകളെയും
പ്രദേശങ്ങളെയും കുറിച്ച് മോശമായും
ചിലയിടങ്ങളിൽ അല്ലാഹുവിന്റെ
കോപവും ശിക്ഷയും ഇറങ്ങിയതായും
പ്രമാണങ്ങളിൽ കാണാനാവും.
 മാത്രമല്ല,
യാത്രക്കിടയിലും മറ്റും അത്തരം
സ്ഥലങ്ങൾ അതിവേഗം
വിട്ടുകടക്കണമെന്ന്
ഹദീസുകളിലുമുണ്ട്.

 അനസ് (റ)
നിവേദനം ചെയ്ത ഹദീസ്
ഇങ്ങിനെയാണ്,
 അൻസ്വാരികളിൽപെട്ട ഒരു വ്യക്തി പ്രവാചകനോട്
പറഞ്ഞു:
ഞങ്ങൾ
ഒരു വീട്ടിലായിരുന്നു.
അവിടെ ഞങ്ങൾ ഒത്തിരി പേരുണ്ടായിരുന്നു,
ധാരാളം സമ്പത്തുമുണ്ടായിരുന്നു.
എന്നാൽ
ഞങ്ങൾ താമസം മാറിയപ്പോൾ
ഞങ്ങളുടെ അംഗബലവും
സാമ്പത്തിക ഭദ്രതയും കുറഞ്ഞു.

 ഇതു കേട്ട
പ്രവാചകൻ(സ്വ) പറഞ്ഞു:
നിങ്ങൾ
നിന്ദ്യമായ നാടിനെ ഉപേക്ഷിച്ചു പോവുക.
 ﻋﻦ ﺍﻧﺲ ﺑﻦ ﻣﺎﻟﻚ ﻗﺎﻝ ﺟﺎﺀ ﺭﺟﻞ ﻣﻦ ﺍﻻﻧﺼﺎﺭ ﺇﻟﻰ ﺭﺳﻮﻝﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
 ﻓﻘﺎﻝ: ﻳﺎﺭﺳﻮﻝ ﺍﻟﻠﻪ ﺍﻧﺎ ﻛﻨﺎ
ﻓﻲ ﺩﺍﺭ
 ﻛﺜﻴﺮ ﻓﻴﻬﺎ ﻋﺪﺩﻧﺎ ﻭﻛﺜﻴﺮ ﻓﻴﻬﺎ ﺍﻣﻮﺍﻟﻨﺎ
 ﺛﻢ ﺗﺤﻮﻟﻨﺎ
ﺇﻟﻰ ﺩﺍﺭ ﺍﺧﺮﻯ
 ﻓﻘﻞ ﻓﻴﻬﺎ ﻋﺪﺩﻧﺎ ﻭﻗﻠﺖ ﻓﻴﻬﺎ ﺍﻣﻮﺍﻟﻨﺎ
ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ:
 ﺩﻋﻮﻫﺎ ﺫﻣﻴﻤﺔ
(സുനനുൽ കുബ്റ, ബൈഹഖി)


*ഒന്നിനു പിറകെ ഒന്നായി ആളുകൾ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണ്* വീടിന്റെ
അപശകുനത്തെ കുറിച്ച്
ചോദിക്കപ്പെട്ടപ്പോൾ ഇമാം മാലിക് (റ)
നൽകിയ ഈ മറുപടി ഇവിടെ
വളരെയധികം പ്രസക്തമാണ്.

 ﻗَﺎﻝَ ﺃَﺑُﻮ
ﺩَﺍﻭُﺩَ ﻗُﺮِﺉَ ﻋَﻠَﻰ ﺍﻟْﺤَﺎﺭِﺙِ ﺑْﻦِ ﻣِﺴْﻜِﻴﻦٍ ﻭَﺃَﻧَﺎ ﺷَﺎﻫِﺪٌ ﺃَﺧْﺒَﺮَﻙَ
ﺍﺑْﻦُ ﺍﻟْﻘَﺎﺳِﻢِ ﻗَﺎﻝ
َ ﺳُﺌِﻞَ ﻣَﺎﻟِﻚٌ ﻋَﻦِ ﺍﻟﺸُّﺆْﻡِ ﻓِﻰ ﺍﻟْﻔَﺮَﺱِ
ﻭَﺍﻟﺪَّﺍﺭِ
ﻗَﺎﻝَ
*ﻛَﻢْ ﻣِﻦْ ﺩَﺍﺭٍ ﺳَﻜَﻨَﻬَﺎ ﻧَﺎﺱٌ ﻓَﻬَﻠَﻜُﻮﺍ ﺛُﻢَّ ﺳَﻜَﻨَﻬَﺎ ﺁﺧَﺮُﻭﻥَ ﻓَﻬَﻠَﻜُﻮﺍ*
 ﻓَﻬَﺬَﺍ ﺗَﻔْﺴِﻴﺮُﻩُ ﻓِﻴﻤَﺎ ﻧَﺮَﻯ ﻭَﺍﻟﻠَّﻪُ ﺃَﻋْﻠَﻢ.

താമസയോഗ്യമല്ലാത്ത
സ്ഥല-സാഹചര്യങ്ങളുണ്ടെന്ന്
ഇവയിൽ നിന്ന്
മനസ്സിലാക്കാം.

അതുകൊണ്ടുതന്നെ വീട് എടുക്കുന്നതിനു മുമ്പ്
സ്ഥലസാഹചര്യങ്ങൾ
വാസയോഗ്യമാണോ എന്ന് തീർച്ചയായും
പരിശോധിക്കേണ്ടതാണ്.

ഇനി, വീട്
താമസയോഗ്യമല്ലെങ്കില് അവിടുന്ന്
മാറിത്താമസിക്കണമെന്നാണ് പ്രവാചകന്
(സ്വ)-യുടെ വാക്ക്.


മറ്റു നാടുകളോട്/പ്രദേശങ്ങളോട് താരതമ്യം
ചെയ്യുമ്പോൾ ഇന്ത്യയിൽ
വാസ്തു
സംബന്ധിയായ പ്രശ്നങ്ങൾ ധാരാളമാണ്.

നമ്മുടെ രാഷ്ട്രം ഹൈന്ദവ/ ഇസ്ലാമേതര
സംസ്കാരങ്ങളുടെ
കളിത്തൊട്ടിലായിരുന്നതിനാൽ
തന്നെ ഇവിടെ ക്ഷേത്ര,
പ്രതിഷ്ഠകൾ ധാരാളമുണ്ടെന്നതും
പൈശാചിക ബാധക്ക്
സാധ്യതയേറെയുള്ളതാണെന്നതും
തന്നെയാണ് അതിനു കാരണം.

നമ്മുടെ മുൻഗാമികളായ പണ്ഡിത
ശ്രേഷ്ഠരും മഹത്തുക്കളും
 വീട്,
സ്ഥല നിർണ്ണയത്തെ
എതിർത്തിരുന്നില്ല എന്നതു തന്നെ ഈ
നിയമങ്ങൾ
പാലിക്കപ്പെടേണ്ടതാണെന്നതിലേക്കുള്ള സൂചനയാണ്.


ഇനി, വാസ്തു സംബന്ധമായ
പ്രശ്നങ്ങൾ പരിഹരിക്കാൻ *ദൈവസ്മരണ/ ദിക്റുകൾ പതിവാക്കിയാൽ* മതിയല്ലോ എന്ന സംശയം കൂടി ബാക്കിയുണ്ട്.

 നിബന്ധനയോടെ,
മനസ്സാന്നിധ്യത്തോടെയുള്ള ദിക്റുകൾക്ക്
ഇവയെ ചെറുത്തു
തോൽപ്പിക്കാനാവില്ലെന്ന് പറയാനാവില്ല.

എന്നാൽ,
എല്ലാവരും ദിക്ർ
പതിവാക്കുന്നവരാണോ ?
ദിക്റിനെ കുറിച്ച്
ബോധവാന്മാരാണെങ്കിൽ കൂടി അവ
സ്വീകാര്യമായാലല്ലേ ഉദ്ദേശ്യം
സഫലമാവുകയുള്ളൂ ?

 മാത്രമല്ല,
മേലുദ്ദരിക്കപ്പെട്ട ഹദീസുകളിൽ
പ്രതിവിധിയായി ദിക്റുകൾ നൽകുകയല്ല മറിച്ച്
വീട് മാറിപ്പോകാൻ നിർദ്ദേശിക്കുകയായിരുന്നു
പ്രവാചകൻ സ്വീകരിച്ച രീതി
എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്.


പൂർവ്വസൂരികളായ *ശൈഖുനാ ശംസുൽ ഉലമ*
അടക്കമുള്ള പല മഹാന്മാരും പണ്ഡിത
ശ്രേഷ്ഠരും
വീടിന്റെയും
സ്ഥലത്തിന്റെയും ദോഷമുള്ളിടത്ത്
നിന്ന് മാറിത്താമസിക്കാൻ പറഞ്ഞതിന്ന്
നിരവധി തെളിവുകളുണ്ട്.
***************


ഫുട്ബോൾ ജ്വരം....


                 






            മലബാറും ഫുട്ബോൾ മാനിയയും

 ന്യൂ ജന്‍ കാലത്തെ വിചാരങ്ങൾ ...

   മലബാറിലെ മുസ്‌ലിം സംസ്‌കാരം അതിസമ്പന്നമാണ്. സാംസ്‌കാരിക നേതാക്കളും നവോത്ഥാന പ്രവര്‍ത്തകരും ഒരുപാട് ജീവിച്ച നാടാണ് മലബാര്‍. അധിനിവേശ ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി നിന്ന് പോരാടി ഇന്ത്യാ മഹാരാജ്യത്തിന് അസ്ഥിവാരമിടുന്നതില്‍ മലബാറിലെ മാപ്പിളമാര്‍ക്കും അവരുടേതായ പങ്കുണ്ട്...

ബ്രട്ടീഷുകാര്‍ക്കെതിരേയും അതിനു മുമ്പ് കടന്നുവന്ന കൊളോണിയല്‍ ശക്തികള്‍ക്കെതിരേയും ആദര്‍ശ സംരക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്തവരാണ് നമ്മളെ നമ്മളാക്കിയവര്‍.
ബ്രട്ടീഷുകാരുടെ സംസ്‌കാരത്തിനും ആശയത്തിനും കീഴടങ്ങാത്ത മാപ്പിളമാര്‍ക്കെതിരെ അവരുടെ തീ തുപ്പുന്ന തോക്കുകള്‍ക്കും പീരങ്കികള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സ്വന്തം മതവും രാജ്യവും നിഷ്‌കര്‍ഷിക്കുന്ന സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്നതില്‍ വിട്ടു വീഴ്ച വരുത്താത്ത നമ്മുടെ മുന്‍ഗാമികള്‍ നിസ്സഹകരണ പ്രസ്ഥാനങ്ങളിലും ഇംഗ്ലീഷ് വിരുദ്ധ സമരങ്ങളിലും ഉപരോധങ്ങളിലും വിജയിച്ചുവെന്നത് ആദര്‍ശത്തോടുള്ള പ്രതിബദ്ധത ഒന്നു കൊണ്ട് മാത്രമായിരുന്നു...

  ഉമര്‍ ഖാളി (റ) യുടെ നികുതി നിഷേധ സമരങ്ങളും, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്വതന്ത്ര പ്രാദേശിക ഭരണകൂടങ്ങളും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാവുന്നത് അങ്ങനെയാണ്. ആദര്‍ശ സംരക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്തവരായിരുന്നു ബദ്‌റിലെ പോരാളികള്‍. ബദ്‌റിന്റെ  പോര്‍ക്കളത്തില്‍ സായുധസജ്ജരായ തൊള്ളായിരത്തോളം വരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളെ നേരിട്ട സ്വഹാബികളുടെ ലക്ഷ്യം ഇസ്‌ലാം മതത്തിന്റെ സംരക്ഷണമായിരുന്നു.
ബദ്‌റില്‍ സ്വഹാബികള്‍ വിജയം വരിച്ചില്ലായിരുന്നെങ്കില്‍ ഇസ്‌ലാം അവിടെ ഇല്ലാതായേനേ. തങ്ങളുടെ പിന്‍ഗാമികളിലേക്ക് സത്യമതത്തിന്റെ ആഹ്വാനം എത്തണമെന്നും അതുവഴി  മുഹമ്മദ് *ﷺ* തന്റെ ഉമ്മത്ത് സന്മാര്‍ഗത്തിലാകണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു...

അപ്രകാരം, സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യം ലക്ഷ്യം വച്ചു കൊണ്ടായിരുന്നു പൂക്കോട്ടൂരിന്റെയും ഏറനാടിന്റെയും വള്ളുവനാടിന്റെയും മണ്ണില്‍ ആയുധസജ്ജരായ ബ്രിട്ടീഷ് സൈന്യത്തെ മാപ്പിളമാര്‍ നേരിട്ടത്. തങ്ങളുടെ മക്കള്‍ക്ക് സ്വൈര്യ ജീവിതം നയിക്കാനുള്ള ഒരവസരം ഉണ്ടാക്കിക്കൊടുക്കല്‍ കൂടി അവരുടെ ലക്ഷ്യമായിരുന്നു. സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാനും ജന്മഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാനും ആഗ്രഹമുണ്ടായിരുന്ന മാപ്പിളമാര്‍ അതിനു കണ്ടെത്തിയ ഏക വഴി ബ്രിട്ടീഷുകാരെ തുരത്തുക എന്നതായിരുന്നു. അതിനവര്‍ കിണഞ്ഞ് പരിശ്രമിക്കുകയും ഖിലാഫത്ത് മൂവ്‌മെന്റെ്, നിസ്സഹകരണ പ്രസ്ഥാനം, അച്ചടക്ക രാഹിത്യം (Disobedience) എന്നിവയിലൂടെ അതിനവര്‍ ശക്തി പകരുകയും ചെയ്തു...

ആദര്‍ശം മഹിമയായി കണ്ടിരുന്നവരായിരുന്നു നമ്മുടെ പ്രപിതാക്കള്‍. സ്വരാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുകവഴി ചീഞ്ഞളിഞ്ഞ യൂറോപ്യന്‍ സംസ്‌കാരത്തെ മലബാറിന്റെ മണ്ണില്‍നിന്ന് തുടച്ചു നീക്കാന്‍ അവര്‍  ആവത് ശ്രമിച്ചു. 1947 ആഗസ്റ്റ് പകുതിയുടെ യാമങ്ങളില്‍ അവര്‍ ആ ലക്ഷ്യം സാക്ഷാല്‍കരിച്ചപ്പോള്‍ മാപ്പിള സംസ്‌കാരത്തിനും പൈതൃകത്തിനും പുതു ജീവന്‍ കൈവരികയായിരുന്നു...

   സ്വാതന്ത്ര്യാനന്തര മലബാറില്‍ വലിയ തോതില്‍ സാംസ്‌കാരിക പതനം സംഭവിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുടെ വിഷവിത്തുകള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ ആത്മീയമായി ജീവിച്ചിരുന്ന ഒരു സമുദായം ഇവിടെയുണ്ടായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അതിനെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്തിരുന്നു അവര്‍...

പക്ഷേ, കാലങ്ങള്‍ കൊണ്ട് നമ്മുടെ മുസ്‌ലിം സമുദായം വലിയ മാറ്റത്തിന് വിധേയമായിരിക്കുന്നു. ഫുട്ബോൾ സംസ്‌കാരം ഒരു തരം അധഃപതനത്തിലേക്കാണ് സമുദായത്തെ തള്ളിയിട്ടിരിക്കുന്നത്. ഒരു കാലത്ത് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മലപ്പുറം ഇന്ന് കളിഭ്രാന്തിന്റെ പടുകുഴിയില്‍ നൃത്തം ചവിട്ടുകയാണ്.  അല്‍പം മുമ്പ് വരെ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിം യുവാക്കളും പള്ളിദര്‍സുകളില്‍ പഠിക്കുന്ന മുതഅല്ലിമീങ്ങളായിരുന്നു. കഷ്ടപ്പാടിന്റെയും പരിവട്ടത്തിന്റെയും ഇടയില്‍ ജീവിച്ചിരുന്ന അവര്‍ക്കുള്ള ഏക ആശ്രയം പള്ളിദര്‍സുകളായിരുന്നു. ആത്മീയമായും സാംസ്‌കാരികമായും മതകീയമായും പുരോഗതി പ്രാപിച്ച അത്തരം യുവാക്കള്‍ നമുക്കിടയില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്നു...

   നാട്ടിലെ കാരണവന്മാര്‍ക്ക് പകരം നില്‍ക്കാന്‍ കഴിയുന്നവരോ, ഉസ്താദുമാര്‍ക്ക് പകരം ഇമാമത്ത് നില്‍ക്കാന്‍ കഴിയുന്നവരോ നമുക്കിടയില്‍ ഇന്ന് വിരളമാണ്. ഇത്തരം കാഴ്ചകള്‍ നമ്മുടെ ഭാവി പതനത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അനര്‍ഹരായവര്‍ മഹല്ലിന്റെ നേതൃ സ്ഥാനത്തെത്തുന്നതും മഹല്ല് കാര്യങ്ങളില്‍ നിരന്തരം സംഘട്ടനങ്ങള്‍ നടക്കുന്നതും ഇത്തരം കാരണങ്ങള്‍ കൊണ്ടാണ്. മതവിജ്ഞാന സദസ്സുകളും ദര്‍സ് സംവിധാനങ്ങളും പരാജയപ്പെടുന്നതും ഭൗതിക കലാലയങ്ങള്‍ അടിക്കടി വര്‍ധിക്കുന്നതും ഈ പതനത്തിന്റെ മുന്നോടിയായി മാത്രമേ മനസ്സിലാക്കാനാവൂ. മുസ്‌ലിങ്ങളുടെ വിശിഷ്യാ മലബാറുകാരുടെ പതനത്തിന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണ്...

നമ്മുടെ സാംസ്‌കാരിക പതനം  കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ഒരിക്കലും നമുക്കിടയില്‍നിന്ന് ഉണ്ടാകാനേ പാടില്ല. പത്ര മാധ്യമങ്ങളും മറ്റും നമ്മുടെ പതനത്തിന് വ്യഗ്രത കൂട്ടുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മലപ്പുറത്തെ മുസ്‌ലിം യുവാക്കളില്‍ കളിക്കമ്പം നിറച്ചു കൊണ്ട് ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് അവരെ വിട്ട് നിര്‍ത്തലാണ് പലരുടെയും ലക്ഷ്യം. ലോകം ഫുട്‌ബോള്‍ ലോകകപ്പിനു വേണ്ടി തയ്യാറായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ മുസ്‌ലിം സമുദായത്തെ അവര്‍ വലിയ തോതില്‍ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു...

   കുരിശ് യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്യര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ കണ്ടെത്തിയ ഒരു തന്ത്രമായിരുന്നു ഇത്. ആശയപരമായി ഇസ്‌ലാമിന് വെല്ലുവിളിയുയര്‍ത്തി ഈ സത്യ മതത്തെ തകര്‍ക്കാനായിരുന്നു അവരുടെ പദ്ധതി. വിജയം കാണാത്ത ഇത്തരം പദ്ധതികള്‍ കേരളത്തിലും പ്രായോഗവല്‍ക്കരിക്കാനാണ് അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഓശാന പാടുന്ന മുസ്‌ലിം നാമധാരികളായ ക്ലബ് അധികൃതര്‍ ഇന്ന് നമുക്കിടയില്‍ ഏറെയാണ്. സ്വന്തം സംസ്‌കാരത്തെയാണ് ഇവര്‍ നശിപ്പിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം ക്ലബുകളുടെ നേതൃത്വത്തിലാണ് മലബാറിലെ സെവന്‍സുകളും ഫൈവ്‌സുകളും അരങ്ങേറുന്നത്.  പുണ്യ റസൂല്‍ *ﷺ* പവിത്രമാക്കിയ ഇശാ മഗ്‌രിബിനിടയിലാണ് ഇത്തരം മത്സരങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പ്രസ്തുത സമയത്ത് സംസാരം കുറക്കണമെന്നും ഇബാദത്തില്‍ ഏര്‍പ്പെടണമെന്നും പ്രവാചകരും നമ്മുടെ പ്രപിതാക്കളും നമ്മോട് കല്‍പിച്ചതാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായിട്ടാണ് മിക്കവരും ഇത്തരം മാമാങ്കങ്ങളെ കാണുന്നത്...

  ഇത്തരുണത്തില്‍, അമിതമായി പണം ചെലവഴിക്കുന്ന ഫുട്‌ബോള്‍ മേളകള്‍ക്ക് നാമെന്തിനു സമയം ചെലവഴിക്കണം..? റഷ്യ ലോകകപ്പിനുള്ള ബ്രസൂക്ക, അഡ്ഡിഡാസിന്റെ ഫാക്ടറിയിലും ഭാഗ്യ ചിഹ്നം ഫുലേക്കോ ചൈനയുടെ ഫാക്ടറികളിലും തയ്യാറായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ഓഫ്‌സെറ്റ് പ്രിന്റുകളില്‍ പണം പൊടിക്കുന്ന ഫ്‌ളക്‌സുകള്‍ നാമെന്തിന് തയ്യാറാക്കണം..?
നാം ആട്ടിയോടിച്ച ബ്രിട്ടീഷുകാരന്റെയും പോര്‍ചുഗീസുകാരന്റെയും ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും സംസ്‌കാരമാണ് നാം നമ്മുടെ തെരുവോരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പരസ്പരം വാശിയോടെ ഫാന്‍സനുസരിച്ച് ടീമുകള്‍ തിരിച്ച് കളിക്കളത്തില്‍ തര്‍ക്കങ്ങള്‍ വിതയ്ക്കുന്ന സൗഹൃദ മത്സരങ്ങളും വാശിയേറിയ വാതുവയ്പുകളും നമുക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നു...

  ആദര്‍ശം പണയം വയ്ക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ കാര്‍ന്നു തിന്നുന്നുവെന്ന സത്യം നാം മനസ്സിലാക്കണം. ബ്രട്ടീഷുകാര്‍ക്കെതിരേ ആദര്‍ശ സംസ്‌കാര സംരക്ഷണത്തിന് യുദ്ധം ചെയ്ത മുന്‍ഗാമികളുടെ പിന്‍തലമുറക്കാരായ നാം ഇത്തരം സംസ്‌കാരങ്ങളെയും ആട്ടിയോടിക്കേണ്ടതുണ്ട്. അപ്പോഴാണ് യുവത യുവത്വത്തെയും മുസ്‌ലിം ഇസ്‌ലാമിനെയും മനസ്സിലാക്കുന്നത്...

 യഥാര്‍ത്ഥത്തില്‍, മലബാറിനെ തിരഞ്ഞു പിടിച്ച് സംസ്‌കാരിക ഉന്‍മൂലനം നടത്താനുള്ള ചിലരുടെ ശ്രമമാണിത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന അച്ചടി മാധ്യമങ്ങള്‍ മലബാറിലേക്കെത്തുമ്പോള്‍ ഫുട്‌ബോള്‍ സപ്ലിമെന്റുകളിറക്കുന്നു. മലബാറിലെ മുസല്‍മാന്റെ ഈമാന് ക്ഷതം സംഭവിക്കുന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിന് വളംവച്ചു നല്‍കുന്ന നാം ചെയ്യുന്നത് രണ്ട് അപരാധങ്ങളാണ്. നമുക്ക് വേണ്ടി ത്യാഗം ചെയ്ത പ്രപിതാക്കളെ നാം ധിക്കരിക്കുന്നതോടൊപ്പം മുസ്‌ലിമെന്ന ലാബലില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് ഓശാന പാടുന്നു...

ഇതു വരെ അധികം മത്സരങ്ങള്‍ക്കും വേദിയായിരുന്നത് കൊച്ചിയായിരുന്നു. കൊച്ചിയിലെ ജനങ്ങള്‍ സത്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചില മാധ്യമങ്ങള്‍ അവര്‍ക്ക് സത്യം മനസ്സിലാക്കി കൊടുത്തിരിക്കുന്നു. ഈ വിധത്തിലുള്ള മത്സരങ്ങള്‍ ആപത്താണെന്നും സാംസ്‌കാരിക ഉന്മൂലനം ഉണ്ടാകുമെന്നും മനസ്സിലാക്കിയ അവര്‍ അതിനെ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനാലാണ് കൊച്ചി സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുന്നത്...

   ഫുട്‌ബോള്‍ ടീമുകളെ പുകഴ്ത്തി തെരുവുകളില്‍ ഫ്‌ളക്‌സുകള്‍ വര്‍ധിക്കുന്നതിനു മുമ്പ് തന്നെ ഇത്തരം പ്രവണതകള്‍ക്കെതിരേ നാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. പ്രപിതാക്കള്‍ കാണിച്ചു തന്ന പാതയില്‍ സഞ്ചരിച്ച് നമ്മുടെ സംസ്‌കാരത്തെ  സംരക്ഷിക്കല്‍ ഓരോ മാപ്പിള മുസ്‌ലിമിന്റെയും കടമയാണ്. അതിനാല്‍, ഇത്തരം സാംസ്‌കാരിക പതനത്തിന് കാരണമാകുന്ന നീച പ്രവൃത്തികള്‍ നമ്മില്‍ നിന്ന് തുടച്ചു നീക്കാന്‍ നാം ഛിദ്രതകള്‍ മറന്ന് ഏകീകരിക്കണം. എന്നാല്‍ നമുക്ക് നമ്മുടെ തലമുറയെ രക്ഷിക്കാനാവും...


*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...